Image Credit: Handout/ GoP
ഇരുപത്തേഴാം ഭരണഘടനാഭേഗഗതി വഴി പാക്കിസ്ഥാനിലെ പാവ സര്‍ക്കാരും പാര്‍ലമെന്‍റും കരസേനാമേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിംമുനീറിന്‍റെ കാല്‍ക്കല്‍ ആ രാജ്യത്തിന്‍റെ അധികാരം അടിയറവച്ചിട്ട് രണ്ടാഴ്ചയാകുന്നു. 27ന് അസിം മുനീര്‍ പാക്കിസ്ഥാന്‍റെ ആദ്യ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ആയി അധികാരമേല്‍ക്കും. വെറും സെറിമോണിയല്‍ പദവിയല്ല അത്. പാക്കിസ്ഥാനിലെ മൂന്ന് സൈനികവിഭാഗങ്ങളുടെയും സംയുക്ത മേധാവിയും കരസേനയുടെ മേധാവിയുമായിരിക്കും അസിം മുനീര്‍. ഒപ്പം പാക്കിസ്ഥാന്‍റെ ആണവായുധങ്ങള്‍ നിയന്ത്രിക്കുന്ന സ്ട്രാറ്റജിക് കമാന്‍ഡിന്‍റെ നിയന്ത്രണവും ഫീല്‍ഡ് മാര്‍ഷലിന്‍റെ കരങ്ങളില്‍ ഒതുങ്ങി. മാത്രമല്ല, ഫീല്‍ഡ‍് മാര്‍ഷല്‍ എന്ന നിലയില്‍ ആജീവനാന്തം അസിം മുനീര്‍ യൂണിഫോമില്‍ ഉണ്ടാകും. കരസേനാമേധാവി പദവി ഒഴിയുമ്പോള്‍ ഫീല്‍ഡ് മാര്‍ഷലിന് മറ്റേത് പദവിയും ഉത്തരവാദിത്തവും നല്‍കണം എന്ന് സര്‍ക്കാര്‍ തീരുമാനിക്കണം എന്നാണ് ഭരണഘടനയുടെ അനുച്ഛേദം 243 പറയുന്നത്. അതായത് തന്‍റെയും പാക്കിസ്ഥാന്‍റെയും ഭാവി മുനീറിന് തന്നെ നിശ്ചയിക്കാവുന്ന അവസ്ഥ. എന്തുചെയ്താലും മുനീറിനെ പ്രോസിക്യൂട്ട് ചെയ്യാനുമാവില്ല.
അസിം മുനീറിന്‍റെ അധികാരവിപുലീകരണത്തിനൊപ്പം നടപ്പാക്കിയ ഏറ്റവും കാതലായ ഭരണഘടനാഭേദഗതിയാണ് പാക്കിസ്ഥാന്‍ സുപ്രീംകോടതിയെ അപ്രസക്തമാക്കുന്ന ഫെഡറല്‍ ഭരണഘടനാ കോടതി രൂപീകരണം. ഭരണഘടനാവിഷയങ്ങളും കേന്ദ്ര–സംസ്ഥാന തര്‍ക്കങ്ങളും മനുഷ്യാവകാശപ്രശ്നങ്ങളുമടക്കം ഏറ്റവും കാതലായ നിയമപ്രശ്നങ്ങള്‍ എഫ്.സി.സിയുടെ പരിധിയിലായി. സുപ്രീംകോടതി വെറും അപ്പീല്‍ കോടതി മാത്രമായി. പാക്കിസ്ഥാനിലെ ഏത് കോടതിയിലുമുള്ള കേസുകള്‍ വിളിച്ചുവരുത്താനുള്ള അധികാരവും ഫെഡറല്‍ ഭരണഘടനാ കോടതിക്കുണ്ട്. ഈ ഭേദഗതിയില്‍ പ്രസിഡന്‍റ് ഒപ്പിട്ട ദിവസം പാക്കിസ്ഥാന്‍ സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിമാരായ ജസ്റ്റിസ് മന്‍സൂര്‍ അലി ഷായും അതര്‍ മിനള്ളയും രാജിവച്ചു. ഇരുപത്തേഴാം ഭേദഗതി പാക്കിസ്ഥാന്‍ ഭരണഘടനയുടെ അടിത്തറ തകര്‍ക്കുന്നതാണ് എന്ന് അസന്നിഗ്ധമായി പറഞ്ഞായിരുന്നു ഇരുവരുടെയും രാജി. എഫ്സിസി രൂപവല്‍കരണം മാത്രമല്ല, ജഡ്ജിമാരുടെ നിയമനവും സ്ഥലംമാറ്റവുമെല്ലാം സര്‍ക്കാരിന്‍റെ അധീനത്തിലാക്കുക കൂടി ചെയ്തതോടെ അസിം മുനീറിന്‍റെ കൈകള്‍ അതിശക്തമായി.
