TOPICS COVERED

റഷ്യന്‍ പൗരന്‍ മുന്‍ഭാര്യയെ ദുബായിലെ ഹോട്ടലില്‍വച്ച് കുത്തിക്കൊലപ്പെടുത്തി. കഴുത്തിലും ശരീരത്തിലും കൈകാലുകളിലുമായി പതിനഞ്ചോളം കുത്തേറ്റ രീതിയിലാണ് യുവതിയെ ഹോട്ടല്‍മുറിയില്‍ കണ്ടെത്തിയത്.  25കാരിയായ അനസ്താസിയയാണ് കൊല്ലപ്പെട്ടത്. പ്രതിയെ അറസ്റ്റ് ചെയ്തു. 

ഫ്ലൈറ്റ് അറ്റൻഡന്റായ അനസ്താസിയ കഴിഞ്ഞ ആഴ്ച ദുബായിലെ വോക്കോ ബോണിംഗ്ടൺ ഹോട്ടലില്‍വച്ചാണ് മുന്‍ഭര്‍ത്താവിന്റെ കുത്തേറ്റുമരിച്ചത്. 41-കാരനായ ആൽബർട്ട് മോർഗൻ അനസ്താസിയയുടെ മുന്‍ സന്ദേശങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കിടെയിലടക്കം പ്രവര്‍ത്തിക്കുന്ന ലൈംഗികതൊഴിലാളിയാണ് മുന്‍ഭാര്യയെന്ന സംശയം വന്നത്. താനുമൊത്ത് ജീവിക്കുന്ന സമയത്തുതന്നെ ഭാര്യ ലൈംഗികതൊഴില്‍ ചെയ്തിരുന്നുവെന്ന സംശയമാണ് മോര്‍ഗനുണ്ടായത്.      

തുടര്‍ന്ന് 4345 കിലോമീറ്റർ യാത്ര ചെയ്ത് ഇയാള്‍ റഷ്യയില്‍ നിന്നും യുഎഇയിലെത്തി. ഹോട്ടല്‍ ജീവനക്കാരിയെ കബളിപ്പിച്ചാണ് ആല്‍ബര്‍ട്ട് മോര്‍ഗന്‍ അനസ്താസിയയുടെ മുറിക്കുള്ളില്‍ പ്രവേശിച്ചത്. അലക്കുമുറിയിൽ നിന്നെടുത്ത ഹോട്ടൽ റോബ് ധരിച്ച് അതിഥിയായി അഭിനയിക്കുകയും തുടര്‍ന്ന് മുറിക്കുള്ളില്‍ പ്രവേശിക്കുകയുമായിരുന്നു. നിയമോപദേഷ്ടാവായ മോർഗനും, റഷ്യൻ എയർലൈനായ പൊബേഡയിലെ ജീവനക്കാരിയായ അനസ്താസിയയും രണ്ട് വര്‍ഷമാണ് വിവാഹജീവിതം നയിച്ചത്. 

അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മോര്‍ഗന്‍ നല്‍കിയ മൊഴി ഇങ്ങനെയാണ്– അനസ്താസിയയുടെ ദേഹത്ത് പച്ച പെയിന്റ് ഒഴിക്കാനും കത്രിക ഉപയോഗിച്ച് മുടി മുറിക്കാനുമായിരുന്നു ആദ്യം പദ്ധതിയിട്ടത്. എന്നാൽ, മുറിയിൽ പ്രവേശിച്ചപ്പോൾ ഒരു വാക്കുതർക്കം ഉണ്ടാവുകയും സ്ഥിതിഗതികൾ വഷളാവുകയുമായിരുന്നു. തുടർന്ന് ഇയാൾ അനസ്താസിയയെ പലതവണ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. 

മോർഗൻ മുൻപ് മയക്കുമരുന്ന് കേസിൽ ഏഴ് വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇയാളും അനസ്താസിയയും തമ്മിൽ നിരന്തരം വഴക്കുകളും ഗാർഹിക പീഡനങ്ങളും ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ പിന്നീട് മോര്‍ഗനെതിരെ നൽകിയ എല്ലാ പരാതികളും അനസ്താസിയ പിൻവലിച്ചിരുന്നു.

കൊലപാതകം നടത്തിയ ശേഷം റഷ്യയില്‍ തിരിച്ചെത്തിയ മോര്‍ഗന്‍ തന്നെ യുക്രെയ്ൻ യുദ്ധത്തിൽ പോരാടാൻ അയയ്ക്കണമെന്ന് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. റഷ്യയിൽ കുറ്റാരോപിതരായ ചിലർ ജയിൽ ശിക്ഷ ഒഴിവാക്കാനുള്ള ഒരു മാർഗമായി സൈന്യത്തിൽ ചേരാനും യുക്രെയ്നിലേക്ക് പോകാനും ശ്രമിക്കുന്നതും പതിവാണ്. എന്നാല്‍ മോര്‍ഗന്റെ കാര്യത്തില്‍ അത്തരമൊരു നടപടിയുണ്ടായേക്കില്ലെന്നാണ് അറിയുന്നത്. 

ENGLISH SUMMARY:

Dubai hotel murder involves a Russian citizen who murdered his ex-wife. The victim, Anastasia, was found with multiple stab wounds in a hotel room in Dubai.