പ്രസിഡന്‍റ് വ്ലാദിമിര്‍ പുട്ടിന്‍റെ വടക്കന്‍ റഷ്യയിലെ വസതി യുക്രയിന്‍ ആക്രമിച്ചെന്ന വാര്‍ത്തയോട് പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ്. പുട്ടിനില്‍ നിന്നും താന്‍ വിവരം അറിഞ്ഞെന്നും യുക്രയിന്‍റെ നടപടി തനിക്കിഷ്ടപ്പെട്ടില്ലെന്നും ട്രംപ് പറഞ്ഞു. സംഭവമറിഞ്ഞപ്പോള്‍ തനിക്ക് ദേഷ്യമാണ് തോന്നിയതെന്നും ഇത് ആക്രമണത്തിനു പറ്റിയ ശരിയായ സമയമല്ലെന്നും ട്രംപ് പറയുന്നു. ആക്രമിച്ചുവെന്ന ആരോപണത്തിനു തെളിവുകളുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതു കണ്ടെത്തുമെന്നായിരുന്നു ട്രംപിന്‍റെ മറുപടി.
അവര്‍ ആക്രമിക്കുന്നതുകൊണ്ട് തിരിച്ചാക്രമിക്കുന്നത് ഒരു കാര്യം. എന്നാല്‍ വീട് ആക്രമിക്കുന്നത് അതുപോലല്ല, ഇതൊന്നും ചെയ്യേണ്ട ശരിയായ സമയമല്ല ഇതെന്നും ട്രംപ് പറയുന്നു. പുട്ടിന്‍റെ വടക്കൻ റഷ്യയിലുള്ള വസതിയിൽ യുക്രെയ്ൻ ഡ്രോണാക്രമണം നടത്തിയെന്നായിരുന്നു വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്‍റോവിന്‍റെ ആരോപണം. ഇത്തരമൊരു ആക്രമണം നടത്തിയ സ്ഥിതിക്ക് യുക്രെയ്നുമായുള്ള സമാധാന ചർച്ചകളിൽ പുനരാലോചന ആവശ്യമാണെന്നും ലാവ്‍റോവ് പറഞ്ഞിരുന്നു.
എന്നാല്‍ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുട്ടിന്‍റെ വസതി ലക്ഷ്യമിട്ട് യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന റഷ്യയുടെ അവകാശവാദം നുണയാണെന്ന് യുക്രെയ്‌ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്‌കി. യുക്രെയ്നിലെ സർക്കാർ കെട്ടിടങ്ങൾ ലക്ഷ്യമിടാനാണ് റഷ്യ ഒരുങ്ങുന്നതെന്നും ഇതിന് മുന്നോടിയായാണ് ആരോപണങ്ങളെന്നും സെലന്‍സ്കി പറഞ്ഞു.