Image: New Zealand Police
ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയാണ് ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് 2017ല്‍ പുറത്തിയ മലയാള ചലച്ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയും. മോഷണം നടത്തി പിടിയിലാകുമ്പോള്‍ മാല വിഴുങ്ങുന്ന കള്ളന്‍. വിഴുങ്ങിയ തൊണ്ടിമുതല്‍ കള്ളന്‍റെ വയറ്റില്‍ നിന്നും പുറത്തെടുക്കാന്‍ പെടാപ്പാട് പെടുന്ന പൊലീസ്. എന്നാല്‍ മോഷ്ടാവ് തൊണ്ടിമുതല്‍ വിഴുങ്ങുന്ന, അത് സ്വാഭാവികമായി പുറത്തുവരുന്ന യഥാര്‍ഥ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ ഒരു സംഭവമാണ് ന്യൂസിലൻഡില്‍ നിന്നും പുറത്തുവരുന്നത്.
ന്യൂസിലൻഡിലെ ഏറ്റവും വലിയ നഗരമായ ഓക്ക്‌ലൻഡിലാണ് സംഭവം. ജെയിംസ് ബോണ്ട് ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച സ്വര്‍ണ പെന്‍ഡന്‍റാണ് മോഷ്ടാവ് വിഴുങ്ങിയത്. മുട്ടയുടെ ആകൃതിയില്‍, 183 വജ്രങ്ങൾ, രണ്ട് ഇന്ദ്രനീല കല്ലുകൾ എന്നിവ പതിപ്പിച്ച ‘ഫാബെർഗെ എഗ് പെൻഡന്റാ’ണിത്. 1983 ലെ ജെയിംസ് ബോണ്ട് ചിത്രമായ ‘ഒക്ടോപസി’യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിര്‍മ്മിച്ച ലിമിറ്റഡ് എഡിഷന്‍ ആഭരണം. 3.3 ഇഞ്ച് നീളം മാത്രമുള്ള പെന്‍ഡന്‍റിന്‍റെ വില 17 ലക്ഷത്തിലേറെ രൂപയാണ്. ഒടുവില്‍ ആറുദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മോഷ്ടാവിന്‍റെ വിസര്‍ജ്യത്തിലൂടെ അത് സ്വാഭാവികമായി പുറത്തെത്തുകയും ചെയ്തു.
നവംബർ 28 ന് ഓക്ക്‌ലൻഡിലെ പാർട്രിഡ്ജ് ജ്വല്ലറിയിലാണ് മോഷണം നടന്നത്. പിന്നാലെ മോഷ്ടാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അന്നുമുതൽ മോഷ്ടാവ് പൊലീസ് കസ്റ്റഡിയിലാണ്. പൊലീസാകട്ടെ തൊണ്ടിമുതല്‍ യുവാവിന്‍റെ ശരീരത്തില്‍ നിന്നും സ്വാഭാവികമായി പുറത്തെത്താനുള്ള കാത്തിരിപ്പിലും. ഇതിനായി പ്രതിക്കൊപ്പം 24 മണിക്കൂറും ഉദ്യോഗസ്ഥർ നിലയുറപ്പിച്ചിരുന്നു. വൈദ്യ ഇടപെടൽ ആവശ്യമില്ലാതെ പെൻഡന്റ് സ്വാഭാവികമായി പുറത്തെത്തിയതായാണ് പൊലീസ് പ്രസ്താവനയില്‍ പറയുന്നത്. പെന്‍ഡന്‍റോടൊപ്പം അതിന്‍റെ പ്രൈസ് ടാഗും ഒരു സ്വര്‍ണ ചെയിനും കൂടിയുണ്ടായിരുന്നു. ഇവയും പുറത്തെത്തിയിരുന്നു. അതേസമയം 32 കാരനായ മോഷ്ടാവിന്‍റെ പേര് പൊലീസ് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. തിങ്കളാഴ്ച പ്രതിയെ ഓക്ക്‌ലൻഡ് ജില്ലാ കോടതിയിൽ ഹാജരാക്കും. അതുവരെ പൊലീസ് കസ്റ്റഡിയിൽ തുടരും.
സ്റ്റോറിന്റെ വെബ്‌സൈറ്റിൽ പറയുന്നതനുസരിച്ച് ലിമിറ്റഡ് എഡിഷനായതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള 50 പെന്‍ഡന്‍റുകള്‍ മാത്രമേ ജ്വല്ലറി നിര്‍മ്മിച്ചിട്ടുള്ളു. സ്വർണ്ണം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. 183 വജ്രങ്ങളും രണ്ട് ഇന്ദ്രനീലക്കല്ലും പതിപ്പിച്ചിട്ടുണ്ട്. തുറന്ന് കഴിഞ്ഞാൽ 18 കാരറ്റ് സ്വർണത്തിൽ നിർമ്മിച്ച നീരാളിയുടെ രൂപമാണ് പെൻഡന്റിന് ഉള്ളിലുള്ളത്. റഷ്യയിലെ ഹൗസ് ഓഫ് ഫെബേജ് ആണ് പെൻഡന്റിന്റെ നിർമ്മാതക്കൾ. 19ാം നൂറ്റാണ്ട് മുതൽ ഇത്തരം പെൻഡന്റുകൾ നിർമ്മിക്കുന്നുണ്ട്. എന്നാല്‍ സ്വർണ നീരാളിയുള്ള പെൻഡന്റ് നിർമ്മിച്ച് തുടങ്ങിയത് 1983ലെ ഒക്ടോപസി എന്ന ചിത്രത്തിന് ശേഷമാണ്.