Image Credit: X/VarunVummadi
ഫോബ്സിന്‍റെ മിടുക്കന്‍മാരുടെ പട്ടികയില്‍ ഇടം നേടിയവരും ഐഐടി ബിരുദധാരികളുമായ ഇന്ത്യന്‍ വംശജരായ യുവാക്കള്‍ക്കെതിരെ കടുത്ത വംശീയ അധിക്ഷേപം. സന്‍ഫ്രാന്‍സിസ്കോയില്‍ നിന്നുള്ള എഐ ടെക്നോളജി സ്റ്റാര്‍ട്ടപ്പായ ഗിഗ 61 മില്യണ്‍ (6.1 കോടി) ഡോളറിന്‍റെ ഫണ്ട് നേടിയെന്ന വാര്‍ത്ത പങ്കുവയ്ക്കുന്നതിനിടെയാണ് ഇന്ത്യന്‍ വംശജരായ വരുണ്‍ വുംമഡി, ഇഷ മണിദീപ് എന്നവര്‍ വംശീയ അധിക്ഷേപത്തിനും പരിഹാസത്തിനും ഇരയായത്.
സമൂഹമാധ്യമമായ എക്സിലൂടെ വിഡിയോ പങ്കുവച്ചപ്പോഴാണ് ഉല്‍പന്നത്തെ കുറിച്ചോ, ഫണ്ട് ലഭിച്ചതില്‍ അഭിനന്ദനം അറിയിക്കുന്നതിനോ പകരം യുവാക്കളുടെ സൗന്ദര്യത്തെയും ഉച്ചാരണത്തെയുമെല്ലാം പരിഹസിച്ച് കമന്‍റുകള്‍ നിറഞ്ഞത്. 61 മില്യണ്‍ ഡോളറൊക്കെ കിട്ടിയ സ്ഥിതിക്ക് കാര്യം അവതരിപ്പിക്കാന്‍ കാണാന്‍ കൊള്ളാവുന്ന ആരെയെങ്കിലും വിളിച്ചിരുത്തൂ എന്നായിരുന്നു കമന്‍റുകളിലൊന്ന്. വരുണിന്‍റെ പഴയ ചിത്രങ്ങള്‍ ഇപ്പോഴത്തെ രൂപത്തോട് ചേര്‍ത്ത് വച്ചുള്ള അധിക്ഷേപവുമുണ്ടായി. എന്നാല്‍ ബുദ്ധികൊണ്ടും കഴിവ് കൊണ്ടും പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്ന് വരുമ്പോളാണ് അരക്ഷിതരായ ചിലര്‍ ഇത്തരം തരംതാണ ആക്രമണങ്ങള്‍ നടത്തുന്നതെന്ന് മറ്റു ചിലര്‍ കുറിച്ചു.
ഇത്തരം കമന്റുകള്‍ തമാശയല്ലെന്നും ഇത്തരം അധിക്ഷേപങ്ങള്‍ കൊണ്ട് ആളുകളുടെ വിജയത്തെ ഇല്ലാതെയാക്കാന്‍ കഴിയില്ലെന്നും മറ്റൊരരാളും കുറിച്ചു. അത്യാകര്‍ഷകമായ ഉല്‍പന്നമാണ് യുവാക്കള്‍ വിപണിയിലേക്ക് എത്തിച്ചിരിക്കുന്നത്. അത് മാത്രമാണ് ഇവിടെ പ്രസക്തം. ഇലോണ്‍ മസ്ക് സുന്ദരനായത് കൊണ്ടാണോ ആളുകള്‍ എക്സ് ഉപയോഗിക്കുന്നത്? ഒരിക്കലുമല്ലെന്നും പ്ലാറ്റ്ഫോമിന്റെ നിലവാരം കൊണ്ടാണെന്നും ഉപയോക്താക്കളിലൊരാള്‍ കുറിച്ചു.
വന്‍കിട സ്ഥാപനങ്ങള്‍ക്കായി ലൈവ് സംഭാഷണങ്ങളെ നിയന്ത്രിക്കുന്ന ശബ്ദാധിഷ്ഠിത എഐ സംവിധാനമാണ് ഗിഗ വികസിപ്പിച്ചെടുത്തിരിക്കുന്നത്. സംസാരിക്കാനും ചാറ്റ് ചെയ്യാനും കഴിയുന്ന എഐ ബോട്ടിനെ ഗിഗ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. മാത്രവുമല്ല, പലഭാഷകളെ ഒരേ സമയം കൈകാര്യം ചെയ്യാനും സാധിക്കും. നിലവില്‍ ദൂരദര്‍ശനുമായി ഗിഗ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.