Image credit: PTI
അതിര്‍ത്തിക്കപ്പുറം പാക്കിസ്ഥാന്‍ ആണവ പരീക്ഷണങ്ങള്‍ നടത്തുന്നുവെന്ന യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ വെളിപ്പെടുത്തതില്‍ പ്രതികരിച്ച് ഇന്ത്യ. എന്ത് സംഭവിച്ചാലും ഇന്ത്യ സജ്ജമാണെന്നും ഭയമില്ലെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി. സിബിഎസ് ഷോയിലായിരുന്നു ട്രംപിന്‍റെ വിവാദ വെളിപ്പെടുത്തല്‍. എന്നാല്‍ ഇതിനെ ഇന്ത്യ കാര്യമാക്കുന്നില്ലെന്നും ഇത്തരം റിപ്പോര്‍ട്ടുകളൊന്നും തരിമ്പും ഇന്ത്യയെ ഏശില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു.
'പരീക്ഷണം നടത്തണമെന്നുള്ളവര്‍ അങ്ങനെ ചെയ്യട്ടെ. നമ്മള്‍ എങ്ങനെ തടയാനാണ്. പക്ഷേ എന്ത് സംഭവിച്ചാലും നേരിടാന്‍ ഇന്ത്യ ഏതുസമയത്തും സുസജ്ജമാണ്' എന്ന് അദ്ദേഹം ഹിന്ദുസ്ഥാന്‍ ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. ആണവ പരീക്ഷണം നടത്താനുള്ള കെല്‍പ് പാക്കിസ്ഥാനുണ്ടോയെന്ന് നോക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാന്‍ അനധികൃത ആണവ പരീക്ഷണങ്ങളാണ് നടത്തുന്നതെന്ന് നേരത്തെ വിദേശകാര്യമന്ത്രാലയം ആരോപിച്ചിരുന്നു. ഇത് പാക്കിസ്ഥാന്‍ പണ്ടുമുതലേ പിന്തുടര്‍ന്ന് വരുന്നതാണെന്നും കള്ളക്കടത്ത്, രഹസ്യ ഉടമ്പടികള്‍ ഇവയൊന്നുമില്ലാതെ പാക്കിസ്ഥാന് നിലനില്‍പ്പേയില്ലെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
ആണവ പരീക്ഷണങ്ങള്‍ പുനഃരാരംഭിക്കാന്‍ ഉത്തരവിട്ടതിന് ന്യായീകരണമെന്നോണമായിരുന്നു പാക്കിസ്ഥാന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ആണവ പരീക്ഷണം നടത്തുന്നുണ്ടെന്ന് ട്രംപ് വെളിപ്പെടുത്തിയത്. എന്നാല്‍ ട്രംപ് പറഞ്ഞത് ശരിയല്ലെന്നായിരുന്നു പാക്കിസ്ഥാന്‍റെ പ്രതികരണം. ആണവ പരീക്ഷണം ആദ്യമായി നടത്തുന്ന രാജ്യം തങ്ങളല്ലെന്നും വീണ്ടും ആദ്യമായി ഉപയോഗിക്കുന്ന രാജ്യവും പാക്കിസ്ഥാനാവില്ലെന്നും ഇസ്ലമാബാദ് വ്യക്തമാക്കി.