ഡെന്‍മാര്‍ക്ക് മോഡല്‍ അഭയാര്‍ഥി നിയമനിര്‍മാണത്തിന് ഒരുങ്ങി ബ്രിട്ടന്‍. യുകെയില്‍ അനധികൃതമായെത്തുന്ന അഭയാര്‍ഥികള്‍ക്ക് പൗരത്വം ലഭിക്കാന്‍ ഇനി 20 വര്‍ഷം കാത്തിരിക്കേണ്ടി വരും. അഭയാര്‍ഥികള്‍ക്കെതിരെ കനത്ത പ്രതിഷേധം അരങ്ങേറിയതിന് പിന്നാലെയാണ് നടപടി കടുപ്പിക്കുന്നത്. നിയമം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നാളെ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് പാര്‍ലമെന്റില്‍ പ്രഖ്യാപിക്കും.
അനധികൃത ബോട്ടിലടക്കം ബ്രിട്ടനിലെത്തി അഭയാര്‍ഥി സ്റ്റാറ്റസ് തരപ്പെടുത്താന്‍ ശ്രമിക്കുന്ന പ്രവണത അവസാനിപ്പിക്കാന്‍ ബ്രിട്ടന്‍ ശക്തമായ നിയമ നിര്‍മാണത്തിലേക്ക് കടക്കുകയാണ്. പുതിയ നിയമ പ്രകാരം നിയമവിരുദ്ധമായി ബ്രിട്ടനിലെത്തുന്നവര്‍ക്ക് താല്‍ക്കാലികമായി മാത്രമേ താമസം അനുവദിക്കൂ. തുടര്‍ച്ചയായി പരിശോധന നടത്തുകയും ഇവരുടെ പ്രവര്‍ത്തി ഏതെങ്കിലും തരത്തില്‍ രാജ്യത്തിന് ഭീഷണിയാണെന്ന് കണ്ടാലുടന്‍ തിരിച്ചയയ്ക്കുകയും ചെയ്യും.
നിലവില്‍ നിയമമനുസരിച്ച് ബ്രിട്ടനിലെത്തി അഞ്ചു വര്‍ഷക്കാലം കഴിഞ്ഞാല്‍ അനിശ്ചിതകാല താമസാനുമതിക്ക് അപേക്ഷിക്കാം. എന്നാല്‍ പുതിയ നിയമ പ്രകാരം അഞ്ച് വര്‍ഷം എന്നത് 20 വര്‍ഷമായി ഉയര്‍ത്താനാണ് പദ്ധതിയിടുന്നത്. വലതുപക്ഷ പാര്‍ട്ടിയായ റിഫോം യുകെ ഉയര്‍ത്തുന്ന കുടിയേറ്റ വിരുദ്ധ തരംഗത്തെ മറികടക്കാനാണ് പൊതുവേ കുടിയേറ്റക്കാരോടും അഭയാര്‍ഥികളോടും മൃദു സമീപനം സ്വീകരിക്കുന്ന സര്‍ക്കാരിനെ ഈ പുതിയ നിയമനിര്‍മാണത്തിന് നിര്‍ബന്ധിതരാക്കുന്നത്.