byju-raveendran-us-court

TOPICS COVERED

ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ വിദ്യാഭ്യാസ സ്ഥാപനമായ ബൈജൂസിന്‍റെ സ്ഥാപകൻ ബൈജു രവീന്ദ്രന് അമേരിക്കൻ കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. കമ്പനിയുടെ അമേരിക്കൻ ഉപസ്ഥാപനമായ ബി.വൈ.ജെ.യു.എസ്. ആൽഫ (BYJU’S Alpha) 107 കോടി ഡോളർ ഗ്ലാസ് ട്രസ്റ്റിനുനൽകാൻ ബാധ്യസ്ഥമാണെന്ന് യുഎസ് കോടതി ഉത്തരവിട്ടു. ഗ്ലാസ് ട്രസ്റ്റ് കമ്പനി നല്‍കിയ ഹര്‍ജിയിലാണ് വിധി. കോടതിയിൽ ഹാജരാകാനും രേഖകൾ സമർപ്പിക്കാനും പല തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ആല്‍ഫ വഴങ്ങിയിരുന്നില്ല. ഈ സാഹചര്യത്തിലാണ്  ഡെലാവേർ ബാങ്ക്റപ്റ്റ്സി കോടതി സ്വമേധയാ ഉത്തരവിറക്കിയത്. 

ബൈജൂസിന്‍റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന് യുഎസ് ആസ്ഥാനമായുള്ള വായ്പാ സ്ഥാപനങ്ങൾ ഏകദേശം 100 കോടി ഡോളർ വായ്പ നൽകിയിരുന്നു. എന്നാൽ, ബൈജൂസ് ഈ വായ്പയുടെ നിബന്ധനകൾ ലംഘിച്ചു എന്നും, 53.3 കോടി ഡോളർ അനധികൃതമായി അമേരിക്കയ്ക്ക് പുറത്തേക്ക് കടത്തി എന്നും കാണിച്ച് വായ്പാദാതാക്കളിൽ ഒരാളായ ഗ്ലാസ് ട്രസ്റ്റ് ഡെലാവേർ കോടതിയെ സമീപിച്ചു.

ഗ്ലാസ് ട്രസ്റ്റിന് അനുകൂലമായ ഒരു ഉത്തരവ് കോടതി ആദ്യം നൽകിയിരുന്നു. എന്നാൽ, ഈ ഉത്തരവിനെക്കുറിച്ച് വ്യക്തമായി അറിഞ്ഞിട്ടും ബൈജു രവീന്ദ്രൻ അത് അവഗണിച്ചതായി കോടതി കണ്ടെത്തുകയായിരുന്നു. ഈ ഗുരുതരമായ സാഹചര്യത്തിൽ, ബൈജു രവീന്ദ്രൻ വ്യക്തിപരമായി 107 കോടി ഡോളർ (ഏകദേശം 8,900 കോടി രൂപ) നൽകാൻ ബാധ്യസ്ഥനാണെന്ന് കോടതി കഴിഞ്ഞ വ്യാഴാഴ്ച ഉത്തരവിട്ടു. ഇതിനു പുറമെ, കോടതി ഉത്തരവ് ലംഘിച്ചതിന് ബൈജു രവീന്ദ്രനെതിരെ കോടതിയലക്ഷ്യ നടപടികളും സ്വീകരിച്ചിട്ടുണ്ട്. കൂടാതെ, വായ്പ നൽകിയവരുമായി കോടതിക്ക് പുറത്ത് ഒത്തുതീർപ്പിലെത്താൻ ബൈജു രവീന്ദ്രൻ നടത്തിയ ശ്രമങ്ങൾക്കും ഈ വിധി തിരിച്ചടിയായി.

വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ബൈജൂസിന് ഈ വിധി വലിയ വെല്ലുവിളിയാണ്. ഇത്രയും വലിയ തുക പെട്ടെന്ന് കണ്ടെത്തുകയെന്നത് ദുഷ്കരമാകും. പണം കണ്ടെത്താൻ ബൈജൂസ് പുതിയ നിക്ഷേപകരെ തേടുകയോ അല്ലെങ്കിൽ തങ്ങളുടെ ആസ്തികൾ വിൽക്കുകയോ ചെയ്യേണ്ടി വരും.  ഈ വിധി ബൈജൂസിനെ പിരിച്ചുവിടലിന്‍റെ വക്കിലേക്ക് എത്തിച്ചേക്കാം എന്നും വിലയിരുത്തലുകളുണ്ട്. എന്നാലും യുഎസ് കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ തന്നെയാണ് ബൈജു രവീന്ദ്രന്‍റെ നീക്കം.

ENGLISH SUMMARY:

BYJU'S faces a significant setback as a US court orders its American subsidiary to pay $107 million to Glass Trust. The ruling follows a lawsuit alleging loan default and unauthorized transfer of funds, potentially leading to financial strain and restructuring for the company.