വിമർശനങ്ങളും അധിക്ഷേപങ്ങളും ഭീഷണികളും കൊണ്ട് തിരഞ്ഞെടുപ്പ് കാലം മുഴുവൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വേട്ടയാടിയിരുന്ന സൊഹ്‌റാൻ മംദാനി, അയാൾ ഇന്ന് വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ അതേ ട്രംപിനരികെ നിന്നപ്പോൾ അധിക്ഷേപങ്ങൾക്കും വിമർശനങ്ങൾക്കും പകരം കേട്ടത് അഭിനന്ദനങ്ങളും ആശംസകളുമാണ്. വൈറ്റ് ഹൗസിലെ മംദാനി- ട്രംപ് കൂടിക്കാഴ്ച അക്ഷരാർത്ഥത്തിൽ അതിശയിപ്പിക്കുന്നത് തന്നെയായിരുന്നു. 

കമ്മ്യൂണിസ്റ്റ് ഭ്രാന്തനെന്നും ജിഹാദി എന്നും കാണാൻ വിരൂപനെന്നും വിളിച്ച് തളർത്താനും തോൽപ്പിക്കാനുമൊക്കെ കിണഞ്ഞ് പരിശ്രമിച്ച അതേ അമേരിക്കൻ പ്രസിഡന്റിൽ നിന്ന് തന്നെ മംദാനി ഇന്ന് കേട്ടത് അഭിനന്ദനത്തിന്റെ വാക്കുകളാണ്. മംദാനിക്കൊപ്പമുള്ള കൂടിക്കാഴ്ച തന്നെ അത്ഭുപ്പെടുത്തിയെന്നും മംദാനിയെക്കുറിച്ച് മതിപ്പു തോന്നിയെന്നും മാധ്യമങ്ങൾക്ക് മുൻപിൽ ട്രംപ് തുറന്നു പറഞ്ഞു. തൻറെ വോട്ടർമാർ പോലും മംദാനിയെ പിന്തുണച്ചെന്നും അതിൽ തനിക്ക് പ്രശ്‌നമില്ലെന്നും ട്രംപ് തുറന്ന് സമ്മതിച്ചിരിക്കയാണ്.

മംദാനിയെ മേയറായി തിരഞ്ഞെടുത്താൽ ന്യൂയോർക്കിനുള്ള  ഫെഡറൽ ഫണ്ട് വെട്ടിക്കുറക്കുമെന്ന് തിരഞ്ഞെടുപ്പ് സമയം ഭീഷണിപ്പെടുത്തിയ ട്രംപ്, മംദാനിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇതിൽ നിന്നും പിന്നോട്ട് പോകുന്നതായും പറഞ്ഞു. താൻ മംദാനിയെ സഹായിക്കാനാണ് ആഗ്രഹിക്കുന്നതെന്നും വേദനിപ്പിക്കാനല്ലെന്നും പറഞ്ഞ ട്രംപ്, മംദാനിക്ക് മികച്ച കാര്യങ്ങൾ ചെയ്യാനാകുമെന്നും യാഥാസ്ഥിതികരെ മംദാനി അദ്ഭുതപ്പെടുത്തുമെന്നും അഭിപ്രായപ്പെട്ടു.

നിയുക്ത ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി, കൂടിക്കാഴ്ചയ്ക്കായി വൈറ്റ് ഹൗസിലേക്ക് എത്തുന്നുവെന്ന് തൻറെ സമൂഹ മാധ്യമത്തിലൂടെ ട്രംപ് പ്രഖ്യാപിച്ചപ്പോൾ അതീവ ഗൗരവത്തോടെയാണ് ലോകം അത്  ഉറ്റുനോക്കിയത്. ട്രംപിനെ ഫാസിസ്റ്റ് എന്ന് വിളിച്ച് നിശിതമായി വിമർശിച്ചിരുന്ന മംദാനി വൈറ്റ് ഹൗസിലെത്തി ട്രംപുമായി നടത്തുന്ന കൂടിക്കാഴ്ച അതിനിർണായകമായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിലെ  വാഗ്വാദങ്ങളുടെ ബാക്കി പത്രം പ്രതീക്ഷിച്ചവരെ അത്ഭുതപ്പെടുത്തി ഇരുവരും. ന്യൂയോർക്ക് സിറ്റിക്കുവേണ്ടിയുള്ള പൊതുലക്ഷ്യങ്ങളെക്കുറിച്ചായിരുന്നു അവർ സംസാരിച്ചതേറെയും. ഒപ്പം പുകഴ്ത്തലുകളും തമാശകളും. 

