ബംഗ്ലദേശില്‍ പ്രക്ഷോഭകാരികള്‍ മാധ്യമങ്ങളുടെ ഓഫീസുകള്‍ക്ക് തീവച്ചപ്പോള്‍
വിദ്യാർഥി നേതാവ് ഷരീഫ് ഒസ്മാൻ ഹാദിയുടെ മരണത്തിന് പിന്നാലെ ബംഗ്ലദേശില്‍ പ്രതിഷേധം കത്തുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) നേതാവിന്‍റെ വീടിനും പ്രതിഷേധക്കാര്‍ തീയിട്ടു. ഭാബാനിഗഞ്ച് യൂണിയൻ ബിഎൻപി നേതാവും അസിസ്റ്റന്റ് ഓർഗനൈസിങ് സെക്രട്ടറിയുമായ ബെലാൽ ഹൊസൈന്റെ വസതിയാണ് പുലർച്ചെ ഒരു മണിയോടെ പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കിയത്. സംഭവത്തില്‍ ബെലാൽ ഹൊസൈന്റെ ഏഴുവയസ്സുകാരിയായ വെന്തുമരിച്ചതായി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ബെലാലിനും പെൺമക്കളായ സൽമ അക്തറിനും (16), സാമിയ അക്തറിനും (14) ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
അക്രമികൾ രണ്ട് വാതിലുകളും പൂട്ടി പെട്രോൾ ഒഴിച്ച് വീടിന് തീയിട്ടതായാണ് ബെലാലിന്റെ അമ്മ ഹസേര ബീഗം പറയുന്നത്. ‘അത്താഴം കഴിഞ്ഞ് ഞാൻ ഉറങ്ങാൻ കിടന്നതായിരുന്നു. ഇന്നലെ പുലർച്ചെ ഒരു മണിയോടെ, ഉണർന്നപ്പോൾ എന്റെ മകന്റെ വീടിന് തീപിടിച്ചിരിക്കുന്നത് ജനാലയിലൂടെ കണ്ടു. ഞാൻ നിലവിളിച്ചുകൊണ്ട് ഓടി, പക്ഷേ വീടിന്റെ രണ്ട് വാതിലുകളും പുറത്തു നിന്ന് പൂട്ടിയിരുന്നു. എനിക്ക് അകത്ത് കടക്കാൻ കഴിഞ്ഞില്ല. ഒടുവിൽ, വാതിൽ തകർത്താണ് മകനും ഭാര്യയും നാല് മാസം പ്രായമുള്ള മകന്‍ അബിർ ഹൊസൈനും ആറ് വയസ്സുള്ള മകൻ ഹബീബും പുറത്തിറങ്ങിയത്. ‘സൽമയും സാമിയയും ആയിഷയും ഒരു മുറിയിൽ ഉറങ്ങുകയായിരുന്നു. അവരിൽ രണ്ടുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. എന്നാൽ ഇളയകുട്ടി (ആയിഷ) പൊള്ളലേറ്റ് മരിച്ചു’ ഹസേര ബീഗം പറഞ്ഞു.
സ്ഥലം സന്ദര്‍ശിച്ച പൊലീസ് ആരാണ് സംഭവത്തിന് പിന്നിലെന്നും അവരുടെ ലക്ഷ്യമെന്തായിരുന്നുവെന്നും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് അറിയിച്ചു. പൊള്ളലേറ്റ രണ്ട് പെൺകുട്ടികളുടെയും നില ഗുരുതരമാണ്. ഇവരെ ധാക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബേൺ ആൻഡ് പ്ലാസ്റ്റിക് സർജറിയിലേക്ക് റഫർ ചെയ്തു. ഇരുവരുടേയും അവരുടെ ശരീരത്തിന്റെ 60% ത്തോളം പൊള്ളലേറ്റിട്ടുണ്ട്.
വിദ്യാർത്ഥി നേതാവ് ഷെരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തെത്തുടർന്നാണ് ബംഗ്ലദേശിലുടനീളം പ്രക്ഷോഭം ആളുന്നത്. ഡിസംബർ 12 ന് മധ്യ ധാക്കയിലെ ബിജോയ്‌നഗറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ഷെരീഫ് ഒസ്മാൻ ഹാദിക്ക് നേരെ മുഖംമൂടി ധരിച്ച തോക്കുധാരികള്‍ വെടിയുതിര്‍ക്കുന്നത്. ഷെരീഫിന്‍റെ തലയ്ക്കാണ് വെടിയേറ്റത്, വിദഗ്ധ ചികില്‍സയ്ക്കായി വിദേശത്തേക്ക് കൊണ്ടുപോയെങ്കിലും വ്യാഴാഴ്ച സിംഗപ്പൂരിൽ വച്ച് മരിക്കുകയായിരുന്നു. പിന്നാലെ തലസ്ഥാനമായ ധാക്കയുടെ തെരുവുകളിലിറങ്ങിയ പ്രതിഷേധക്കാർ വ്യാപക അക്രമം അഴിച്ചുവിടുകയായിരുന്നു. 2024ൽ ബംഗ്ലദേശിൽ ഷേഖ് ഹസീന സർക്കാറിന്റെ പതനത്തിന് കാരണമായ വിദ്യാർഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ഇൻക്വിലാബ് മഞ്ചിന്റെ വക്താവായിരുന്നു 32കാരനായ ഷെരീഫ് ഒസ്മാൻ ഹാദി.