sydney

TOPICS COVERED

ഭീകരാക്രമണത്തിന് ശേഷം സിഡ്‌നി വീണ്ടും സാധാരണ നിലയിലേക്ക്. ഡിസംബർ പതിനാലിലെ സിഡ്‌നി ബോണ്ടായിലെ കൂട്ടവെടിവെപ്പ് ലോകത്തെയാകെ നടുക്കിയിരുന്നു. പൊലീസിന്റെയും ജനങ്ങളുടെയും സഹകരണത്തോടെ ശക്തമായ സുരക്ഷാ സംവിധാനങ്ങളുടെ നടുവിലാണ് സിഡ്നി.

ഡിസംബർ പതിനാലിന് സിഡ്‌നി ബോണ്ടായിൽ നടന്ന കൂട്ടവെടിവെപ്പ്, ലോകമെമ്പാടുമുള്ളവരെ നടുക്കിയ ഒരു ദുരന്തമായിരുന്നു. ദുഃഖവും ഭീതിയും ആശങ്കയും നിറഞ്ഞ നിമിഷങ്ങൾക്കാണ് സിഡ്‌നി സാക്ഷിയായത്. കുറച്ച് ദിവസങ്ങൾ നിശ്ചലമായ നഗരജീവിതം, ഇന്ന് സർക്കാരിന്റെയും പോലീസിന്റെയും ജനങ്ങളുടെയും ഏകോപിത സഹകരണത്തോടെ ശക്തമായ സുരക്ഷാ സംവിധാനങ്ങളുടെ നടുവിൽ നിന്ന് ആത്മവിശ്വാസത്തോടെ വീണ്ടും മുന്നോട്ട് നീങ്ങുകയാണ്.

ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി, ആക്രമണം നടന്ന സ്ഥലം സിഡ്‌നി മലയാളി സമൂഹം സന്ദർശിച്ചത് ഏറെ നന്ദിയോടെയാണ് കാണുന്നതെന്ന് ജൂത റബ്ബായി യോസ്സി ഫ്രൈഡ്‌മാൻ മനോരമ ന്യൂസിനോട് പ്രതികരിച്ചു. ഈ സാന്നിധ്യം, മത–ജാതി–ഭാഷ വ്യത്യാസങ്ങൾക്കപ്പുറം മനുഷ്യസ്നേഹത്തിന്റെ ശക്തമായ സന്ദേശമായി മാറുകയായിരുന്നു.

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ക്രിസ്മസിനെ പ്രതീക്ഷയോടെയും ആവേശത്തോടെയും വരവേൽക്കാൻ ഒരുങ്ങുന്ന ഈ വേളയിൽ, സിഡ്‌നി നഗരം വീണ്ടും സന്തോഷത്തിന്റെയും ഐക്യത്തിന്റെയും ആഘോഷങ്ങളിലേക്ക് മടങ്ങിയെത്തുകയാണ്. മാർട്ടിൻ പ്ലേസിലെ ഭീമൻ ക്രിസ്മസ് ട്രീ, എല്ലാ പ്രതിസന്ധികളെയും അതിജീവിക്കുന്ന നഗരത്തിന്റെ ആത്മവിശ്വാസത്തിന്റെയും ഐക്യത്തിന്റെയും ശക്തമായ പ്രതീകമായി മാറിയിരിക്കുന്നു.

കുടുംബങ്ങളുടെ സാന്നിധ്യവും കുട്ടികളുടെ ചിരികളും, സാന്റാക്ലോസ് പരേഡുകളും ലൈവ് മ്യൂസിക്കും, ക്രിസ്മസ് സന്തോഷം സിഡ്‌നിയിലേക്ക് തിരികെയെത്തിയെന്ന് വ്യക്തമാക്കുന്നു. നഗരഹൃദയത്തിലെ വെസ്റ്റ്‌ഫീൽഡ്, പിറ്റ് സ്ട്രീറ്റ് മാൾ എന്നിവ ഉൾപ്പെടെയുള്ള ഷോപ്പിംഗ് കേന്ദ്രങ്ങൾ വീണ്ടും ജനസാന്നിധ്യത്തോടെ നിറയുകയാണ് — ഭീതിയെ മറികടന്ന് ജീവിതത്തെ സ്വീകരിക്കുന്ന സിഡ്‌നിയുടെ ആത്മവിശ്വാസം അവിടെ വ്യക്തമാണ്.

ടർബൻസ് ഓസ്ട്രേലിയ, നവോദയ ഓസ്ട്രേലിയ ഉൾപ്പെടെയുള്ള ഇന്ത്യൻ–മലയാളി സംഘടനകളും വിവിധ ചാരിറ്റി പ്രവർത്തനങ്ങളോടെ സജീവമായി രംഗത്തുണ്ട്. പദ്മശ്രീ കെ. ഓമനക്കുട്ടി ടീച്ചറുടെ ശിഷ്യയും സിഡ്‌നിയിലെ പ്രശസ്ത സംഗീതജ്ഞയുമായ ഡോക്ടർ സ്മിത ബലുവിന്റെ നേതൃത്വത്തിൽ ഒരുക്കിയ 'സഖ്യം' മ്യൂസിക് വീഡിയോ പ്രദർശനത്തിൽ പങ്കെടുത്തവർ, ബോണ്ടായി വെടിവെപ്പിൽ കൊല്ലപ്പെട്ടവർക്ക് ആദരം അർപ്പിച്ചു.

ഭീകരത മനുഷ്യരെ താൽക്കാലികമായി തളർത്തിയേക്കാം. പക്ഷേ, സ്നേഹത്തിന്റെയും ഐക്യത്തിന്റെയും മുന്നിൽ അത് ഒരിക്കലും ജയിക്കില്ല — എന്ന ശക്തമായ സന്ദേശമാണ് സിഡ്‌നി ഇന്ന് ലോകത്തോട് പറയുന്നത്.

ENGLISH SUMMARY:

Sydney shooting reflects the city's resilience. Sydney is gradually returning to normalcy following the Bondi Junction attack, with strong community support and security measures in place.