വൈറ്റ് ഹൗസിലെ കൂടിക്കഴ്ചയ്ക്ക് ശേഷം ട്രംപിനെ ഒരു ഫാസിസ്റ്റായി കണക്കാക്കുന്നുണ്ടോ എന്നായിരുന്നു മംദാനിയോടുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ ഒന്ന്.  മംദാനി മറുപടി പറയാൻ തുടങ്ങുന്നതിന് മുൻപ് ഇടപെട്ട ട്രംപ്, 'അതെ' എന്ന് പറഞ്ഞോളൂ, ഒരു പ്രശ്‌നവുമില്ല എന്ന് മറുപടി നൽകി.  കൃത്യമായി ഇടപ്പെട്ട്  ഉണ്ടാകാമായിരുന്ന സംഘർഷാവസ്ഥ ട്രംപുതന്നെ  ഒഴിവാക്കി. മംദാനി ഭരണകൂടത്തിന് കീഴിൽ ന്യൂയോർക്ക് സിറ്റിയിൽ താമസിക്കുന്നത് നിങ്ങൾക്ക് സുഖകരമായിരിക്കുമോ? എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനും അതെ എന്ന ഉത്തരമായിരുന്നു ട്രംപിന്റേത്. പ്രത്യേകിച്ച് അദ്ദേഹത്തെ കണ്ടതിനുശേഷം ആ ഭരണം മികച്ചതായിരിക്കുമെന്ന് തോന്നിയതായും ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ട്രംപ് മറുപടി നൽകി. 

രണ്ട് വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്നവർ തമ്മിലുള്ള കൂടിക്കാഴ്ച പ്രതീക്ഷകളെ അസ്ഥാനത്താക്കി സൗഹാർദ്ദപരമായി പര്യവസാനിച്ചിരിക്കയാണ്. രാഷ്ട്രീയ വിയോജിപ്പുകൾക്കിടയിലും ജനങ്ങളുടെ പ്രശ്നങ്ങൾക്കാണ് മുൻഗണന നൽകിയതെന്ന് മംദാനി വ്യക്തമാക്കി. ന്യൂയോർക്കിലെ 'വാടക കുറയ്ക്കുന്നതിനെക്കുറിച്ചും, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു' എന്നാണ് മംദാനി പറഞ്ഞത്.

മംദാനിയോടുള്ള മനോഭാവത്തിൽ ട്രംപിൻറെ ഒരു യു ടേൺ ആണ് ഇന്ന് ലോകം കണ്ടത്. കാരണം അമേരിക്കയുടെ ഭരണ കാര്യങ്ങളിൽ നിന്നെല്ലാം വിട്ടു നിന്ന് തൻറെ പദവിക്ക് പോലും ചേരാത്ത തരത്തിലുള്ള നിലപാടായിരുന്നു ട്രംപ് ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പിൽ സ്വീകരിച്ചത്. ഡെമോക്രാറ്റിക് പാർട്ടിയുടെ ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി ആയിരുന്ന സൊഹ്‌റാൻ മംദാനിക്കെതിരെ ട്രംപ് അഴിച്ചുവിട്ട വിമർശനങ്ങളും അധിക്ഷേപങ്ങളും വെല്ലുവിളികളും ലോകം മുഴുവൻ ശ്രദ്ധിച്ചതുമാണ്. 

