Image: File
നവംബര്‍ പത്തിനുണ്ടായ ചെങ്കോട്ട സ്ഫോടനം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യക്കു നേരെ പാക്കിസ്ഥാന്‍ രാഷ്ട്രീയ നേതാവിന്റെ ഭീഷണി. ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ അസ്വസ്ഥത ഇളക്കി വിടുന്നത് ഇന്ത്യയാണെന്ന് പാക്കിസ്ഥാന്‍ പലതവണ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസമാണ് ചെങ്കോട്ട സ്ഫോടനത്തിലെ പങ്ക് സ്ഥിരീകരിച്ചുകൊണ്ട് പാക് നേതാവിന്റെ പുതിയ ഭീഷണി പുറത്തുവന്നിരിക്കുന്നത്.
പാക് അധിനിവേശ കശ്മീര്‍ നേതാവ് ചൗധരി അന്‍വാറുള്‍ ഹഖ് പിഒകെ അസംബ്ലിയിലാണ് പുതിയ ഭീഷണി മുഴക്കിയിരിക്കുന്നത്. ‘ബലൂചിസ്ഥാനില്‍ നിങ്ങള്‍ രക്തം ഒഴുക്കിയാല്‍ ഞങ്ങള്‍ നിങ്ങളെ ആക്രമിക്കും, നിങ്ങളുടെ ചെങ്കോട്ട മുതല്‍ കശ്മീര്‍ കാടുകള്‍ വരെ നശിപ്പിക്കും, അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഞങ്ങൾ അത് ചെയ്തു, ഞങ്ങളുടെ ധീരരായ ആളുകൾ അത് ചെയ്തു’–എന്നാണ് ഹഖിന്റെ തുറന്നുപറച്ചില്‍.
അതേസമയം ചെങ്കോട്ട സ്ഫോടനത്തിലെ പങ്കുകൂടി പാക് നേതാവ് പരസ്യമായി പറഞ്ഞുപോയെന്നാണ് വിലയിരുത്തല്‍. മാത്രമല്ല അതിര്‍ത്തി കടന്നുള്ള പാക്കിസ്ഥാന്റെ മറ്റ് ഭീകരപ്രവര്‍ത്തനങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് ബലൂചിസ്ഥാന്‍ ആരോപണമെന്നും ഇന്ത്യ പറയുന്നു. ബലൂചിസ്ഥാനില്‍ ഇന്ത്യയ്ക്ക് യാതൊരു പങ്കുമില്ലെന്ന് ന്യൂഡല്‍ഹി പലതവണ വ്യക്തമാക്കിയിട്ടുണ്ട്.
പാകിസ്ഥാൻ ഹഖിന്റെ പ്രസ്താവനയോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും ഇന്ത്യയുമായി പൂര്‍ണ യുദ്ധത്തിനുള്ള സാധ്യതയുണ്ടെന്ന് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞിരുന്നു. അതേസമയം ചെങ്കോട്ടയ്ക്ക് പുറത്ത് സ്ഫോടനം നടത്തിയ ഹ്യുണ്ടായ് i20 കാറും ഗൂഢാലോചനയ്ക്ക് പിന്നിലെ ഭീകര സെല്ലും ജെയ്‌ഷെ മുഹമ്മദുമായി ബന്ധപ്പെട്ടതാണെന്ന് രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ജെയ്‌ഷെ മുഹമ്മദ് പാക് പിന്തുണയുള്ള നിരവധി ഗ്രൂപ്പുകളിൽ ഒന്നാണ്. ചെങ്കോട്ട സ്ഫോടനത്തിലെ പാക്കിസ്ഥാന്റെ പങ്ക് സ്ഥിരീകരിക്കുന്നതാണ് ഹഖിന്റെ തുറന്നുപറച്ചില്‍ എന്നാണ് നിരീക്ഷിക്കപ്പെടുന്നത്.