ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയ (80) അന്തരിച്ചു. അസുഖബാധിതയായി ധാക്കയിലെ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഹൃദയത്തിനും ശ്വാസകോശത്തിനും ഗുരുതരമായ പ്രശ്നങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് നവംബര്‍ 23നാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഖാലിദ സിയയുടെ മരണവിവരം ബംഗ്ലദേശ് നാഷനിലിസ്റ്റ് പാര്‍ട്ടിയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. ബംഗ്ലദേശിന്‍റെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് സിയ. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് സിയ നേരിട്ടത്. തുടര്‍ന്ന് വിദേശത്തേക്ക് വിദഗ്ധ ചികില്‍സയ്ക്കായി കൊണ്ടുപോകാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും അതിനുള്ള ആരോഗ്യസ്ഥിതിയില്‍ അല്ലാതിരുന്നതിനാല്‍ ബംഗ്ലദേശില്‍ തന്നെ ചികില്‍സ തുടരുകയായിരുന്നു.
മുന്‍ പട്ടാളമേധാവിയും പ്രസിഡന്‍റും ഭര്‍ത്താവുമായിരുന്ന സിയാവുർ റഹ്മാൻ 1981ൽ കൊല്ലപ്പെട്ടതോടെയാണ് ഖാലിദ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. 1991 ലെ തിരഞ്ഞെടുപ്പിൽ ഷെയ്ഖ് ഹസീനയെ പരാജയപ്പെടുത്തി പ്രധാനമന്ത്രിപദത്തിലെത്തി. പ്രസിഡൻഷ്യൽ ഭരണത്തിൽ നിന്നു പാർലമെന്ററി ജനാധിപത്യത്തിലേക്ക് രാജ്യത്തെ മാറ്റിയത് ഖാലിദയാണ്.