സാജിദ് അക്രം, മകൻ നവീദ് അക്രം
ഡിസംബർ 14 ന് ഓസ്ട്രേലിയയിലെ ബോണ്ടയ് ബീച്ചിൽ 16 പേരെ കൂട്ടക്കൊല ചെയ്ത അക്രമികളിൽ ഒരാളായ സാജിദ് അക്രമിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ഭാര്യ. ഇതോടെ സാജിദ് അക്രമിന്റെ സംസ്കാരം സര്‍ക്കാര്‍ തന്നെ നടത്തേണ്ടിവരുമെന്നാണ് ഓസ്ട്രേലിയൻ മാധ്യമമായ സെവന്‍ ന്യൂസ് സിഡ്നി റിപ്പോര്‍ട്ട് ചെയ്യുന്നത്. സാജിദും ഭാര്യയും നേരത്തെ വേര്‍പിരിഞ്ഞവരാണ്.
50കാരനായ സാജിദ് അക്രമും മകൻ 24കാരനായ നവീദ് അക്രമുമാണ് സിഡ്നിയിലെ ബോണ്ടയ് ബീച്ചിൽ ജൂത ഉല്‍സവമായ ഹനൂക്ക ആഘോഷത്തിനിടെ വെടിവയ്പ്പ് നടത്തിയത്. ആക്രമണത്തില്‍ ഒരു കുട്ടി ഉൾപ്പെടെ 16 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പിന്നാലെയുണ്ടായ പൊലീസിന്റെ പ്രത്യാക്രമണത്തിലാണ് സാജിദ് അക്രം കൊല്ലപ്പെട്ടത്. നവീദ് അക്രമിന് ഗുരുതര പരുക്കേൽക്കുകയും ചെയ്തിരുന്നു. നവീദ് അക്രം ഗുരുതരാവസ്ഥ തരണം ചെയ്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ 59 വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.
ജെർവിസ് ബേയിലേക്ക് വാരാന്ത്യ ട്രിപ്പ് പോവുകയാണെന്നാണ് അച്ഛനും മകനും കൂട്ടക്കൊലയ്ക്ക് പുറപ്പെടുന്നതിനു മുൻപ് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നത്. 6 മാസം സാജിദ് അക്രം പലയിടങ്ങളിലായി മാറിമാറി താമസിക്കുകയായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ആക്രമണത്തിന് മുന്‍പ് നവംബർ 1 മുതൽ നവംബർ 28 വരെ സാജിദ് അക്രം ഫിലിപ്പീൻസിലെ ദാവോ സിറ്റിയിലേക്ക് യാത്ര ചെയ്തിരുന്നുവെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തനങ്ങളുടെ കേന്ദ്രമായാണ് ഈ പ്രദേശം അറിയപ്പെടുന്നത്. കൂടാതെ ഇവിടെവച്ച് പരിശീലനം നേടിയിരിക്കാമെന്നും പൊലീസ് കരുതുന്നു. സിഡ്നിയിൽ നിന്നുള്ള മറ്റ് രണ്ടുപേർ കൂടി ഇതേ സമയം ഈ പ്രദേശത്തുണ്ടായിരുന്നു. ഇവരെകുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
അക്രമികൾക്ക് ശേഷിയേറിയ തോക്കുകൾ എവിടെ നിന്നാണ് ലഭിച്ചതെന്ന കാര്യത്തിലും അന്വേഷണം നടക്കുകയാണ്. അക്രമികളുടെ വാഹനത്തിൽ നിന്ന് പൊലീസ് ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തുക്കൾ (ഐഇഡി) കണ്ടെത്തുകയും ചെയ്തിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി ബോണിറിഗിലെ നവീദ് അക്രമിന്റെ വീട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി. ഹൈദരാബാദ് സ്വദേശിയായ സാജിദിന് ഇന്ത്യൻ പാസ്‌പോർട്ടുണ്ട്. 1998 ൽ ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ സാജിദിന് നാട്ടിലെ കുടുംബവുമായി ബന്ധമില്ല.