അനസ്തീസിയക്കൊപ്പം കൊടുംവിഷം കുത്തിവച്ച് 12 രോഗികളെ കൊന്ന ഡോക്ടര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് ഫ്രഞ്ച് കോടതി. ഫ്രാന്‍സിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മെഡിക്കല്‍ കുറ്റകൃത്യക്കേസിനാണ് വിധി പറഞ്ഞത്. ഫ്രഡറിക്ക് ഫാഷിയേര്‍ എന്ന 53കാരനായ ഡോക്ടറായിരുന്നു പ്രതി. 30 രോഗികളിലാണ് ഫ്രഡറിക് വിഷം കുത്തിവച്ചത്. മരിച്ച 12 രോഗികളെ ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കി 18 രോഗികളും അതീവ ഗുരുതരാവസ്ഥ തരണം ചെയ്താണ് രക്ഷപ്പെട്ടത്.
രോഗികള്‍ക്ക് നല്‍കുന്ന അനസ്തീസിയ ബാഗില്‍ പൊട്ടാസ്യം ക്ലോറൈഡും അഡ്രിനാലിനും കുത്തിവയ്ക്കുന്നതായിരുന്നു ഫ്രെഡറിക്കിന്‍റെ രീതി. തുടക്കത്തില്‍ അനസ്തീസിയ പ്രവര്‍ത്തിച്ച് രോഗി മയങ്ങുമെങ്കിലും ഓപ്പറേഷനിടയില്‍ രോഗി ഉണരും. വേദനയോടെ പിടയുന്ന രോഗിക്ക് എന്താണ് സംഭവിച്ചതെന്നറിയാതെ സര്‍ജന്‍മാര്‍ കുഴങ്ങും. ഇതിനിടെ രക്ഷകനാകാനായി ഫ്രഡറിക് വരും. എന്നിട്ട് കൃത്യമായ മരുന്നുകള്‍ കുത്തിവയ്ക്കും തുടര്‍ന്ന് കിട്ടുന്ന പ്രശംസ ആസ്വദിക്കും.
എന്നാല്‍ 12 കേസുകളില്‍ ഫ്രഡറിക്കിന് പിഴച്ചു. മരുന്നുകള്‍ ഫലിച്ചില്ല. രോഗികള്‍ മരിച്ചു. ഇതില്‍ ടോണ്‍സില്‍ സര്‍ജറി ചെയ്യാന്‍ വന്ന നാലുവയസുകാരിയും ഒരു 82കാരിയും പെടും. ഫ്രഡറിക്ക് ചില കേസുകളില്‍ മാത്രമേ അനസ്തീസിയ നല്‍കാറുള്ളു എന്നാല്‍ മറ്റ് അനസ്തീസിയോളജിസ്റ്റുകളെയാണ് ശസ്ത്രക്രിയയ്ക്ക് നിയോഗിച്ചതെന്നാല്‍ ഫ്രഡറിക്ക് നേരത്തെ എത്തി മരുന്നുകളില്‍ മാറ്റം വരുത്തും. എന്നിട്ട് രോഗി പിടയുന്ന വരെ കാത്തിരിക്കും.
2008 മുതല്‍ 2017 വരെയുള്ള ചില സര്‍ജറി മരണക്കേസുകളില്‍ ഫ്രഡറിക്ക് ഡോക്ടറായി ഇടപെട്ടത് നിരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ 2017ല്‍ ഹൃദ്രോഗിയുടെ ശസ്ത്രക്രിയയ്ക്കിടെ അനസ്തീസിയ ബാഗില്‍ പൊട്ടാസ്യം ക്ലോറൈഡ് കണ്ടെത്തിയതോടെയാണ് സംശയം ആരോപണമായുയര്‍ന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഫ്രഡറിക്ക് തന്നെയാണ് ഇത് കുത്തിവച്ചതെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ മുന്‍ മരണങ്ങളിലും അന്വേഷണമുണ്ടായി. അവസാനം സൈക്കോ ഡോക്ടര്‍ പിടിയിലാവുകയായിരുന്നു. 22 വര്‍ഷമാണ് ഫ്രഡറിക്ക് ജയില്‍വാസമനുഭവിക്കേണ്ടത്.