FILE PHOTO: Pakistan's Prime Minister Imran Khan speaks during a joint news conference with Afghan President Ashraf Ghani (not pictured) at the presidential palace in Kabul, Afghanistan November 19, 2020. REUTERS/Mohammad Ismail/File Photo
പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മരിച്ചെന്ന അഭ്യൂഹങ്ങള്‍ക്ക് ആക്കമേറ്റി മകന്‍ കാസിം ഖാന്‍റെ പ്രസ്താവന. ഒരിക്കലും തിരുത്താന്‍ കഴിയാത്തത് പിതാവിന്‍റെ കാര്യത്തില്‍ സംഭവിച്ചെന്ന് ഭയക്കുന്നതായാണ് കാസിം പറയുന്നത്. ഇമ്രാനെ കാണമെന്നും വിവരങ്ങള്‍ അറിയണമെന്നുമുള്ള കുടുംബത്തിന്‍റെ ആവശ്യത്തോട് ഒരാഴ്ചയായി ജയില്‍ അധികൃതര്‍ മുഖം തിരിച്ചിരിക്കുകയാണ്. ഡോക്ടറുടെ സേവനം പോലും ഇമ്രാന് കുറേക്കാലമായി ലഭ്യമാകുന്നില്ലെന്നും കാസിം റോയിറ്റേഴ്സിനോട് പറഞ്ഞു.
ആഴ്ചയിലൊരിക്കല്‍ വീതം കാണാന്‍ അനുവദിക്കണമെന്ന് കോടതി നിര്‍ദേശമുണ്ടായിട്ട് പോലും ജയില്‍ അധികൃതര്‍ അതിന് തയ്യാറാകുന്നില്ലെന്നാണ് കാസിം പറയുന്നത്. 'പിതാവ് സുരക്ഷിതനാണോ? ജീവന്‍ അപകടത്തിലാണോ? അതോ ജീവിച്ചിരുപ്പുണ്ടോ എന്നുപോലും അറിയാന്‍ കഴിയാതെ ഇരിക്കേണ്ടി വരുന്നത് കടുത്ത മാനസിക സമ്മര്‍ദവും പീഡയുമാണെ'ന്നും ഇമ്രാനെ കുറിച്ച് ഒന്നും അറിയാന്‍ ഒരു നിവൃത്തിയുമില്ലെന്നും കാസിം വെളിപ്പെടുത്തി.
നവംബര്‍ 22നാണ് കുടുംബാംഗങ്ങള്‍ അവസാനമായി ഇമ്രാനെ സന്ദര്‍ശിച്ചത്. ഇതിനിടെ ഇമ്രാന് നേരെ വധശ്രമം ഉണ്ടായിരുന്നുവെന്നും ഒരു വര്‍ഷമായി വൈദ്യസഹായം നിഷേധിക്കുകയാണെന്നും കുടുംബം ആരോപിക്കുന്നു. അതേസമയം ഇമ്രാനെ കുറിച്ച് പരക്കുന്നതെല്ലാം അഭ്യൂഹം മാത്രമാണെന്നും ആരോഗ്യവാനായി ഇമ്രാന്‍ ജയിലില്‍ കഴിയുന്നുവെന്നും ജയില്‍ അധികൃതരില്‍ ഒരാള്‍ വെളിപ്പെടുത്തിയതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇമ്രാന്‍ ഖാനെ അപായപ്പെടുത്തിയെന്ന ആരോപണങ്ങള്‍ പ്രചരിക്കുന്നതിനിടെ പിടിഐ പ്രവര്‍ത്തകര്‍ വന്‍ പ്രതിഷേധ പരിപാടിക്ക് ആഹ്വാനം ചെയ്തു. ഇസ്ലമാബാദ് ഹൈക്കോടതിക്കും റാവല്‍പിണ്ടിയിലെ അദെയ്ല ജയിലിനും പുറത്തായി കൂറ്റന്‍ പ്രക്ഷോഭത്തിനാണ് പിടിഐ പദ്ധതിയിടുന്നത്. എന്നാല്‍ പ്രക്ഷോഭങ്ങളും കൂട്ടം ചേരലും വിലക്കി സര്‍ക്കാര്‍ നേരത്തെ തന്നെ ഉത്തരവിറക്കിയിരുന്നു. ഇസ്‍ലമാബാദിലും റാവല്‍പിണ്ടിയിലും 144 ഉം പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ വരെയാണ് കര്‍ഫ്യൂ. അഞ്ചോ അതിലധികമോ ആളുകള്‍ ചേര്‍ന്നുള്ള എല്ലാത്തരത്തിലുമുള്ള സംഘം ചേരലുകള്‍, റാലികള്‍,പ്രകടനങ്ങള്‍, ധര്‍ണകള്‍, ആയുധങ്ങള്‍, പെട്രോള്‍ ബോംബുകള്‍, മറ്റ് സ്ഫോടക വസ്തുക്കള്‍ എന്നിവയുമായി സഞ്ചരിക്കല്‍, ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കല്‍, വിദ്വേഷ പ്രസംഗങ്ങള്‍, വാഹനങ്ങളെയോ ആളുകളെയോ തടയല്‍ എന്നിവയാണ് വിലക്കിയിരിക്കുന്നത്.
അതേസമയം, സര്‍ക്കാര്‍ വിലക്ക് കാര്യമാക്കുന്നില്ലെന്നും ഹൈക്കോടതിക്ക് മുന്നില്‍ പ്രതിഷേധ യോഗം ചേര്‍ന്ന ശേഷം അദെയ്ല ജയിലിലേക്ക് റാലിയായി പോകുമെന്നാണ് പിടിഐ നേതാവ് അസദ് ഖാസിര്‍ വ്യക്തമാക്കിയതായി പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.