ഫയല്‍ ചിത്രം

ലോകത്തെ നടുക്കിയ ആണവ ദുരന്തങ്ങളിലൊന്നായിരുന്നു, പണ്ട് യുഎസ്എസ്ആറിന്‍റെ ഭാഗമായിരുന്ന, ഇന്ന് യുക്രെയിനില്‍ സ്ഥിതി ചെയ്യുന്ന ചെര്‍ണോബില്ലിലേത്. അന്നാരംഭിച്ച അണുവികരണം ഇന്നും അവസാനിച്ചിട്ടില്ല. എങ്കിലും തകർന്ന റിയാക്ടറിൽനിന്ന് അണുവികിരണം പുറത്തുവരാതെ സംരക്ഷിക്കുന്നത് ഉരുക്കുകോട്ട പോലെ നിർമിച്ച സുരക്ഷിത കവചമാണ്. എന്നാല്‍ റഷ്യ– യുക്രെയിന്‍ യുദ്ധത്തിനിടെ ഫെബ്രുവരിയിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ ചെർണോബിൽ റിയാക്ടറിന് മുകളിലുള്ള സംരക്ഷണ കവചത്തിന് കേടുപാടുകള്‍ സംഭവിച്ചതാണ് റിപ്പോര്‍ട്ട്. ഉടനടി വലിയ അറ്റകുറ്റപ്പണികൾ വേണ്ടിവരുമെന്നും ഇല്ലെങ്കില്‍ സംരക്ഷണ കവചത്തിന് നിലയത്തിലെ അവശിഷ്ടങ്ങളില്‍ നിന്നുള്ള അണുവികിരണം തടയാന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫെബ്രുവരിയിലെ ഡ്രോൺ ആക്രമണത്തില്‍ സംരക്ഷണ കവചത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായും ഒരു ദ്വാരം ഉണ്ടായിട്ടുണ്ടെന്നുമാണ് രാജ്യാന്തര ആണവോർജ്ജ ഏജൻസി (ഐഎഇഎ) പറയുന്നത്. കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനയിലാണ് ആക്രമണങ്ങളുടെ ആഘാതവും സംഭവിച്ച കേടുപാടുകളും വ്യക്തമായത്. ഇതോടെ സുരക്ഷാ കവചത്തിന്‍റെ പ്രാഥമിക ദൗത്യമായ അണുവികരണങ്ങളെ പ്രതിരോധിക്കുക എന്നത് ഇനി സാധിക്കില്ല. എന്നാൽ സുരക്ഷാകവചത്തിന്‍റെ ഘടനകൾക്കോ നിരീക്ഷണ സംവിധാനങ്ങൾക്കോ സ്ഥിരമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്നാണ് കൂടുതൽ നാശം തടയുന്നതിനും ദീർഘകാല സുരക്ഷ ഉറപ്പാക്കുന്നതിനുമായി സമഗ്ര പുനര്‍നിര്‍മാണം വേണമെന്ന് ഏജന്‍സി അവകാശപ്പെട്ടത്. 

ALSO READ: റേഡിയേഷന്‍ തിന്നുന്ന പൂപ്പല്‍; ചെര്‍ണോബില്ലില്‍ സംഭവിക്കുന്നത് ...

ഫെബ്രുവരി 14 ന് യുഎൻ റിപ്പോർട്ട് ചെയ്തതനുസരിച്ച്, വാർഹെഡുള്ള ഒരു ഡ്രോണാണ് പ്ലാന്‍റില്‍ പതിച്ചത്. ഇത് തീപിടുത്തത്തിന് കാരണമാകുകയും റിയാക്ടറിന് ചുറ്റുമുള്ള ക്ലാഡിങിന് കേടുപാടുകൾ വരുത്തുകയും ചെയ്തിരുന്നു. ഡ്രോൺ റഷ്യൻ നിർമ്മിതമാണെന്നാണ് യുക്രെയിന്‍ വാദിക്കുന്നത്. എന്നാല്‍ തങ്ങളാണ് നിലയം ആക്രമിച്ചതെന്ന യുക്രെയിന്‍ വാദം റഷ്യ നിരസിക്കുന്നുണ്ട്. ആക്രമണമുണ്ടായെങ്കിലും റേഡിയേഷൻ അളവ് സാധാരണ നിലയിലും സ്ഥിരമായും തുടരുന്നുവെന്നും റേഡിയേഷൻ ചോർച്ചയെക്കുറിച്ച് റിപ്പോർട്ടുകളൊന്നുമില്ലെന്നുമാണ് ഫെബ്രുവരിയിൽ യുഎൻ പറഞ്ഞിരുന്നത്.

1986 ഏപ്രില്‍ 26 ന് പുലര്‍ച്ചെയാണ് ചെർണോബിൽ ആണവദുരന്തമുണ്ടായത്. ആണവ വിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ വികിരണങ്ങളേറ്റ് തല്‍ക്ഷണം മരിച്ചത് 36 പേരാണ്. ആയിരക്കണ‌ക്കിനാളുകള്‍ ദുരന്തത്തിന്‍റെ പാര്‍ശ്വഫലങ്ങള്‍ക്കിരയായി കൊല്ലപ്പെടുകയും ചെയ്തു. തുടര്‍ന്ന് നിലയത്തിന്‍റെ 32 കിലോമീറ്റർ ചുറ്റളവിൽ നിന്നായി 1.35 ലക്ഷം പേരെ ഒഴിപ്പിക്കുകയും 'സോണ്‍ ഓഫ് ഏലിയനേഷന്‍' പ്രഖ്യാപിക്കുകയുമായിരുന്നു. അണുവികിരണം പുറത്തു വരാതിരിക്കാന്‍ തകർന്ന റിയാക്ടറിന് ചുറ്റും ഉരുക്കുകോട്ട പോലെ സുരക്ഷിത കവചം നിർമിച്ചു. 30 വർഷത്തെ ആയുസ്സ് മാത്രമുള്ള കോൺക്രീറ്റ് സുരക്ഷാ കവചമാണ് ആദ്യം നിര്‍മ്മിച്ചത്. ശേഷമാണ് പുതിയ സുരക്ഷാകവചം നിര്‍മ്മിക്കുന്നത്. 2019 ലാണ് ഇതിന്‍റെ പണി പൂര്‍ത്തിയായത്. 

ENGLISH SUMMARY:

The protective confinement structure over the damaged Chernobyl nuclear reactor in Ukraine has sustained significant damage, including a large hole, due to a drone attack in February, according to the International Atomic Energy Agency (IAEA). The damage compromises the cover's primary function of radiation shielding. The IAEA, after a recent inspection, urged immediate comprehensive reconstruction to prevent further decay and ensure long-term safety, though the main structure remains intact. Ukraine claimed the drone was Russian-made, an accusation Russia denied. The 1986 Chernobyl disaster remains one of the world's worst nuclear catastrophes, and the cover is crucial for containing residual radiation.