ഒരു മുസ്ലിം, കുടിയേറ്റക്കാരന്റെ മകൻ, പലസ്തീനെ പിന്തുണച്ച ഇടതു സോഷ്യലിസ്റ്റ്, വലത് കൺസർവേറ്റീവ് രാഷ്ട്രീയത്തിൻറെ സ്ഥിരം വിമർശകൻ  ഇതെല്ലാമായിരുന്നു  മംദാനി. ട്രംപ് അമേരിക്കൻ ജനതയുടെ ഏറ്റവും വലിയ ദുഃസ്വപ്‌നമെന്നായിരുന്നു  ആ യുവ രാഷ്ട്രീയനേതാവ് എപ്പോഴും പറഞ്ഞിരുന്നത്.  ഇതെല്ലാമായിരുന്നു മംദാനിയെ ട്രംപിൻറെ കണ്ണിലെ കരടാക്കി മാറ്റിയത്.

മംദാനി തിരഞ്ഞെടുക്കപ്പെട്ടാൽ അത് ന്യൂയോർക്കിൻറെ തകർച്ചയായിരിക്കുമെന്നായിരുന്ന ട്രംപിൻറെ മറുപടി. സംസ്ഥാനത്തിൻറെ ഫെഡറൽ ഫണ്ട് വെട്ടിക്കുറക്കുമെന്ന ഭീഷണി വേറെയും. ഏറ്റവും ഒടുവിൽ തിരഞ്ഞെടുപ്പിൽ മംദാനിയെ പരാജയപ്പെടുത്താൻ 2001 ലെ ഭീകരാക്രമണം മറക്കരുത് എന്ന് വിളിച്ചുപറഞ്ഞ് മുസ്ലിം വിരുദ്ധത ഇളക്കിവിടാനും വലതുപക്ഷം ശ്രമിച്ചു. എന്നാൽ ന്യൂയോർക്കിലെ ജനത അതെല്ലാം അവഗണിച്ച് മംദാനിയെ തങ്ങളുടെ നേതാവായി തിരഞ്ഞെടുത്തു. കാരണം ന്യൂയോർക്ക് നഗരത്തിലെ തൊഴിലാളികൾക്കും കുടിയേറ്റക്കാർക്കും തങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ആ 34 കാരനെ മതിയായിരുന്നു. മതവും രാജ്യവും ഒന്നും അതിന് തടസ്സമായില്ല. 

സൊഹ്റാൻ മംദാനി വെറും ഒരു രാഷ്ട്രീയക്കാരനല്ല, തന്നെ ഇല്ലാതാക്കാൻ പരിശ്രമിച്ച അതേ ആളുകൾക്ക്  മുന്നിൽ ഇന്ന് പുകഴ്ത്തലുകൾ കേട്ട് അയാൾ പുഞ്ചിരിച്ചു  നിൽക്കുകയാണ്. സൊഹ്റാൻറെ അമ്മ മീരാ നായർ സ്വന്തം സിനിമകളിലൂടെ ഉപേക്ഷിക്കപ്പെട്ടവരുടെ കഥകൾ ലോകത്തോട് പറഞ്ഞപ്പോൾ പിതാവ് മഹ്മൂദ് മംദാനി ആഫ്രിക്കൻ രാഷ്ട്രീയവും കൊളോണിയൽ ചരിത്രവും ലോകത്തെ പഠിപ്പിക്കുക ആയിരുന്നു. അടിച്ചമർത്തലുകളിൽ നിന്ന് ഉയരാനും സാധാരണക്കാർക്ക് വേണ്ടി പോരാടാനും സൊഹ്‌റാൻ പഠിച്ചത് അവരിൽ നിന്ന് തന്നെയാണ്. സൊഹ്റാൻ എന്നാൽ പ്രഭാതത്തിലെ ആദ്യ നക്ഷത്രം എന്നർത്ഥം. രാത്രിയും ഇരുട്ടും മാറുമെന്നും, വെളിച്ചം വരുമെന്നും ആകാശം ആദ്യം അറിയിക്കുന്ന  നക്ഷത്രം. തൻറെ പോരാട്ടത്തിലൂടെ സൊഹ്‌റാനും ലോകത്തോട് വിളിച്ചുപറയുന്നത് അത് തന്നെയാണ്.

ENGLISH SUMMARY:

Sohran Mamdani, the newly elected New York Mayor, had a surprising meeting with Donald Trump at the White House. Despite past criticisms, Trump expressed admiration and a willingness to support Mamdani's efforts for New York City.