Image Credit:Instagram/nana
വീടിനുള്ളില്‍ കയറിയ കള്ളനെ ബലപ്രയോഗത്തിലൂടെ കീഴടക്കുന്നതിനിടെ കെ–പോപ് താരവും നടിയുമായി നാന (ജിന്‍ ആ)യ്ക്ക് ഗുരുതര പരുക്ക്. ദക്ഷിണ കൊറിയയിലെ ആശുപത്രിയില്‍ അതി തീവ്ര പരിചരണ വിഭാഗത്തിലാണ് താരം ഇപ്പോള്‍. ശനിയാഴ്ച പുലര്‍ച്ചയോടെയാണ് നാനയുടെ സീയൂളിലെ വീടിനുള്ളില്‍ കള്ളന്‍ കയറിയത്. മുറിയില്‍ കയറിയ അക്രമി പണവും വിലപിടിപ്പുള്ള വസ്തുക്കളും കൈക്കലാക്കി. അമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും ആവശ്യപ്പെടാന്‍ തുടങ്ങി. ബഹളം കേട്ടാണ് നാന മുറിയില്‍ നിന്നിറങ്ങി വന്നത്. ബലപ്രയോഗത്തിലൂടെ നാനയും അമ്മയും ചേര്‍ന്ന് കീഴ്പ്പെടുത്തിയെങ്കിലും കയ്യിലിരുന്ന മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് അക്രമി താരത്തെ കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് അക്രമിയെ പിടികൂടി.
ഗുരുതരമായി പരുക്കേറ്റ കെ–പോപ് താരത്തെ പൊലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. നാനയുടെ അമ്മയ്ക്കും പരുക്കേറ്റിട്ടുണ്ട്. മോഷ്ടാവിന്‍റെ ആക്രമണത്തിനിടെ നാനയുടെ അമ്മ ബോധരഹിതയായി വീണുവെന്നും ദക്ഷിണകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമ്മ ഇപ്പോള്‍ ബോധം വീണ്ടെടുത്തിട്ടുണ്ട്. ഇരുവരുടെയും ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
ബിടിഎസ് താരം ജിയോന്‍റെ വസതിയില്‍ വ്യാഴാഴ്ചയാണ് രണ്ട് ജാപ്പനീസ് യുവതികള്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്. വീട്ടിലേക്ക് കയറാനുള്ള സെക്യൂരിറ്റി കോഡ് അണ്‍ലോക്ക് ചെയ്യാനുള്ള ശ്രമം മറ്റൊരു ആരാധകന്‍ കണ്ട് തടഞ്ഞതും യുവതികള്‍ സ്ഥലംവിടുകയായിരുന്നു.
2009ല്‍ ആഫ്റ്റര്‍ സ്കൂളിലൂടെയാണ് നാന കെ–പോപ് തരംഗമാകുന്നത്. പിന്നാലെ അഭിനയത്തിലേക്ക് തിരിഞ്ഞു. സീരിയലുകളിലൂടെ വന്‍ ജനപ്രീതയുമാര്‍ജിച്ചു. കാറ്റലേനയെന്ന നാനയുടെ മ്യൂസിക് വിഡിയോയ്ക്ക് 35 മില്യണ്‍ വ്യൂസാണ് യൂട്യൂബിലുള്ളത്. മൈ മാന്‍ ഈസ് ക്യുപിഡ്, മാസ്ക് ഗേള്‍, ലവ് ഇന്‍ കോണ്‍ട്രാക്റ്റ്, മെമ്മോറിയല്‍സ് തുടങ്ങിയ കൊറിയന്‍ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.