സ്വാതന്ത്ര്യത്തിനുശേഷമുള്ള 76 വര്‍ഷക്കാലത്തിനിടെ ചുരുങ്ങിയ കാലം മാത്രമേ ജനാധിപത്യസര്‍ക്കാരുകള്‍ പാക്കിസ്ഥാന്‍ ഭരിച്ചിട്ടുള്ളു. പട്ടാള അട്ടിമറികളും സൈനികഭരണവുമായിരുന്നു മിക്ക സമയത്തും. ജനറല്‍ അയൂബ് ഖാനില്‍ തുടങ്ങി ജനറല്‍ സിയാ ഉള്‍ഹഖിലൂടെ ജനറല്‍ പര്‍വേസ് മുഷാറഫ് വരെ നീളുന്നു പട്ടാളമേധാവികളുടെ ഭരണ ചരിത്രം. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ ഭരിക്കുമ്പോഴും യഥാര്‍ഥത്തില്‍ പാക്കിസ്ഥാന്‍റെ ഭരണം പട്ടാളത്തിന്‍റെ സ്വാധീനത്തില്‍ തന്നെയായിരുന്നു. പക്ഷേ അതിനെയെല്ലാം കടത്തിവെട്ടുന്ന അധികാരകേന്ദ്രീകരണമാണ് ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ സാധ്യമാക്കിയിരിക്കുന്നത്. ഭരണഘടനയില്‍ത്തന്നെ സ്വന്തം ഇടമുറപ്പിച്ചുള്ള ആ നീക്കം പാക്കിസ്ഥാനിലെ എന്നല്ല ലോകത്തെ തന്നെ ഏറ്റവും അധികാരമുള്ള സൈനികമേധാവിയായി അസിം മുനീറിനെ മാറ്റിയിരിക്കുന്നു. ചൈനയിലെയും ഉത്തരകൊറിയയിലെയുമെല്ലാം ഭരണത്തലവന്മാരുടെ നിരയിലേക്കാണോ മുനീറിന്‍റെ പോക്ക് എന്ന് ചിന്തിച്ചാല്‍ അല്‍ഭുതപ്പെടാനില്ല.
അസിം മുനീറിനെ സര്‍വാധികാരിയാക്കുന്ന ഭരണഘടനാഭേദഗതിയെ സ്വാഭാവികമായും ഇന്ത്യ അങ്ങേയറ്റം കരുതലോടെയാണ് നിരീക്ഷിക്കുന്നത്. ഭരണഘടനാഭേദഗതിയുടെ കാരണം തന്നെ ‘ഓപ്പറേഷന്‍ സിന്ദൂറി’ല്‍ നിന്ന് ലഭിച്ച തിരിച്ചറിവുകളാണെന്ന് പാക്കിസ്ഥാന്‍ ഭരണാധികാരികള്‍ തുറന്നുപറയുമ്പോള്‍ എന്തൊക്കെയാണ് ഇനി ഇന്ത്യ പ്രതീക്ഷിക്കേണ്ടത്?
നയരൂപീകരണം: പാക്കിസ്ഥാന്‍ സര്‍ക്കാരിന്‍റെ വിദേശ, സാമ്പത്തിക, പ്രതിരോധ നയങ്ങളെല്ലാം ഇപ്പോള്‍ത്തന്നെ തീരുമാനിക്കുന്നത് സൈനികനേതൃത്വമാണ്. പ്രധാനമന്ത്രിയും പ്രസിഡന്‍റും പാര്‍ലമെന്‍റുമെല്ലാം നോക്കുകുത്തികള്‍ മാത്രം. ഇനിയങ്ങോട്ട് ഈ നയങ്ങളിലെല്ലാം അസിം മുനീറിന്‍റെ നേരിട്ടുള്ള നിയന്ത്രണമുണ്ടാകും. നയതന്ത്രതലത്തിലും മറ്റ് ആഗോളവേദികളിലും ഇന്ത്യയ്ക്കെതിരെ കൂടുതല്‍ ശക്തമായ നീക്കങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും മുനീര്‍ തുനിയാനുള്ള സാധ്യത വളരെയധികമാണ്.
ഭീകരത: ഭീകരസംഘടനകളെ ഉപയോഗിച്ചുള്ള നിഴല്‍യുദ്ധം കൂടുതല്‍ ശക്തിപ്പെട്ടേക്കാം. ഇതുവരെ ഭീകരര്‍ക്ക് പിന്നില്‍ നിന്നുള്ള പിന്തുണയാണ് പാക്കിസ്ഥാന്‍ സൈന്യവും ഐഎസ്ഐയും സര്‍ക്കാരുമെല്ലാം നല്‍കിയിരുന്നതെങ്കില്‍ ഇനി അത് അത്ര രഹസ്യമായിരിക്കില്ല. ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട കൊടുംഭീകരരുടെ സംസ്കാരച്ചടങ്ങുകളില്‍ സൈന്യത്തിലെ ഉന്നതര്‍ പരസ്യമായി എത്തിയത് വലിയ സന്ദേശമാണ്. ഇന്ത്യയിലെ സുരക്ഷാസ്ഥിതിയെ മാത്രമല്ല അഫ്ഗാനിസ്ഥാനില്‍ ഇന്ത്യയ്ക്കുള്ള താല്‍പര്യങ്ങളും സ്വാധീനവും ഇല്ലാതാക്കാനും ഇവരെ ഉപയോഗിച്ച് മുനീര്‍ ശ്രമിച്ചേക്കാം.
