അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഭരണസ്തംഭനത്തിന് അന്ത്യം. കടുത്ത തര്‍ക്കങ്ങള്‍ക്കൊടുവില്‍ യുഎസ് ജനപ്രതിനിധി സഭ പാസാക്കിയ ധനബില്ലില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പിട്ടു. പ്രതിസന്ധി ഉടന്‍ നീങ്ങുമെന്നും 43 ദിവസം നീണ്ട അടച്ചിടലിന്റെ കാരണങ്ങള്‍ വരും തിരഞ്ഞെടുപ്പുകളില്‍ ജനം മറക്കരുതെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ നികുതിയിളവുകൾ തുടരുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് അമേരിക്കയെ സ്തംഭനാവസ്ഥയിലേക്ക് നയിച്ചത്. നികുതിയിളവ് തുടരണമെന്ന് ഡെമോക്രാറ്റുകൾ ശഠിച്ചപ്പോൾ, ഹ്രസ്വകാല ഫണ്ടിങ് ബില്ലിൽ ഇത് ഉൾപ്പെടുത്താൻ റിപ്പബ്ലിക്കൻ പാർട്ടി വിസമ്മതിച്ചു. സബ്സിഡികൾ നീട്ടുന്നതിനായി അടുത്തമാസം സെനറ്റില്‍ വോട്ടെടുപ്പ് നടത്താമെന്ന റിപ്പബ്ലിക്കൻ പാർട്ടി വാഗ്ദാനം ചെയ്തതോടെയാണ് സമവായത്തിന് വഴി തെളിഞ്ഞത്.
ഡെമോക്രാറ്റിക് പാര്‍ട്ടി എതിര്‍പ്പ് തുടര്‍ന്നപ്പോഴും എട്ട് ഡെമോക്രാറ്റിക് സെനറ്റർമാർ ബില്ലിനെ അനുകൂലിച്ചതോടെ ബില്‍ സെനറ്റില്‍ പാസായി. പിന്നാലെ ജനപ്രതിനിധി സഭയില്‍ നേരിയ ഭൂരിപക്ഷം ഉപയോഗിച്ച് റിപ്പബ്ലിക്കൻ പാർട്ടി ബിൽ പാസാക്കിയെടുക്കുകയായിരുന്നു. 209 നെതിരെ 222 വോട്ടുകൾക്കാണ് ബിൽ പാസായത്.
ബില്‍ പാസാക്കിയതിെനച്ചൊല്ലി ഡെമോക്രാറ്റുകള്‍ക്കിടയില്‍ ഭിന്നത ശക്തമാണ്. എന്നാല്‍ ജനങ്ങളുടെ ദുരിതത്തെ പാര്‍ട്ടിയുടെ ജയത്തിനായി ഡെമോക്രാറ്റുകള്‍ ഉപയോഗിച്ചെന്ന് റിപ്പബ്ളിക്കന്‍ പാര്‍ട്ടി ആരോപിക്കുന്നു. ഭരണസ്തംഭനം മൂലം ഫെഡറൽ ജീവനക്കാർക്ക് ശമ്പളം മുടങ്ങുകയും ആഭ്യന്തര വിമാന സര്‍വീസുകള്‍ വ്യാപകമായി വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാനുള്ള വ്യവസ്ഥ ബില്ലിലുണ്ട്. മുടങ്ങിയ ശമ്പളം ഉടന്‍ നല്‍കും. ജനുവരി വരെ ഫെഡറൽ ജീവനക്കാർക്ക് പിരിച്ചുവിടലിൽ നിന്ന് സംരക്ഷണവും ബില്‍ ഉറപ്പുനല്‍കുന്നു.