ചികില്‍സാ സഹായം തേടിയുള്ള വിഡിയോകളില്‍ കതിരും പതിരും തിരയാന്‍ പലപ്പോഴും ആരും മുതിരാറില്ല. കാരണം ഗുരുതരമായൊരു രോഗാവസ്ഥ വച്ച് ആരും വിലപേശില്ലെന്നാണ് എല്ലാവരുടെയും വിശ്വാസം . അത് ഒരു പരിധിവരെ ശരിയുമാണ്. പക്ഷേ ചികില്‍സസഹായം വാഗ്ദാനം ചെയ്ത് പ്രര്‍ത്തിക്കുന്ന ചില ഏജന്‍സികളുടെ കാര്യം അങ്ങിനെയല്ല. അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഫിലിപ്പീന്‍സിലെ ഒരു ചികില്‍സാമാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ ആരെയും ഞെട്ടിക്കുന്നതാണ് . സഹായം വാഗ്ദാനം ചെയ്ത് ഇവര്‍ സമീപിച്ച കാന്‍സര്‍ ബാധിതയായ ഒരു കുഞ്ഞിന്‍റെ ദുരനുഭവം ബിബിസിയാണ് പുറത്തുവിട്ടത്
ചികില്‍സയ്ക്കായി വലിയ തുകസമാഹരിക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഈ സംഘം കുട്ടിയുടെ രക്ഷിതാക്കളെ സമീപിക്കുന്നത്. അവരുടെ വാക്ചാതുരിയില്‍ രക്ഷിതാക്കള്‍ വീഴുകയും ചെയ്തു കുട്ടിയുമായി സ്റ്റുഡിയോയിലെത്താന്‍ സംഘം രക്ഷിതാക്കളോട് നിര്‍ദേശിച്ചു. കുട്ടിയുടെ അവസ്ഥ ഷൂട്ട് ചെയ്ത് ഇന്‍റര്‍നെറ്റില്‍ പരസ്യമായി നല്‍കി അതുവഴി ലഭിക്കുന്ന പണം കുഞ്ഞിന്‍റെ ചികില്‍സയ്ക്ക് നല്‍കാമെന്നായിരുന്നു വാഗ്ദാനം.
നിര്‍ധനരായ ആ കുടുംബം കുട്ടിയുമായി സ്റ്റുഡിയോയിലെത്തി. അവിടെ ഷൂട്ടിങ്ങിനുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തീകരിച്ചിരുന്നു.
സംഘത്തിലുണ്ടായിരുന്ന യുവാവ് കുട്ടിയുടെ ശരീരത്തില്‍ ഡ്രിപ്പ് ഘടിപ്പിച്ചു. മൂക്കില്‍ ഓക്സിജന്‍ മാസ്ക് വച്ചു. ഇതൊന്നും കുട്ടിക്ക് ഇപ്പോള്‍ ആവശ്യമില്ലെന്ന് ഒപ്പമെത്തിയവര്‍ പറഞ്ഞെങ്കിലും സംഘം വഴങ്ങിയില്ല. 'ഇങ്ങനെ കണ്ടാലേ ഫണ്ട് വരൂ' എന്നായിരുന്നു അവരുടെ മറുപടി... ഒടുവില്‍ രക്ഷിതാക്കള്‍ മനസില്ലാ മനസോടെ സമ്മതിച്ചു. തനിക്ക് അസുഖമാണ് സുമനസുകളില്‍ നിന്ന് സഹായമഭ്യര്‍ഥിക്കുന്നു എന്ന് കുട്ടിയെക്കൊണ്ട് അവര്‍ പറയിച്ചു. കട്ട് പറഞ്ഞ ക്യാമറാമാന് പക്ഷെ താന്‍ റെക്കോഡ് ചെയ്ത ദൃശ്യം ഇഷ്ടമായില്ല. കുട്ടിയുടെ രോഗാവസ്ഥ വിശദമാക്കാന്‍ ഇതുപോരെന്നായി സംഘം. തുടര്‍ന്ന് സംഘാംഗങ്ങളിലൊരാള്‍ ഒരു കവര്‍ നിറയെ അരിഞ്ഞ ഉള്ളിയുമായെത്തി . അത് കുഞ്ഞിന്‍റെ മുന്നില്‍ വച്ചു. ഉള്ളിയുടെ സാന്നിധ്യം കുട്ടിയുടെ കണ്ണുകളില്‍ പ്രതിഫലിച്ചു. കണ്ണീര്‍ വാര്‍ന്നു. തുടര്‍ന്ന് കുട്ടിയേക്കൊണ്ട് സഹായം തേടിയുള്ള ഡയലോഗ് വീണ്ടും പറയിച്ചു . രക്ഷിതാക്കളെക്കൊണ്ടും സമാനമായ ഡയലോഗുകള്‍ പറയിച്ച് ഷൂട്ട് ചെയ്തു. പന്ത്രണ്ട് മണിക്കൂറെടുത്താണ് പരസ്യം ഷൂട്ട് ചെയ്തത് ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് പണം സമാഹരിക്കാമെന്നായിരുന്നു വാഗ്ദാനം.
