burqa-australia

TOPICS COVERED

ബുര്‍ഖ നിരോധിക്കണമെന്നാവശ്യപ്പെട്ട് ബുര്‍ഖ ധരിച്ച് പാര്‍ലമെന്‍റില്‍ പ്രതിഷേധം നടത്തിയ ഓസ്ട്രേലിയന്‍ സെനറ്ററിന്‌ സസ്പെന്‍ഷന്‍. കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയായ വണ്‍ നേഷനിലെ അംഗവും ക്വീന്‍സ്‍ലാന്‍ഡ് സെനറ്ററുമായി പോളീന്‍ ഹാന്‍സനാണ് വേറിട്ട പ്രതിഷേധം വിനയായത്. പോളീന്‍റെ പ്രതിഷേധം നഗ്നമായ വംശീയവെറിയാണെന്ന് ആരോപിച്ച് മറ്റൊരു സെനറ്റര്‍ രംഗത്തുവന്നതോടെയാണ് സസ്പെന്‍ഷന്‍. 

പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍‌ വിലക്കണമെന്ന ബില്‍ അവതരിപ്പിക്കാന്‍ ഏറെക്കാലമായി പോളീന്‍  പരിശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ബില്‍ തള്ളപ്പെട്ടു. ഇതിനോടുള്ള പ്രതിഷേധമായാണ്  ബുര്‍ഖ ധരിച്ച് പ്രതിഷേധിച്ചത്. ഇത് രണ്ടാം തവണയാണ് പോളീന്‍ പാര്‍ലമെന്‍റില്‍ ബുര്‍ഖ ധരിച്ചെത്തുന്നത്. 

കടുത്ത മുസ്‍ലിം വിരുദ്ധയായ പോളീനെതിരെ ഇതിന് മുന്‍പും നടപടിയുണ്ടായിട്ടുണ്ട്. സഹ സെനറ്ററായ മെഹ്റീന്‍ ഫാറൂഖിക്കെതിരെ വംശവിരുദ്ധമായ നിലപാട് സ്വീകരിച്ചതിന് പോളീനെതിരെ കേസ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കേസിലെ വാദിയായ മെഹ്റീന്‍ ഫാറൂഖി പോളീന്‍റെ പുതിയ പ്രതിഷേധത്തെ ‘വംശീയവെറിക്കാരിയായ സെനറ്ററിന്‍റെ പച്ചയായ വംശീയവെറി’ എന്നാണ് വിശേഷിപ്പിച്ചത്. 

പോളീനെതിരായ നടപടി വോട്ടിനിടാന്‍ വിദേശകാര്യ മന്ത്രിയും സെനറ്റ് അധ്യക്ഷയുമായ പെന്നി വോങ്ങ് തീരുമാനിക്കുകയായിരുന്നു. 5നെതിരെ 55 വോട്ട് നേടി ഈ നടപടി സെനറ്റ് പാസാക്കുകയും ചെയ്തു. ഹെന്‍സന്‍റെ സ്ഥിരം രീതിയാണ് ഇതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും വോങ്ങ് പറഞ്ഞു. 

നേരത്തെ, 2017-ൽ സമാനമായ സാഹചര്യത്തിൽ പോളീൻ ഹാൻസൻ പാർലമെന്റിൽ ബുർഖ ധരിച്ചെത്തിയത് വലിയ വിവാദമായിരുന്നു. കൂടാതെ, 2016-ൽ 'രാജ്യം മുസ്‍ലിങ്ങൾ കയ്യടക്കുകയാണ്' എന്ന് പോളീൻ പറഞ്ഞതും വിവാദങ്ങൾക്ക് തിരികൊളുത്തി. 1996-ൽ ആദ്യമായി സെനറ്റിൽ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ 'ഏഷ്യക്കാർ ഓസ്ട്രേലിയ കീഴടക്കുകയാണ്' എന്ന് അവർ നടത്തിയ പരാമർശവും അന്ന് വലിയതോതിൽ വിമർശിക്കപ്പെട്ടിരുന്നു. പോളീൻ ഹാൻസൻ്റെ രാഷ്ട്രീയ ജീവിതത്തിൽ ഉടനീളം ഇത്തരം കുടിയേറ്റ, വംശീയ വിരുദ്ധ പരാമർശങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നത് സ്ഥിരം കാഴ്ചയാണ്

ENGLISH SUMMARY:

Australian Senator Pauline Hanson of the anti-immigration One Nation party was suspended from the Senate after she wore a burqa as a form of protest, demanding a ban on face-covering garments in public spaces. The protest, which she undertook after her bill proposal was defeated, was widely condemned as blatant racism by fellow senators, including Mehreen Faruqi. A motion for her suspension, led by Foreign Minister Penny Wong, was passed with a significant majority (55 votes against 5), highlighting the body's rejection of her controversial actions and history of anti-immigrant and anti-Muslim remarks.