കൂട്ടക്കൊല അടക്കമുള്ള കേസുകളില്‍ ബംഗ്ലദേശ് മുന്‍ പ്രസിഡന്റ് ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. കുറ്റക്കാരിയെന്ന് ബംഗ്ലാദേശ് കോടതി. കുറ്റം ചെയ്തതിന് തെളിവുണ്ടെന്ന് പ്രത്യേക ട്രൈബ്യൂണല്‍ നിരീക്ഷിച്ചു. ധാക്കയിലെ സ്പെഷല്‍ ട്രൈബ്യൂണലിന്‍റേതാണ് വിധി. മുന്‍ ആഭ്യന്തരമന്ത്രി അസദുസമാന്‍ ഖാനും വധശിക്ഷ.
2024 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലെ വിദ്യാർത്ഥി പ്രക്ഷോഭം അടിച്ചമർത്താൻ ഉത്തരവിട്ടു, അനധികൃത വധശിക്ഷകൾ നടപ്പാക്കി, ഗൂഢാലോചന നടത്തി എന്നീ കുറ്റങ്ങൾക്കാണ് വിധി. സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ശേഷം ഇന്ത്യയിൽ അഭയം തേടിയ ഹസീന, ഇത് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന്റെ ഗൂഢാലോചനയാണെന്ന് ആരോപിച്ചു. 'അല്ലാഹു എനിക്ക് ജീവൻ നൽകി, അല്ലാഹു അത് എടുക്കും, പക്ഷേ ഞാൻ എന്റെ രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത് തുടരും' എന്ന് അവർ ഒരു ഓഡിയോ സന്ദേശത്തിൽ പ്രതികരിച്ചു.
ധാക്കയിൽ ഹസീനയുടെ അവാമി ലീഗ് പാർട്ടി പ്രവർത്തകർ പ്രതിഷേധം ആരംഭിച്ചതോടെ പലയിടത്തും സംഘർഷാവസ്ഥ നിലനിൽക്കുന്നു. ഈ വിധി ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ പുതിയ സമ്മർദ്ദങ്ങൾക്ക് കാരണമായിട്ടുണ്ട്. നിലവിൽ ഇന്ത്യയിൽ പ്രവാസത്തിൽ കഴിയുന്ന ഹസീനയെ വിട്ടുനൽകണമെന്ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.