putin-trump-zelensky

മൂന്നര വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിന് റഷ്യയുമായി സമാധാന കരാറിന് യുക്രെയ്ൻ സമ്മതിച്ചതായി റിപ്പോര്‍ട്ട്. അബുദാബിയിൽ റഷ്യൻ പ്രതിനിധികളുമായി യുഎസ് ആർമി സെക്രട്ടറി ഡാൻ ഡാൻ ഡ്രിസ്‌കോൾ ചർച്ച നടത്തിയതിനു പിന്നാലെയാണ് സമാധാന കരാറിന് ധാരണയായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ചില കാര്യങ്ങളില്‍ തീരുമാനമാകാനുണ്ടെങ്കിലും യുക്രെയ്ൻ സമാധാന കരാറിന് സമ്മതിച്ചതായാണ് സിഎൻഎൻ റിപ്പോർട്ടു ചെയ്യുന്നത്.

ഞായറാഴ്ച യുഎസ്, യുക്രെയ്ൻ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ജനീവയിൽ ചർച്ച നടത്തിയിരുന്നു. അമേരിക്ക മുന്നോട്ടുവച്ച 28 ഇന സമാധാന കരാറിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിനിധികൾ പൊതുധാരണയിലെത്തിയത്. ഇരുവശത്തുനിന്നുമുള്ള അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ മികച്ച പദ്ധതിയാണ് രൂപകൽപ്പന ചെയ്തതെന്ന് സമൂഹമാധ്യമക്കുറിപ്പില്‍ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. സമാധാന കരാര്‍ യുക്രെയ്ൻ അംഗീകരിച്ചതോടെ റഷ്യയുമായി ചര്‍ച്ച നടത്തുമെന്നും ട്രംപ് വ്യക്തമാക്കി.

സമാധാനത്തിനായുള്ള നിരവധി സാധ്യതകള്‍ കാണുന്നതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയും എക്സില്‍ കുറിച്ചിരുന്നു. കരാറിന്റെ വ്യവസ്ഥകളെക്കുറിച്ച് പ്രതിനിധികൾ പൊതു ധാരണയിലെത്തിയതായി യുക്രെയിന്‍റെ ദേശീയ സുരക്ഷാ സെക്രട്ടറി റുസ്‌തം ഉമറോവ് എക്സില്‍ കുറിച്ചു. തുടർന്നുള്ള നടപടികളിൽ യൂറോപ്യൻ രാജ്യങ്ങളുടെ പിന്തുണ പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. അന്തിമ നടപടികള്‍ക്കായി സെലൻസ്കി ഈ മാസം തന്നെ അമേരിക്ക സന്ദര്‍ശിച്ചേക്കും. കരാറിലെ ‘സെൻസിറ്റീവ് വിഷയങ്ങൾ’ ചർച്ച ചെയ്യുന്നതിനായി കൂടിയായിരിക്കും സന്ദര്‍ശനം.

ട്രംപിന്റെ പശ്ചിമേഷ്യ കാര്യ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും പുട്ടിന്റെ ഉപദേഷ്ടാവ് കിറിൽ ദിമിത്രീവും ചേർന്നാണ് സമാധാന കരാറിനായുള്ള കരട് തയാറാക്കിയത്. യുക്രെയ്ന്‍റെ ആവശ്യപ്രകാരം ഏതാനും വ്യവസ്‌ഥകളിൽ ഭേദഗതി വരുത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുക്രെയ്ൻ നാറ്റോയിൽ ചേരാൻ പാടില്ല, യുക്രെയ്ൻ സൈനികരുടെ എണ്ണം 6 ലക്ഷമായി കുറയ്ക്കണം, യുദ്ധത്തിൽ പിടിച്ചെടുത്ത ക്രൈമിയ, ലുഹാൻസ്ക്, ഡോണെറ്റ്സ്ക് എന്നീ പ്രവിശ്യകൾ റഷ്യയ്ക്കു വിട്ടുകൊടുക്കണം, ഹേഴ്സൻ, സാപൊറീഷ്യ എന്നിവിടങ്ങൾ ഭാഗികമായി റഷ്യ കയ്യിൽവയ്ക്കും, സാപൊറീഷ്യ ആണവനിലയത്തിൽനിന്നുള്ള വൈദ്യുതിയുടെ പകുതി റഷ്യയ്ക്കു നല്‍കണം എന്നിവയായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥകൾ.

കരാര്‍ റഷ്യയ്ക്ക് അനുകൂലമാണെന്ന് നേരത്തേ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ യുക്രെയ്ൻ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ ഭേദഗതികള്‍ വരുത്തി കരാര്‍ 19 പോയിന്റുകളുള്ളതാക്കി മാറ്റിയെന്നാണ് സൂചന.

ENGLISH SUMMARY:

Reports suggest Ukraine has agreed to a framework for a peace deal with Russia, aiming to end the three-and-a-half-year conflict, following US-led negotiations in Abu Dhabi and Geneva. US President Donald Trump stated a broad consensus was reached on the 28-point plan, which was later modified to 19 points. Key revised provisions reportedly include Ukraine remaining non-aligned (not joining NATO), troop reductions, and Russia retaining control of Crimea, Luhansk, and Donetsk, with partial control over Kherson and Zaporizhzhia (and half the nuclear plant's electricity). Ukrainian President Zelenskyy is expected to visit the US soon to discuss "sensitive issues" in the final agreement.