കുട്ടിയുടെ ആരോഗ്യം ദിനംപ്രതി ക്ഷയിച്ചു. ചികില്‍സിക്കാന്‍ പണം അത്യാവശ്യമായി. രക്ഷിതാക്കള്‍ പരസ്യം നല്‍കിയയാളെ വിളിച്ചു. പരസ്യം ഫലിച്ചില്ലെന്നും ആകെ 700 ഡോളറാണ് കിട്ടിയതെന്നും അയാള്‍ പറഞ്ഞു. ഈ തുക കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് കൈമാറുകയും ചെയ്തു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കുട്ടി മരിച്ചു. യഥാര്‍ഥത്തില്‍ ആ കുട്ടിയുടെ ദയനീയ അവസ്ഥ കണ്ട് സുമനസുകള്‍ സഹായിച്ചിരുന്നു. 27000 ഡോളര്‍ സംഭാവനയും ലഭിച്ചു. പരസ്യത്തിന് പിന്നാലെ അന്വേഷണം നടത്തിയ ബിബിസിയാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍ നടത്തിയത്. ഈ സംഘം ഇപ്രകാരം കബളിപ്പിച്ച 15 കുടുംബങ്ങളെയാണ് അന്വേഷണസംഘം കണ്ടെത്തിയത്. ഇവരെ ഉപയോഗിച്ച് 4 മില്യണ്‍ (36 കോടി രൂപ) ഡോളര്‍ സംഘം പിരിച്ചതിന്‍റെ രേഖകളും അന്വഷണസംഘത്തിന് ലഭിച്ചു.
ചികില്‍സാ സഹായത്തിനായ ആളുകളെ തേടിപ്പിടിക്കാന്‍ ഈ സംഘത്തിന് പ്രത്യേകം ഏജന്‍റുമാരുണ്ട്. കാന്‍സര്‍ വന്ന് കീമോയിലൂടെ മുടി നഷ്ടപ്പെട്ട 6 മുതല്‍ 9 വയസ് വരെയുള്ള കുട്ടികളെയാണ് സംഘം ഷൂട്ടിങ്ങിനായി തിരഞ്ഞെടുക്കുക.പപ്പോഴും ഈ വിഡിയോകളില്‍ കുട്ടികള്‍ പറയുന്നത് ഒരേ കാര്യമാണെന്നും ഇവ എഴുതിത്തയ്യാറാക്കിയ ഡയലോഗുകളാണെന്നും അന്വേഷണസംഘം കണ്ടെത്തി. ലോകമാകമാനം ഇത്തരം തട്ടിപ്പ് നടത്തുന്നുണ്ടെന്നും ഇതിന് പിന്നില്‍ ഒരു ഇസ്രായേലും അമേരിക്കയും ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി ആണെന്നും ഈ അന്വഷണത്തില്‍ വ്യക്തമായി.