Image: Channel 13 via Reuters
ഗാസയിൽ തടവിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ താൻ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി മോചിപ്പിക്കപ്പെട്ട ഇസ്രയേല്‍ പൗരന്‍. ഇസ്രയേല്‍ മാധ്യമമായ ചാനൽ 13 ന് നല്‍കിയ അഭിമുഖത്തിലാണ് 21 കാരനായ റോം ബ്രാസ്ലാവ്സ്കി താന്‍ അനുഭവിക്കേണ്ടി വന്ന കൊടിയ പീഡനങ്ങള്‍ വിവരിച്ചത്. റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഹമാസ് മോചിപ്പിച്ചവരില്‍ നാലോളം സ്ത്രീകള്‍ തങ്ങള്‍ക്കോ മറ്റു തടവുകാര്‍ക്കോ നേരിടേണ്ടി വന്ന ലൈംഗിക പീഡനങ്ങളെ കുറിച്ച് പരസ്യമായി സംസാരിച്ചിട്ടുണ്ട്. എന്നാല്‍ അദ്യമായാണ് ഒരു പുരുഷന്‍ മുന്നോട്ടുവരുന്നത്.
2023 ഒക്ടോബർ 7 ന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ ബന്ദിയാക്കപ്പെട്ടയാളാണ് റോം ബ്രാസ്ലാവ്സ്കി. ഇസ്രയേൽ സൈന്യത്തിലെ സൈനിക സേവനത്തില്‍ നിന്നും അവധിയെടുത്ത് തെക്കൻ ഇസ്രയേലിലെ കിബുറ്റ്സിൽ നടന്ന ട്രൈബ് ഓഫ് നോവ മ്യൂസിക് ഫെസ്റ്റിവലില്‍ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. അന്ന് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രയേൽ സ്വദേശികളും വിദേശികളും ഉൾപ്പെടെ 1200ൽ ഏറെ പേരെയാണ് ഹമാസ് വധിച്ചത്. ഇരുന്നൂറിലേറെ പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. യുഎസ് മധ്യസ്ഥതയിൽ ഇസ്രയേലും ഹമാസും ഒപ്പുവച്ച വെടിനിർത്തൽ കരാറിന്റെ ഭാഗമായി മോചിപ്പിക്കപ്പെട്ട അവസാന 20 ഇസ്രയേലി ബന്ദികളിൽ ഒരാളായിരുന്നു ബ്രാസ്ലാവ്സ്കി.
വ്യാഴാഴ്ച വൈകുന്നേരം സംപ്രേഷണം ചെയ്ത അഭിമുഖത്തിൽ തന്നെ മതം മാറാന്‍ നിര്‍ബന്ധിച്ചതായും വിസമ്മതിച്ചതോടെ അതിക്രൂരമായി പെരുമാറിയതായും യുവാവ് പറയുന്നു. മൂന്ന് ആഴ്ചത്തേക്ക് തന്റെ കണ്ണുകൾ മൂടിക്കെട്ടിയെന്നും ചെവിയിൽ കല്ലുകൾ കുത്തിയിറക്കിയെന്നും തനിക്ക് നല്‍കിക്കൊണ്ടിരുന്ന ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അളവ് കുറച്ചതായും ബ്രാസ്ലാവ്സ്കി പറഞ്ഞു. ‘അവർ എന്നെ കെട്ടിയിട്ടു, ഇടിച്ചു, ഇരുമ്പ് കേബിൾ ഉപയോഗിച്ച് അടിച്ചു. ഒരു ദിവസം പലതവണ ഇത് ആവർത്തിച്ചു. അതിൽ നിന്ന് ജീവനോടെ രക്ഷപ്പെടാനാകുമോ എന്നുപോലും എനിക്ക് സംശയമുണ്ടായിരുന്നു’ റോം ബ്രാസ്ലാവ്സ്കി പറയുന്നു.
