ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപിനെതിരെ പുതിയ ആരോപണം. ട്രംപ് മണിക്കൂറുകളോളം എപ്സ്റ്റീന്റെ വീട്ടില്‍ സമയം ചിലവിട്ടുവെന്നാണ് പുതിയ ആരോപണം. എപ്സ്റ്റീന്റെ പേരില്‍ പുറത്തുവരുന്ന ഇമെയിലുകളിലാണ് ട്രംപിനെതിരെ ആരോപണങ്ങളുള്ളത്. 

ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റുകൾ പുറത്തുവിട്ട മൂന്ന് ഇമെയിലുകളില്‍ ട്രംപിനെക്കുറിച്ച് പരാമര്‍ശിക്കുന്ന കാര്യങ്ങളാണുള്ളത്. 2011ല്‍ എപ്സ്റ്റൈന്‍ തന്റെ വിശ്വസ്തയായ ഗിസ്‌ലെയിൻ മാക്സ്‌വെല്ലിന് അയച്ച ഇമെയിലിലാണ് ട്രംപ് വീട്ടിലെത്തിയ കാര്യങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നത്. 

ട്രംപിന് എപ്‌സ്റ്റൈനുമായുള്ള സൗഹൃദത്തെക്കുറിച്ചും, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ചൂഷണം ചെയ്യാൻ എപ്‌സ്റ്റൈൻ വർഷങ്ങളോളം നടത്തിയ ശ്രമങ്ങളെക്കുറിച്ചും ട്രംപിന് ബോധ്യമുണ്ടെന്ന തരത്തിലുള്ള ഇമെയിലുകള്‍ നേരത്തേയും പുറത്തുവന്നിട്ടുണ്ട്. അതേസമയം എപ്സ്റ്റൈനുമായി തനിക്ക് ബന്ധമില്ലെന്നാണ് ട്രംപ് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. എപ്സ്റ്റൈന് ധനികരായ പല സുഹൃത്തുക്കളുമായും ബന്ധമുണ്ടെന്ന് ഡെമോക്രാറ്റുകള്‍ നേരത്തേ ആരോപിച്ചിരുന്നു. ഫെഡറൽ കുറ്റങ്ങൾ ചുമത്തി വിചാരണ കാത്തിരിക്കുകയായിരുന്ന എപ്‌സ്റ്റൈൻ 2019-ൽ ന്യൂയോർക്കിലെ ജയിലിൽ വെച്ച് ജീവന്‍ ഒടുക്കിയിരുന്നു. 

1993ല്‍ മാര്‍ല മാപിള്‍സുമായുള്ള ട്രംപിന്റെ വിവാഹച്ചടങ്ങില്‍ എപ്സ്റ്റീന്‍ പങ്കെടുക്കുന്ന ചിത്രങ്ങളും 1999ൽ വിക്ടോറിയ സീക്രട്ട് ഫാഷൻ ഇവന്റിൽ ഇരുവരും സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ലൈംഗിക കുറ്റവാളിയായ എപ്സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട ഫയലുകളിൽ  ട്രംപിന്റെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇലോൺ മസ്കുo നേരത്തെ ആരോപിച്ചിരുന്നു. പുറത്തുവന്ന പുതിയ ആരോപണം ട്രംപിനെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കുന്നതാണ്. 

ENGLISH SUMMARY:

Donald Trump faces new allegations related to sex offender Jeffrey Epstein, as revealed in newly released emails. These emails suggest Trump spent considerable time at Epstein's residence, intensifying scrutiny on their relationship.