TOPICS COVERED

ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിൽ ഡ്രോണ്‍ ആക്രമണത്തില്‍ 33 കുട്ടികള്‍ ഉള്‍പ്പെടെ 50 പേര്‍ കൊല്ലപ്പെട്ടു. നഴ്സ്സറി സ്കൂളിനെ ലക്ഷ്യമിട്ടായിരുന്നു ഡ്രോണാക്രമണം. തെക്കൻ കോർഡോഫാനിലെ കലോഗി നഗരത്തിലാണ് ആക്രമണമുണ്ടായത്. ഡിസംബര്‍ അഞ്ച് വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ആക്രമണത്തിൽ നഴ്സറി സ്കൂള്‍ പൂർണ്ണമായി തകർന്നു. സുഡാൻ സൈന്യവുമായി ഏറ്റുമുട്ടുന്ന അർധസൈന്യമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർഎസ്എഫ്) ആണ് ആക്രമണം നടത്തിയതെന്ന് മനുഷ്യവാകാശ സംഘടനയായ എമർജൻസി ലോയേഴ്സ് പറഞ്ഞു. മരണസംഖ്യ ഇനിയും വര്‍ധിക്കാനാണ് സാധ്യത.പ്രദേശത്തെ ആശയവിനിമയ ബന്ധങ്ങൾ പൂർണ്ണമായി വിച്ഛേദിക്കപ്പെട്ടത് കാരണം മരണപ്പെട്ടവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

സുഡാനീസ് സൈന്യവും റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും തമ്മില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി തുടരുന്ന ആഭ്യന്തര യുദ്ധം സുഡാനില്‍ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. 2023 ഏപ്രിലിലാണ് ഇരു വിഭാഗങ്ങളും തമ്മിലുള്ള പോരാട്ടം ആരംഭിച്ചത്. ജനറൽ അബ്ദെൽ ഫത്താഹ് അൽ-ബുർഹാൻ നയിക്കുന്ന എസ്എഎഫും ജനറൽ മുഹമ്മദ് ഹംദാൻ ഡഗാലോ (ഹെമെദ്തി) നയിക്കുന്ന ആർഎസ്എഫും തമ്മിൽ അധികാരത്തിനുവേണ്ടിയാണ് പോരാട്ടം നടക്കുന്നത്.

കുട്ടികള്‍ക്ക് നേരെ നടന്ന ക്രൂരമായ ആക്രമണത്തെ യൂണിസെഫ് (UNICEF) ശക്തമായി അപലപിച്ചു. കുട്ടികളെ അവരുടെ വിദ്യാലയത്തിൽ വെച്ച് കൊല്ലുന്നത് കുട്ടികളുടെ അവകാശങ്ങളുടെ ഭീകരമായ ലംഘനമാണെന്ന് യൂണിസെഫിന്‍റെ സുഡാൻ പ്രതിനിധി ഷെൽഡൺ യെറ്റ് പ്രസ്താവനയിൽ പറഞ്ഞു.സംഘർഷത്തിന്റെ വില ഒരിക്കലും കുട്ടികൾ  നൽകേണ്ടിവരരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഈ ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കാനും, ദുരിതമനുഭവിക്കുന്നവർക്ക് ആവശ്യമായ മാനുഷിക സഹായം എത്തിക്കാൻ സുരക്ഷിതവും തടസ്സരഹിതവുമായ പ്രവേശനം അനുവദിക്കാനും യെറ്റ് എല്ലാ കക്ഷികളോടും ശക്തമായി ആവശ്യപ്പെട്ടു.

ആര്‍.എസ്.എഫ് അടുത്തിടെ എൽ-ഫാഷർ നഗരം പിടിച്ചടക്കിയിരുന്നു . സാധാരണക്കാര്‍ക്കുനേരെ കൂട്ടക്കൊല, ബലാത്സംഗം, ലൈംഗിക അതിക്രമങ്ങൾ തുടങ്ങിയ ക്രൂരതകൾ ആര്‍.എസ്.ഫ് എൽ-ഫാഷറില്‍ അഴിച്ചുവിട്ടിരുന്നു. 12 ദശലക്ഷത്തിലധികം ആളുകൾ പലായനം ചെയ്തു.

സുഡാനിലെ മനുഷ്യാവകാശ സ്ഥിതി അതീവ ഗുരുതരമാണെന്ന് യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് മുന്നറിയിപ്പ് നൽകി. കോർഡോഫാനിലും എൽ-ഫാഷറിലേതിന് സമാനമായ പുതിയ അതിക്രമങ്ങൾ ഉണ്ടാകാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞില്ല. കഴിഞ്ഞ ആഴ്ചകളിൽ മാത്രം കോർഡോഫാനിൽ നൂറുകണക്കിന് സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഇതിനുപുറമെ, സുഡാനീസ് സൈന്യത്തിന്റെ വ്യോമാക്രമണത്തിൽ കഴിഞ്ഞ ഞായറാഴ്ച കൗഡയിൽ 48 പേർ കൊല്ലപ്പെട്ടിരുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 2023-ൽ ആരംഭിച്ച സുഡാൻ യുദ്ധത്തിൽ ഇതുവരെ 40,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും 12 ദശലക്ഷം പേർക്ക് വീട് ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വരികയും ചെയ്തിട്ടുണ്ട്. യഥാർത്ഥ മരണസംഖ്യ ഇതിലും വളരെ കൂടുതലായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ENGLISH SUMMARY:

Sudan drone attack has resulted in the tragic death of 50 people, including 33 children, at a nursery school in Kordofan. The ongoing civil war between the Sudanese army and the Rapid Support Forces has created a devastating humanitarian crisis.