Image:AI
തെക്കുപടിഞ്ഞാറന്‍ ചൈനയില്‍ പാളത്തില്‍ അറ്റകുറ്റപ്പണി നടത്തിയിരുന്ന തൊഴിലാളികള്‍ക്കുമേല്‍ ട്രെയിന്‍ പാഞ്ഞുകയറി. 11 റെയില്‍വേ ജീവനക്കാര്‍ കൊല്ലപ്പെട്ടു. യൂനാന്‍ പ്രവിശ്യയിലാണ് അപകടമുണ്ടായത്. ഭൂകമ്പ സാധ്യത തിരിച്ചറിയുന്നതിനുള്ള ഉപകരണം പരീക്ഷിക്കുന്നതിനായി സര്‍വീസ് നടത്തിയ ട്രെയിനാണ് കുമിന്‍ങിലെ ലുവാങ് സ്റ്റേഷനില്‍ അപകടമുണ്ടാക്കിയത്.
സ്റ്റേഷനുള്ളിലെ വളവില്‍ ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടത്തുകയായിരുന്നു നിര്‍മാണത്തൊഴിലാളികള്‍. വളവായതിനാല്‍ തന്നെ ട്രെയിന്‍ വന്നത് ഇവര്‍ കണ്ടില്ല. തൊഴിലാളികള്‍ ട്രാക്കില്‍ നിന്നത് ലോക്കോ പൈലറ്റിന്‍റെ ശ്രദ്ധയിലും പെട്ടില്ല. അപകടത്തിന്‍റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി വകുപ്പ് അന്വേഷണം ആരംഭിച്ചു. ഉച്ചയോടെ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചുവെന്നും പരുക്കേറ്റവരെ ഉടനടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ചൈനയിലുണ്ടായ ഏറ്റവും വലിയ ട്രെയിന്‍ അപകടമാണിത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ റെയില്‍ ഗതാഗതമാണ് ചൈനയിലേത്. കാര്യക്ഷമതയില്‍ മുന്നിലാണെങ്കിലും ഇത്തരം അപകടങ്ങള്‍ ചൈനയില്‍ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. നിര്‍മാണത്തൊഴിലാളികള്‍ക്ക് മതിയായ സുരക്ഷ ഉറപ്പിക്കുന്നതില്‍ വരുന്ന വീഴ്ചയാണിതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2011 ല്‍ സെജിയാങിലുണ്ടായ അപകടത്തില്‍ 40 പേര്‍ കൊല്ലപ്പെടുകയും 200 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുരുന്നു. 2021 ല്‍ നിര്‍മാണത്തൊഴിലാളികള്‍ക്ക് മേല്‍ ട്രെയിന്‍ പാഞ്ഞുകയറി ഒന്‍പത് പേരും മരിച്ചിരുന്നു.