2025 ഓഗസ്റ്റിൽ പലസ്തീൻ ഇസ്ലാമിക് ജിഹാദ് പോസ്റ്റ് ചെയ്ത വിഡിയോയില്‍ ബ്രാസ്ലാവ്സ്കി കരയുന്നതും മരണത്തിന്റെ വാതിൽക്കലാണെന്ന് പറയുന്നതും കാണാം. ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്നും നിൽക്കാനോ നടക്കാനോ കഴിയുന്നില്ലെന്നും ബ്രാസ്ലാവ്സ്കി പറയുന്നു. വിഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം അവര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ബ്രാസ്ലാവ്സ്കി പറഞ്ഞു. ‘അവർ എന്റെ എല്ലാ വസ്ത്രങ്ങളും, അടിവസ്ത്രങ്ങളും, എല്ലാം ഊരിമാറ്റി. എന്നെ കെട്ടിയിട്ടു... ഭക്ഷണമില്ലാതെ ഞാന്‍ മരിച്ചുപോകുമെന്നു കരുതി. എങ്ങിനെയെങ്കിലും രക്ഷിക്കാന്‍ ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു’ ബ്രാസ്ലാവ്സ്കി പറയുന്നു. തനിക്കേറ്റ കൊടിയ പീഡനങ്ങളെ കുറിച്ച് കൂടുതല്‍ സംസാരിക്കുക ബുദ്ധിമുട്ടാണെന്നും അതിനെക്കുറിച്ച് സംസാരിക്കാൻ ഇഷ്ടപ്പെടുന്നില്ല ഭയപ്പെടുത്തുന്ന ഓര്‍മകളാണവയെന്നും ബ്രാസ്ലാവ്സ്കി പറഞ്ഞു.
അതേസമയം, തടവറയിലെ ഭീകരതകള്‍ തുറന്നു പറഞ്ഞതിലൂടെ ബ്രാസ്ലാവ്സ്കി അസാധാരണമായ ധൈര്യമാണ് പ്രകടിപ്പിച്ചതെന്ന് എന്ന് ഇസ്രയേൽ പ്രസിഡന്റ് യിസാക് ഹെർസോഗ് പറഞ്ഞു. ഗാസയിൽ ഭീകരർ ചെയ്ത കുറ്റകൃത്യങ്ങളുടെ വ്യാപ്തി, ക്രൂരത എത്രത്തോളമാണെന്ന് ലോകം മനസ്സിലാക്കണമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. എന്നാല്‍ ബ്രാസ്ലാവ്‌സ്‌കിയുടെ ലൈംഗികാതിക്രമ ആരോപണങ്ങളെല്ലാം തെറ്റാണെന്നാണ് പിഐജെ റോയിറ്റേഴ്സിനോട് പറഞ്ഞത്. ഗാസയിലെ ചില ബന്ദികൾക്കെതിരെ ബലാത്സംഗവും ലൈംഗിക പീഡനവും നടന്നതായി 2024 മാർച്ചിൽ യുഎൻ പ്രത്യേക പ്രതിനിധികളില്‍ ഒരാളും സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഈ കണ്ടെത്തലുകൾ അടിസ്ഥാനരഹിതമാണെന്നാണ് ഹമാസിന്‍റെ വാദം.
2025 മാർച്ചിൽ ഐക്യരാഷ്ട്രസഭയുടെ അന്വേഷണ കമ്മീഷൻ പുറത്തിറക്കിയ മറ്റൊരു റിപ്പോർട്ടില്‍ ഇസ്രയേൽ ബന്ദികളാക്കിയ പലസ്തീനികൾക്കെതിരെയും ലൈംഗിക അതിക്രമങ്ങളുണ്ടായതായി പറയുന്നുണ്ട്. എന്നാല്‍ ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഇസ്രയേലും വാദിക്കുന്നു. കഴിഞ്ഞ വർഷം ഗാസ യുദ്ധത്തിനിടെ അറസ്റ്റു ചെയ്ത പലസ്തീൻ തടവുകാരനെ ഇസ്രയേൽ സൈനികർ ഉപദ്രവിക്കുന്ന വിഡിയോ ചോര്‍ന്നിരുന്നു. കുപ്രസിദ്ധമായ സ്ഡെ ടൈമാൻ ക്യാമ്പിൽ പലസ്തീൻ തടവുകാരനെ ഇസ്രയേൽ സൈനികർ കൂട്ടബലാത്സംഗം ചെയ്യുന്നതിന്റെ വിഡിയോയാണ് പുറത്തായത്. തടവുകാരന്റെ മലദ്വാരത്തിൽ മൂർച്ചയുള്ള വസ്തു കയറ്റി, ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു.