Image Credit: Instagram//larissabonesi
വോട്ട്ചോരി പരമ്പരയുമായി ബന്ധപ്പെട്ട് ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ വാര്‍ത്താസമ്മേളനത്തിൽ ചൂണ്ടിക്കാണിച്ച ബ്രസീലിയൻ മോഡൽ വിഷയത്തിൽ നാടകീയ വഴിത്തിരിവ്. സമൂഹമാധ്യമങ്ങളിൽ മോഡലിനെ അന്വേഷിച്ചവർക്ക് ലാറിസ എന്ന യുവതി നടത്തിയ പ്രതികരണമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വോട്ടർ പട്ടികയിൽ കണ്ടത് തനിക്ക് 18 വയസായപ്പോൾ എടുത്ത ഫോട്ടോയാണെന്ന് ലാറിസ പറയുന്നു. ഇന്ത്യയിലെ രാഷ്ട്രീയവിവാദത്തിൽ തന്നെ കരുവാക്കിയതിൽ അദ്ഭുതം പ്രകടിപ്പിച്ചുള്ള വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പോർച്ചുഗീസ് ഭാഷയിൽ ലാറിസ നടത്തിയ പ്രതികരണം വിവർത്തനം ചെയ്താണ് സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ.
'ചെറുപ്പത്തില്‍ എടുത്ത ചിത്രം എങ്ങനെയാണ് ഇന്ത്യയിലെ തിരഞ്ഞെടുപ്പു വിവാദങ്ങളിൽ ഉപയോഗിക്കപ്പെടുന്നുവെന്നറിയില്ല. ഇൻസ്റ്റഗ്രാമിലൂടെ ഒരു റിപ്പോർട്ടർ ബന്ധപ്പെട്ടപ്പോഴാണ് താൻ ഇത് അറിയുന്നത്. ഇത് അസംബന്ധവും അപ്രതീക്ഷിതവുമാണ്'- ലാറിസ വിഡിയോയിൽ പറയുന്നു. തന്‍റെ പഴയ ഫോട്ടോ ഉപയോഗിച്ചിരിക്കുന്ന രീതിയും ഒരാള്‍ അയച്ചുതന്നിട്ടുണ്ടെന്ന് ലാറിസ കൂട്ടിച്ചേര്‍ത്തു. ഹരിയാനയിലെ തിരഞ്ഞെടുപ്പിൽ 22 തവണ വോട്ടു ചെയ്ത ബ്രസീൽകാരി മോഡലാണെന്നു പറഞ്ഞാണ് രാഹുൽ ഗാന്ധി 'വോട്ട് ചോരി' പരമ്പരയുടെ ഭാഗമായി ലാറിസയുടെ ചിത്രം കാണിച്ചത്. അപ്പോൾ ആരംഭിച്ച തിരച്ചിലാണ്. നാലു ലക്ഷത്തിലേറെ തവണ ഇന്നലെത്തന്നെ ഈ ഫോട്ടോ ഡൗൺലോഡ് ചെയ്യപ്പെട്ടു.
ബ്രസീലിയൻ ഫൊട്ടോഗ്രാഫർ മത്തേവൂസ് ഫെറേറോ ആണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്പ്ലാഷ്, പിക്സെൽസ് തുടങ്ങിയ ഫൊട്ടോ സൈറ്റുകളിലാണ് മത്തേവൂസ് ഇവ സ്റ്റോക്ക് ചിത്രങ്ങളായി ഉപയോഗിച്ചിരിക്കുന്നത്. അതായത് ആർക്കും ഇവ സൗജന്യമായി ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. അങ്ങനെ ഇന്ത്യയിലേതടക്കം വിവിധ സൈറ്റുകൾ ഈ ഫോട്ടോ ഉപയോഗിച്ചിട്ടുണ്ട്. വോട്ടർപട്ടികയിൽ 22 സ്ഥലത്താണ് ലാറിസയുടെ ഫൊട്ടോയുണ്ടായിരുന്നത്. സ്വീറ്റി, സരസ്വതി, രശ്മി, വിൽമ എന്നിങ്ങനെയായിരുന്നു ഓരോന്നിലും പേര് ഉപയോഗിച്ചിരുന്നത്.
തിരഞ്ഞെടുപ്പു കമ്മിഷനാവട്ടെ വോട്ടർപട്ടികയിലെ ഫൊട്ടോയെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. വോട്ടർ പട്ടിക വ്യാജമാണെന്ന് തെളിയിക്കാൻ രാഹുൽ ഗാന്ധി പറഞ്ഞതൊക്കെ ബിജെപി തള്ളിക്കളഞ്ഞിട്ടുണ്ട്. ഇതിനുമുമ്പും രാഹുൽ ഇത്തരം ഫൊട്ടോകളും അവകാശ വാദവുമായി മുന്നോട്ടുവന്നിട്ടുണ്ടെന്നും ഇതൊക്കെ വ്യാജമാണെന്നുമാണ് ബിജെപി പറയുന്നത്. ലാറിസയുടെ ഫൊട്ടോ വോട്ടർ പട്ടികയിൽ ഉപയോഗിക്കപ്പെട്ടത് മറ്റൊരു വിവാദത്തിനും തിരികൊളുത്തിയിട്ടുണ്ട്. വിദേശി യുവതിയുടെ ഫൊട്ടോ അവരുടെ അനുവാദമില്ലാതെ രാഷ്ട്രീയമായി ഉപയോഗിക്കപ്പെട്ടത് എങ്ങനെയാണെന്ന ചോദ്യമാണ് ഉയരുന്നത്.