AI Image

TOPICS COVERED

28 വര്‍ഷം മുന്‍പ് ഗുഹയില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. പാക്കിസ്ഥാന്‍ സ്വദേശി നസീറുദ്ദീന്‍റെ മൃതദേഹമാണ് മഞ്ഞുപാളികള്‍ക്കിടയില്‍ നിന്നും കണ്ടെത്തിയത്. ശരീരം കേടുകൂട്ടാത്ത നിലയിലായിരുന്നുവെന്നും വസ്ത്രങ്ങൾ കീറിയിരുന്നില്ലെന്നും മൃതദേഹം കണ്ടെത്തിയ ആട്ടിയടനായ ഒമര്‍ ഖാന്‍ പറഞ്ഞു. 

മൃതദേഹം കണ്ടെത്തുമ്പോള്‍ ശരീരത്തില്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരുന്നു. 1997 ജൂണിലാണ് 31 കാരനായ നസീറുദ്ദീന്‍ പാകിസ്ഥാനിലെ കൊഹിസ്ഥാനില്‍ നിന്നും കാണാതാകുന്നത്. പർവതപ്രദേശത്തെ  സുപത് താഴ്‌വരയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് ഇയാള്‍ ഗുഹയില്‍ വീഴുന്നത്. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം വര്‍ഷങ്ങോളം തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. 

നസീറുദ്ദീന്റെ മൃതദേഹം 28 വർഷത്തോളമാണ് മഞ്ഞുപാളികള്‍ക്കിടയില്‍ മമ്മിഫൈ‍ഡ് ചെയ്ത നിലയില്‍ കിടന്നത്.  ശീതികരിച്ചതോടെ ഈർപ്പവും ഓക്സിജനും  കടക്കാതെ മൃതദേഹം സംരക്ഷിക്കപ്പെട്ടു. എന്നാല്‍ പാക്കിസ്ഥാനിലെ കാലാവസ്ഥ വ്യതിയാനത്തില്‍ ഹിമപാളികള്‍ ഉരുകിയതോടെയാണ് മൃതദേഹം കണ്ടെത്തിയത്. 

വര്‍ഷങ്ങളായി തിരഞ്ഞെങ്കിലും കാണാതായ നസീറുദ്ദീനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ലെന്ന് ബന്ധുവായ മാലിക് ഉബൈദ് പറഞ്ഞു. മഞ്ഞുപാളികളില്‍ പലതവണ പരിശോഝന നടത്തിയിരുന്നു. കണ്ടെത്തല്‍ സാധ്യമല്ലാത്തതിനാല്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ധ്രുവപ്രദേശങ്ങൾ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ഹിമാനികളുള്ളത് പാകിസ്ഥാനിലാണ്. കാലാവസ്ഥാ വ്യതിയാനം കാരണം ഈ മഞ്ഞുപാളികളും പതുക്കെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. നേരിട്ടുള്ള സൂര്യപ്രകാശം ഹിമാനികൾ ഉരുകുന്നതിലേക്ക് നയിക്കുന്നു. ഇതാണ് കാലക്രമേണ നസീറുദ്ദീന്‍റെ മൃതേദഹം കണ്ടെത്താന്‍ സഹായിച്ചതും

ENGLISH SUMMARY:

Missing person found in glacier after 28 years. The mummified body of Naseeruddin was discovered in Pakistan due to melting glaciers, revealing a tragic incident from 1997.