Pakistan’s Defence Minister Khawaja Muhammad Asif | File
ഡല്‍ഹി സ്ഫോടനത്തിലെ ജയ്ഷെ സാന്നിധ്യം വെളിവായതിന് പിന്നാലെ അതീവ പ്രകോപനവുമായി പാക്കിസ്ഥാന്‍. ഇന്ത്യയുമായി യുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നും പാക്കിസ്ഥാന്‍ അതീവ ജാഗ്രതയിലാണെന്നും പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. സമ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഖ്വാജ ആസിഫിന്‍റെ പ്രകോപനം. ഏത് സാഹചര്യത്തിലും അതിനുള്ള സാധ്യത താന്‍ തള്ളുന്നില്ലെന്നും ഇന്ത്യ ഒരുപക്ഷേ നേരിട്ടാക്രമിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ പാക്കിസ്ഥാന്‍ എന്തിനും സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരേസമയം രണ്ട് യുദ്ധമുഖങ്ങളാണ് പാക്കിസ്ഥാന്‍ നിലവില്‍ നേരിടുന്നത്. ഇന്ത്യ നേരിട്ടും പരോക്ഷമായി അഫ്ഗാനിസ്ഥാനെ ഉപയോഗിച്ചും പാക്കിസ്ഥാനെതിരെ നില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'കിഴക്ക് ഇന്ത്യയാണെങ്കില്‍ പടിഞ്ഞാറ് അഫ്ഗാനിസ്ഥാനാണ്. രണ്ട് പടയൊരുക്കങ്ങള്‍ക്കും പാക്കിസ്ഥാന്‍ സജ്ജമാണ്. അതിന് സര്‍വശക്തന്‍റെ സഹായവുമുണ്ടാകു'മെന്നും ഖ്വാജ ആസിഫ് പറഞ്ഞു. ന്യൂഡല്‍ഹിയുടെ വാഗ്ദാനങ്ങളില്‍ സ്വാധീനിക്കപ്പെട്ട് കഴിയുകയാണ് താലിബാന്‍ നേതൃത്വമെന്നും ഇന്ത്യയെ വിശ്വസിച്ച് അതിര്‍ത്തിയില്‍ അപമര്യാദ അഫ്ഗാനിസ്ഥാന്‍ കാണിക്കുന്നുവെന്നും ആസിഫ് ആരോപിച്ചു. കഴിഞ്ഞയാഴ്ച പാക്കിസ്ഥാനിലുണ്ടായ രണ്ട് ചാവേര്‍ സ്ഫോടനങ്ങളെ പരാമര്‍ശിച്ചായിരുന്നു ആസിഫിന്‍റെ വാക്കുകള്‍. ഇസ്ലമാബാദിലെ കോടതി സമുച്ചയത്തിന് പുറത്തുണ്ടായ സ്ഫോടനത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടത്.
അഫ്ഗാനിസ്ഥാനെ ഉപയോഗിച്ച് ഇന്ത്യ പാക്കിസ്ഥാനില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും ആവര്‍ത്തിച്ച് ആരോപിച്ചിരുന്നു. അതേസമയം, പാക് വാദങ്ങളെ ഇന്ത്യ തള്ളി. തീര്‍ത്തും അടിസ്ഥാനരഹിതവും അസംബന്ധവുമായ ആരോപണങ്ങളാണ് പാക് നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും ഇന്ത്യയ്ക്കെതിരെ വ്യാജപ്രചരണം നടത്തുന്നത് പാക്കിസ്ഥാന്‍റെ പതിവ് രീതിയാണെന്നും നിലവില്‍ പാക്കിസ്ഥാനില്‍ നടക്കുന്ന ആഭ്യന്തര പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രം മാത്രമാണിതെന്നും വിദേശകാര്യമന്ത്രാലയ വക്താവ് റണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്തിന് ഇന്ത്യ നല്‍കിയത് 88 മണിക്കൂര്‍ നേരത്തെ ട്രെയിലര്‍ മാത്രമായിരുന്നുവെന്നും പാക്കിസ്ഥാന്‍ ഇനി അത്തരത്തിലൊരു അവസരമുണ്ടാക്കിയാല്‍ ഇന്ത്യയുടെ കരുത്തെന്തെന്ന് അറിയുമെന്നും ഇന്ത്യയുടെ ആര്‍മി സ്റ്റാഫ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.