TOPICS COVERED

ടെക്‌സസിൽ വച്ചുനടന്ന സ്ട്രോങ്മാൻ ഗെയിംസ് ലോക ചാമ്പ്യൻഷിപ്പിലെ വനിതാ ഓപ്പൺ വിഭാഗത്തിലെ വിജയി ജാമി ബൂക്കറിന് നല്‍കിയ കിരീടം പിന്‍വലിച്ചു. വനിതാ ഓപ്പൺ വിഭാഗത്തിൽ ആൻഡ്രിയ തോംസണെ നേരിയ വ്യത്യാസത്തിൽ പരാജയപ്പെടുത്തിയാണ് ജാമി ആദ്യം ചാപ്യനായി പ്രഖ്യാപിക്കപ്പെട്ടത്. എന്നാൽ മത്സരം കഴിയുന്നതിന് പിന്നാലെ, രേഖാ പരിശോധനയിൽ യോഗ്യതാ ചട്ടം ലംഘിച്ചതായി വ്യക്തമായതോടെ ജാമിയെ അയോഗ്യയാക്കി.

ജാമിയുടെ ജനനസമയത്തെ രേഖകളിൽ ‘പുരുഷൻ’ എന്നാണ് രേഖപ്പെടുത്തിയിരുന്നതെന്ന് സമിതി സ്ഥിരീകരിച്ചു. ലിംഗാടിസ്ഥാനത്തില്‍ മാത്രമേ വനിത–പുരുഷ വിഭാഗങ്ങളിലായി മത്സരം നടത്തൂ എന്ന നിബന്ധന ചൂണ്ടിക്കാട്ടിയാണ് അയോഗ്യയാക്കിയത്. ജാമി അയോഗ്യയാക്കപ്പെട്ടതിനു പിന്നാലെ വനിതാവിഭാഗത്തിലെ എല്ലാ കായിക താരങ്ങളുടെയും റാങ്കിങുകളും പോയിന്റുകളും പുതുക്കി നിശ്ചയിച്ചു. അതോടെ ആൻഡ്രിയ തോംസൺ ഔദ്യോഗികമായി 2025 -ലെ ലോകത്തിലെ ഏറ്റവും ശക്തയായ വനിതയായി പ്രഖ്യാപിക്കപ്പെട്ടു. ഓസ്‌ട്രേലിയൻ മത്സരാർഥിയായ അല്ലിറ-ജോയ് കൗലിക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. 

ജാമി ബൂക്കറിന്‍റെ പശ്ചാത്തലം തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നും, അറിയാമായിരുന്നെങ്കിൽ വനിതാ വിഭാഗത്തിൽ മത്സരിക്കാൻ അനുവദിക്കില്ലായിരുന്നു എന്നുമാണ് സംഘാടകരുടെ വിശദീകരണം. വിവേചനം പ്രോത്സാഹിപ്പിക്കാനല്ല, മറിച്ച് ലിംഗ അടിസ്ഥാന വിഭാഗീകരണത്തിന്‍റെ നിലവിലെ നിയമം അനുസരിക്കാനാണ് ഈ തീരുമാനം എന്നും സമിതി കൂട്ടിച്ചേര്‍ത്തു. മത്സര ഫലം തിരുത്തിയതോടെ ശക്തി കായിക വിനോദങ്ങളിലെ യോഗ്യതാ മാനദണ്ഡങ്ങളും, നിലവിലെ നിയമങ്ങളിലെ പരിധികളും, മാനദണ്ഡ പരിഷ്‌ക്കരണത്തിന്‍റെ ആവശ്യകതയും വീണ്ടും ആഗോള തലത്തിൽ ചര്‍ച്ചയായി.

ENGLISH SUMMARY:

The winner of the Women's Open division at the Strongman Games World Championship in Texas, Jamie Booker, was stripped of her title shortly after being declared the champion. Booker, who narrowly defeated Andrea Thompson, was disqualified following a document check that revealed a violation of eligibility rules. Organizers confirmed that Booker's birth certificate recorded her sex as 'male,' citing the rule that competition categories (Men's/Women's) are strictly based on the sex assigned at birth.