ന്യൂയോര്‍ക്ക് മേയറായി ജയിച്ച സോറന്‍ മംദാനിയെ വീണ്ടും വിരട്ടി ട്രംപ്. സൂക്ഷിച്ച് നിന്നില്ലെങ്കില്‍ നഷ്ടം വലുതായിരിക്കുമെന്നാണ് മുന്നറിയിപ്പ്. രണ്ടാംവട്ടം അധികാരത്തില്‍ വന്നശേഷമുള്ള ആദ്യതിരഞ്ഞെടുപ്പ് തിരിച്ചടിയായതിന്‍റെ ക്ഷീണത്തിലാണ് റിപ്ലബ്ലിക്കന്‍ പാര്‍ട്ടി.
മംദാനിയോട് പണ്ടേ ട്രംപിന് താല്‍പ്പര്യമില്ല. കമ്യൂണിസ്റ്റാണെന്നും തിരഞ്ഞെടുപ്പില്‍ തോറ്റുതുന്നംപാടുമെന്നും ഒക്കെ ആക്ഷേപം വീശിയെറിഞ്ഞിട്ടുണ്ട്. മേയറായതുകൊണ്ട് കാര്യമില്ല, വാഷിങ്ടണ്ണിനോട് കൂറില്ലെങ്കില്‍ കാശുണ്ടാവില്ലെന്നാണ് അമേരിക്ക ബിസിനസ് സമ്മിറ്റിനിടയിലെ പുതിയ വെല്ലുവിളി. പോരാട്ടത്തിന് തയാറെന്ന് മംദാനിയും വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യവും ഗതാഗതവും ഉള്‍പ്പെടെ പന്ത്രണ്ടോളം സുപ്രധാന വകുപ്പുകളില്‍ ന്യൂയോര്‍ക്ക് ഫെഡറല്‍ ഫണ്ടിനെ ആശ്രയിക്കുന്നതിനാല്‍ വരുംനാളുകള്‍ വാര്‍ത്താസമ്പന്നമാകുമെന്നുറപ്പ്.
തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടി, ട്രംപിന്‍റെ നിലപാടുകളോടുള്ള എതിര്‍പ്പാണെന്ന വാദം ഒരുവിഭാഗം റിപ്പബ്ലിക്കന്‍മാര്‍ക്കുണ്ട്. അതേസമയം നവംബറിലെ കനത്ത പരാജയത്തിന് ശേഷം വെർജീനിയ, പെൻസിൽവേനിയ തുടങ്ങിയ നിർണായക സംസ്ഥാനങ്ങളിലടക്കമുണ്ടാക്കിയ മുന്നേറ്റം ഡെമോക്രാറ്റിക് ക്യാംപിന് ആശ്വാസമാണ്. എന്നാല്‍ മുന്നേറ്റത്തിന്‍റെ ക്രെഡിറ്റ് പൂര്‍ണമായും മംദാനിക്കാണെന്ന് പറയാന്‍ ഒരുക്കവുമല്ല.