Emergency rescue team transports an elderly woman discovered to still be alive after being considered deceased to a local hospital before her scheduled cremation at Wat Rat Prakhong Tham temple, Nonthaburi province, Thailand. (Wat Rat Prakhong Tham via AP)
തായ്‌ലന്‍ഡില്‍ മരിച്ചുവെന്ന് കരുതി രണ്ടാം ദിവസം സംസ്കരിക്കാന്‍ കൊണ്ടുപോകുന്നതിനിടെ 65 കാരിക്ക് ജീവനുണ്ടെന്ന് കണ്ടെത്തി. ബാങ്കോക്കിന്റെ പ്രാന്തപ്രദേശത്തുള്ള നോന്തബുരിയിലെ വാട്ട് റാറ്റ് പ്രഖോങ് താം ടെംപിളിലാണ് സംഭവം. സംസ്കാരചടങ്ങുകള്‍ക്കായി എത്തിച്ച മൃതദേഹം ശവപ്പെട്ടിയില്‍ കൈകളും തലയും ചലിപ്പിക്കാൻ തുടങ്ങിയപ്പോൾ ഏവരും സ്തബ്ധരായി.
65 കാരിയുടെ സഹോദരനാണ് ശവസംസ്‌കാര ചടങ്ങുകള്‍ക്കായി മൃതദേഹം ക്ഷേത്രത്തിലെത്തിച്ചതെന്ന് മാനേജർ പൈരത് സൂദ്‌തൂപ്പ് പറഞ്ഞു. എന്നാല്‍ ശവപ്പെട്ടിയുടെ ഉള്ളിൽ നിന്ന് ശബ്ദം കേട്ടതോടെ സംശയമായി. തുടര്‍ന്ന് അദ്ദേഹം ശവപ്പെട്ടി തുറക്കാൻ ആവശ്യപ്പെട്ടു. തുറന്നപ്പോള്‍ എല്ലാവരും ഞെട്ടിപ്പോയെന്നും 65 കാരി കണ്ണുകൾ ചെറുതായി തുറന്ന് ശവപ്പെട്ടിയുടെ വശത്ത് മുട്ടുന്നത് കണ്ടെന്നും അദ്ദേഹം പറഞ്ഞു.
തന്‍റെ സഹോദരി ഏകദേശം രണ്ട് വർഷമായി കിടപ്പിലാണെന്നും രണ്ട് ദിവസം മുമ്പ് ശ്വാസം നിലച്ചെന്നും അവരെ ക്ഷേത്രത്തിലെത്തിച്ച സഹോദരൻ പറഞ്ഞു. സഹോദരി മരിച്ചുവെന്ന വിശ്വസിച്ച സഹോദരന്‍ മൃതദേഹം ഒരു ശവപ്പെട്ടിയിൽ കിടത്തി ഏകദേശം 500 കിലോമീറ്റർ വണ്ടിയോടിച്ച് ബാങ്കോക്കിലെ ഒരു ആശുപത്രിയിലെത്തിച്ചു. അവയവങ്ങൾ ദാനം ചെയ്യാൻ 65 കാരി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഔദ്യോഗിക മരണ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ ആശുപത്രി അവയവങ്ങളെടുക്കാന്‍ വിസമ്മതിച്ചുവെന്ന് സഹോദരന്‍ പറഞ്ഞു.
പിന്നാലെയാണ് സൗജന്യ ശവസംസ്കാര സേവനങ്ങൾ നൽകുന്ന ക്ഷേത്രത്തില്‍ സഹോദരന്‍ മൃതദേഹം എത്തിക്കുന്നത്. എന്നാല്‍ മരണ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ ശവസംസ്കാരം നടത്താനാവില്ലെന്ന് ക്ഷേത്രം ഭാരവാഹികളും പറഞ്ഞു. മരണ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വിശദീകരിക്കുന്നതിനിടെയാണ് ശവപ്പെട്ടിയില്‍ നിന്നും ശബ്ദം കേള്‍ക്കുന്നത്. തുടര്‍ന്ന് ക്ഷേത്ര ജീവനക്കാർ കൂടി ചേര്‍ന്ന് സ്ത്രീയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
65 കാരിക്ക് ഹൃദയാഘാതമോ ശ്വസന തകരാറോ ഉണ്ടായിട്ടില്ലെന്നും മറിച്ച് കടുത്ത ഹൈപ്പോഗ്ലൈസീമിയ അഥവാ രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ താഴ്ന്ന നിലയിലാകുന്ന അവസ്ഥയായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അവര്‍ക്ക് ഉടനടി ചികിത്സ നൽകുകയും ചെയ്തു. അതേസമയം, അവരുടെ ചികിത്സാ ചെലവുകൾ ക്ഷേത്രം വഹിക്കുമെന്ന് മഠാധിപതി പറഞ്ഞതായി എപി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.