ഇന്ത്യയെ പ്രശംസിച്ചും പാക്കിസ്ഥാനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചും ഓക്സ്ഫഡ് സര്‍വകലാശാലയിലും സോഷ്യല്‍മീഡിയയിലും താരമായി യുവാവ്. മുംബൈ സ്വദേശിയായ നിയമവിദ്യാര്‍ഥി വീരാന്‍ഷ് ഭാനുശാലിയുടെ പ്രസംഗം സോഷ്യല്‍മീഡിയയില്‍ ദശലക്ഷങ്ങള്‍ കണ്ടു കഴിഞ്ഞു.
പാക്കിസ്ഥാനോടുള്ള ഇന്ത്യന്‍ സമീപനത്തെക്കുറിച്ച് സര്‍വകലാശാലയില്‍ നടത്തിയ ചര്‍ച്ചയിലാണ് വീരാന്‍ഷ് പങ്കെടുത്തത്. ഇന്ത്യയുടെ നയം സുരക്ഷാ ആശങ്കകളുമായി ബന്ധപ്പെട്ടുള്ളതാണെന്നും അല്ലാതെ വിലകുറഞ്ഞ ജനകീയതയ്ക്ക് വേണ്ടിയല്ലെന്നും വീരാന്‍ഷ് വാദിച്ചു.
1823മുല്‍ ഓക്സ്ഫഡില്‍ നടത്തപ്പെടുന്ന ലോകത്തിലെ ഏറ്റവും മികച്ച വിദ്യാര്‍ഥികള്‍ നടത്തുന്ന സംവാദ വേദിയായ ഓക്സ്ഫഡ് യൂണിയനില്‍ സംസാരിക്കവേയാണ് വീരാന്‍ഷ് ഇന്ത്യയുടെ നയങ്ങളെക്കുറിച്ച് സംസാരിച്ചത്. പാകിസ്ഥാനോടുള്ള ഇന്ത്യയുടെ നയം ജനകീയതയെ ലക്ഷ്യം വെച്ചുള്ളതാണെന്ന് ഓക്സ്ഫഡ് യൂണിയന്‍ പ്രസിഡന്റും പാക്കിസ്ഥാൻ സ്വദേശിയുമായ മൂസ ഹറാജ് വാദിച്ചു. ഈ നിലപാടിനെ നഖശിഖാന്തം എതിര്‍ത്താണ് വീരാന്‍ഷ് താരമായത്.
26/11 ന് ശേഷമുള്ള നീക്കങ്ങളും സമീപകാലത്തെ സൈനിക നടപടികളും വോട്ട് നേടാനല്ലെന്നും തന്ത്രപരമായ കണക്കുകൂട്ടലുകളാണെന്നും യുവാവ് പറയുന്നു.
ഭീകരർക്ക് അഭയം നൽകുന്ന ഒരു രാജ്യത്തിന് മറ്റുള്ളവരെ ധാർമ്മികത പഠിപ്പിക്കാൻ കഴിയില്ലെന്നു പറഞ്ഞും വീരാന്‍ഷു പാക്കിസ്ഥാനെ കടന്നാക്രമിച്ചു. പഠാൻകോട്ട്, ഉറി, പുൽവാമ എന്നിവിടങ്ങളിലെ ഭീകരാക്രമണങ്ങളെ പരാമർശിച്ചുകൊണ്ടായിരുന്നു പ്രസംഗം. നാണമില്ലാത്ത ഒരു രാജ്യത്തെ വീണ്ടും നാണം കെടുത്താൻ ആവില്ലെന്നും കടുത്ത വാക്കുകള്‍ ഉപയോഗിച്ച് വീരാന്‍ഷു തുടര്‍ന്നു.
ഓക്സ്ഫോർഡിലെ സെന്റ് പീറ്റേഴ്സ് കോളജ് വിദ്യാര്‍ഥിയാണ് വീരാന്‍ഷു. ഓക്സ്ഫഡ് യൂണിയന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയും വീരാന്‍ഷു പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്റര്‍നാഷണല്‍ ഓഫീസർ, ഓക്സ്ഫഡ് യൂണിയനിലെ സെക്രട്ടറി കമ്മിറ്റിയിലെ അംഗം എന്നീ പദവികളും വീരാന്‍ഷുവിന്റെ പേരിലുണ്ട്.