നഷ്ടത്തിലായ പാക്കിസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സ് വില്‍ക്കാന്‍ വീണ്ടും ശ്രമം തുടങ്ങി പാക്കിസ്ഥാന്‍. ഡിംബര്‍ 23 ന് ലേലം നടക്കുമെന്ന് പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐഎംഎഫിന്‍റെ 7 ബില്യണ്‍ ഡോളര്‍ വായ്പ പദ്ധതിയുടെ ഭാഗമായാണ് എയര്‍ലൈന്‍സ് സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം.
നഷ്ടത്തിലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പരിഷ്കരിക്കുകയോ വിൽക്കുകയോ ചെയ്യണമെന്നാണ് ഐഎംഎഫ് വായ്പ പദ്ധതി പറയുന്നത്. കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാന്‍ എയര്‍ലൈന്‍സിന്‍റെ ഓഹരികൾ വിൽക്കാന്‍ ശ്രമിച്ചെങ്കിലും പ്രതീക്ഷിച്ചത്ര വില ലഭിക്കാത്തതിനാല്‍ സര്‍ക്കാര്‍ ഇത് റദ്ദാക്കിയിരുന്നു. പുതിയ ലേലത്തിന് മുന്നോടിയായി പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വിവിധ കമ്പനി പ്രതിനിധികളെ കണ്ടു.
സ്വകാര്യവല്‍ക്കരണത്തോടെ പാക്കിസ്ഥാന്‍ എയര്‍ലൈന്‍സിന്‍റെ നഷ്ടപ്പെട്ട അന്തസ് പുനഃസ്ഥാപിക്കാനാകുമെന്നും ആധുനിക വ്യോമയാന സംവിധാനങ്ങളൊരുക്കാന്‍ സഹായകമാകുമെന്നും ഷെഹബാസ് ഷെരീഫ് പറഞ്ഞു. അതേസമയം, ലേലത്തിന് മുന്‍കൂര്‍ യോഗ്യത നേടിയ നാലു കമ്പനികളിലൊന്ന് സൈനിക നിയന്ത്രണത്തിലുള്ള ഫൗജി ഫൗണ്ടേഷന്‍റെ ഭാഗമായ ഫൗജി ഫെർട്ടിലൈസർ കമ്പനി ലിമിറ്റഡാണ്. ഇതുകൂടാകെ ലക്കി സിമന്‍റ് കണ്‍സോര്‍ഷ്യം, ആരിഫ് ഹബീബ് കോര്‍പ്പറേഷന്‍ കണ്‍സോര്‍ഷ്യം, എയര്‍ ബ്ലൂ ലിമിറ്റഡ് എന്നിവരാണ് വിമാന കമ്പനി വാങ്ങാനുള്ള ലേലത്തില്‍ പങ്കെടുക്കുക.
പാക്ക് സൈന്യം നിയന്ത്രിക്കുന്ന പാക്കിസ്ഥാനിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് ശ്രംഖലയായ ഫൗജി ഫൗണ്ടേഷന് കീഴിലുള്ള കമ്പനിയാണ് ഫൗജി ഫെർട്ടിലൈസർ. പാക്കിസ്ഥാനിലെ സൈനിക നേതൃത്വമായ ഫീൽഡ് മാർഷൽ അസിം മുനീർ ഫൗജി ഫൗണ്ടേഷനില്‍ നേരിട്ട് സ്ഥാനങ്ങളൊന്നും വഹിക്കുന്നില്ലെങ്കിലും ഫൗജി ഫൗണ്ടേഷന്റെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന്‍റെ ഭാഗമായ ക്വാർട്ടർമാസ്റ്റർ ജനറലിനെ നിയമിക്കുന്നത് അസിം മുനീറാണ്.