പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിലെത്തി കണ്ട് സഹോദരി ഉസ്മ ഖാന്‍. ഇമ്രാന്‍ ജീവനോടെയുണ്ടെന്നും ഏകാന്ത തടവില്‍ കടുത്ത മാനസിക പീഡനം നേരിടുന്നെന്നും സഹോദരി വെളിപ്പെടുത്തി.
ജയിലിൽചെന്നു കാണാൻ അനുവദിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ ആദിയാല ജയിധികൃതർക്കെതിരെ നേരത്തെ കോടതിയലക്ഷ്യ ഹർജി നൽകിയിരുന്നു. ആഴ്ചയിൽ 2 തവണ ഇമ്രാന് ബന്ധുക്കളെയും മറ്റും കാണാൻ അവസരമൊരുമെന്ന് ഇസ്‌ലാമാബാദ് ഹൈക്കോടതി മാർച്ചിൽ പറഞ്ഞിരുന്നു. ഇതു ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയലക്ഷ്യ ഹർജി. ഇമ്രാൻ ജയിലിൽ കൊല്ലപ്പെട്ടതായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇമ്രാനെ കാണാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ആദിയാല ജയിലിനുപുറത്ത് കാത്തുനിന്ന സഹോദരിമാരായ അലീമ ഖാൻ, ഡോ. ഉസ്മ ഖാൻ, നോറീൻ നിയാസി എന്നിവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുകയും മർദിക്കുകയും ചെയ്തത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. ഇതോടെ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) പാർട്ടിയുടെ ആയിരക്കണക്കിനു പ്രവർത്തകരാണ് ജയിലിനു മുന്നിലേക്ക് ഒഴുകിയെത്തിയത്. ഒരു മാസമായി കുടുംബാംഗങ്ങൾക്കോ അഭിഭാഷകർക്കോ ഇമ്രാനെ കാണാൻ അനുമതി ലഭിച്ചിട്ടില്ല. ഇമ്രാന്റെ പാർട്ടിയുടെ നേതാവും ഖൈബർ പഖ്തൂൺഖ്വ മുഖ്യമന്ത്രിയുമായ സൊഹൈൽ അഫ്രീദിക്കും ഇമ്രാനെ കാണാൻ അനുമതി ലഭിച്ചില്ല.
ഇമ്രാന് കുഴപ്പമൊന്നുമില്ലെന്നും ആരോഗ്യവാനാണെന്നും ജയിലധികൃതർ അറിയിച്ചു. കഴിഞ്ഞ മാസം 4നുശേഷം ഇമ്രാനെ കാണാന്‍ ആര്‍ക്കും സാധിച്ചിരുന്നില്ല. സന്ദർശനാനുമതി നിഷേധിക്കുന്നതിന് കാരണമൊന്നും പറയുന്നില്ല. ചികിത്സ നിഷേധിക്കുന്നതായും പാർട്ടി ആരോപിച്ചു.