കശ്മീര്‍: കശ്മീരില്‍ അസ്വസ്ഥത സൃഷ്ടിക്കാനും ഇപ്പോള്‍ നടക്കുന്ന സാമ്പത്തികമുന്നേറ്റം തടയാനും ഭീകരരെ ഉപയോഗിച്ചുള്ള നീക്കങ്ങള്‍ക്ക് പാക് സൈന്യം മുതിരാനുള്ള സാധ്യത ഏറെയാണ്. പാക്കിസ്ഥാന്‍ സൈന്യത്തിന്‍റെ നിലനില്‍പ്പുതന്നെ കശ്മീര്‍ പ്രശ്നത്തില്‍ ഊന്നിയാണ് എന്നതിനാല്‍ പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങളൊക്കെ മുളയിലേ നുള്ളപ്പെട്ടേക്കാം.
അതിര്‍ത്തിയിലെ സ്ഥിതി: അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തെ പ്രകോപിപ്പിക്കുന്ന ഇടപെടലുകള്‍ പാക്കിസ്ഥാന്‍ സൈന്യം വര്‍ധിപ്പിക്കാനുള്ള സാധ്യതയാണ് മറ്റൊന്ന്. കാര്‍ഗില്‍ പോലെയുള്ള കയ്യേറ്റങ്ങള്‍ക്കുള്ള സാധ്യതപോലും തള്ളിക്കളയാനാവില്ല. ഇത് ഇന്ത്യയുടെ പ്രതിരോധ ഇടപെടലുകളെ കാര്യമായി സ്വാധീനിക്കും.
ആണവഭീഷണി: പാക്കിസ്ഥാന്‍റെ ആണവായുധശേഖരം പൂര്‍ണമായും സൈന്യത്തിന്‍റെ നിയന്ത്രണത്തിലായതിനാല്‍ അതുവച്ചുള്ള ബ്ലാക്മെയിലിങ്ങിന് ശക്തികൂടും. അത് നേരിടുന്നതിനുള്ള തന്ത്രങ്ങളും മുന്നൊരുക്കങ്ങളും പരിഷ്കരിക്കേണ്ടിവരും.
പാക്കിസ്ഥാനില്‍ ജനാധിപത്യം അസ്തമിച്ചു എന്നത് വെറും ആരോപണമല്ല, യാഥാര്‍ഥ്യമാണ്. അത്തരമൊരു സാഹചര്യത്തില്‍ പാക്കിസ്ഥാന്‍റെ പുതിയ കാരക്ടര്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് ഇന്ത്യ ആഴത്തില്‍ വിലയിരുത്തുന്നുണ്ട്. അതിര്‍ത്തിക്കപ്പുറത്തെ ഓരോ സംഭവവികാസങ്ങളും മുന്‍പെന്നത്തെക്കാളും വിപുലമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. അതിര്‍ത്തി സംരക്ഷിക്കാന്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ശക്തമാക്കിക്കഴിഞ്ഞു. മൂന്ന് സേനാവിഭാഗങ്ങളുടെയും യോജിപ്പും സംയുക്തനീക്കങ്ങളും ഏത് വെല്ലുവിളിയും നേരിടാന്‍ ഉതകുന്നതുമാണ്. മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് അഡാപ്റ്റ് ചെയ്യാനുള്ള ഇന്ത്യന്‍ പ്രതിരോധസേനകളുടെയും സംവിധാനങ്ങളുടെ ശേഷി അവയിലുള്ള വിശ്വാസം പതിന്മടങ്ങ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ വഴി ഇന്ത്യയെക്കാള്‍ ഇക്കാര്യം ബോധ്യപ്പെട്ടത് പാക്കിസ്ഥാനാണ്. ഏതെങ്കിലും സാഹസത്തിന് മുതിര്‍ന്നാല്‍ പാക്കിസ്ഥാന്‍ എന്ന രാജ്യത്തെ ഭൂപടത്തില്‍ നിന്നുതന്നെ ഇല്ലാതാക്കും എന്ന ഇന്ത്യയുടെ മുന്നറിയിപ്പ് വെറുംവാക്കല്ലെന്ന് അസിം മുനീര്‍ അടക്കമുള്ളവര്‍ക്ക് നന്നായറിയാം. അതുകൊണ്ടുതന്നെ മുനീറിന്‍റെ ചുവടുകള്‍ കരുതലോടെയുള്ളതാകും. അത് സമാധാനത്തിന്‍റെ വഴിയിലെങ്കില്‍ പാക്കിസ്ഥാന് നല്ലത്.