TOPICS COVERED

കൊലപാതകക്കുറ്റത്തിന് നാല് പതിറ്റാണ്ടിലേറെ ജയിലിൽ കഴിഞ്ഞ ഇന്ത്യൻ വംശജനായ സുബ്രഹ്മണ്യം വേദത്തിന്‍റെ നാടുകടത്തൽ നിർത്തി വയ്ക്കാൻ ഇമിഗ്രേഷൻ വകുപ്പിനോട് നിർദ്ദേശിച്ച് യുഎസ് കോടതികൾ. ചെയ്യാത്ത കുറ്റത്തിനാണ് സുബ്രഹ്മണ്യം ജയിൽ കിടന്നതെന്ന് തെളിയുകയും കൊലപാതക കുറ്റം റദ്ദാക്കപ്പെടുകയും ചെയ്തുവെങ്കിലും ഇന്ത്യയിലേക്ക് നാടകടത്തുമെന്നായിരുന്നു ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്‍റിന്‍റെ  തീരുമാനം. 

എന്നാൽ ഇപ്പോൾ നാടുകടത്തലിന് എതിരായിട്ടുള്ള സുബ്രഹ്മണ്യത്തിന്‍റെ  പോരാട്ടം വിജയം  കണ്ടിരിക്കയാണ്. 64 കാരനായ സുബ്രഹ്മണ്യത്തെ  നാടുകടത്താന്‍  എയർസ്ട്രിപ്പ് സജ്ജീകരിച്ച് ലൂസിയാനയിലെ ഒരു തടങ്കൽ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. പെൻസിൽവേനിയ സ്വദേശി സുബ്രഹ്മണ്യം വേദം എന്ന സുബു  1982 ലാണ് കൊലപാതക കുറ്റത്തിന് അറസ്റ്റിലാകുന്നത്. അന്ന് പ്രായം 19വയസ്. 19 വയസുകാരനായ തോമസ് കിന്‍സര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. 

ഇന്ത്യയിൽ ജനിച്ച സുബു 9 മാസം പ്രായമുള്ളപ്പോളാണ് യുഎസിലെത്തിയത്. 1980 ഡിസംബറിൽ സുബുവിന്‍റെ സുഹൃത്തുകൂടിയായ തോമസ് കിൻസറിനെ കാണാതായി. ഒമ്പത് മാസങ്ങൾക്ക് ശേഷം മൃതദേഹം കാട്ടിൽ നിന്ന് കണ്ടെത്തി. കിൻസറിനൊപ്പം അവസാനമായി കണ്ട വ്യക്തി സുബുവായിരുന്നു. ചോദ്യം ചെയ്യലിനൊടുവില്‍ സുബു അറസ്റ്റിലായി.1983ൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പരോളില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. നിരപരാധിത്വം തെളിയിക്കാൻ സുബ്രഹ്‌മണ്യം ശ്രമിച്ചെങ്കിലും എല്ലാ അപ്പീലുകളും നിരസിക്കപ്പെട്ടിരുന്നു.

2022ൽ കേസിൽ നിര്‍ണായക വഴിത്തിരിവുണ്ടായി. കൊലപാതകത്തിന്  സുബു ഉപയോഗിച്ചെന്ന് പറയുന്ന തോക്കിലെ വെടിയുണ്ടയുണ്ടാക്കാവുന്നതിലും ചെറിയ മുറിവാണ് കിന്‍സറുടെ തലയിലേതെന്ന്  പരിശോധനയില്‍ തെളിഞ്ഞു. ഇതോടെ, 43 വർഷത്തിലധികം നീണ്ട സുബുവിന്‍റെ ജയിൽവാസത്തിന് അവസാനമായി. ഒക്ടോബർ 3 ന് സുബു ജയിൽ മോചിതനായി. എന്നാൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) അദ്ദേഹത്തെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. 19 ആം വയസിൽ ലഹരിമരുന്ന് കൈവശം വെച്ച കുറ്റത്തിന് അദ്ദേഹത്തെ നാടുകടത്താൻ ശിക്ഷ നിലന്നിരുന്നുവെന്നും കൊലപാതകക്കേസിലെ വിധി റദ്ദായാലും ലഹരിക്കേസ് നിലനില്‍ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഐസിഇ നാടുകടത്തൽ നീക്കങ്ങൾ ആരംഭിച്ചത്.

എന്നാൽ ഇമിഗ്രേഷൻ വകുപ്പിന്‍റെ അപ്പീൽ പുനഃപരിശോധിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് വരെ കോടതി നാടുകടത്തല്‍  നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. അമ്മയും അച്ഛനും മരണപ്പെടുകയും സഹോദരി, മരുമക്കൾ, പേരക്കുട്ടികൾ തുടങ്ങി സുബ്രഹ്മണ്യത്തിന്റെ ബന്ധുക്കൾ എല്ലാവരും യുഎസ് പൗരന്മാരാണെന്നും അമേരിക്കയിലും കാനഡയിലുമാണ് താമസിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയയായിരുന്നു കുടുംബത്തിന്‍റെ നിയമ പോരാട്ടം. സുബ്രഹ്മണ്യത്തിന്‍റെ നിരപരാധിത്വം തെളിയിക്കാനും അദ്ദേഹത്തിന്‍റെ കുടുംബം നിരന്തരം പരിശ്രമിച്ചിരുന്നു.

ഒമ്പത് മാസം പ്രായമുള്ളപ്പോൾ ഇന്ത്യ വിട്ട അദ്ദേഹത്തിന്, ഇന്ത്യ തികച്ചും വ്യത്യസ്ത‌മായ ഒരു ലോകമാണ്. അദ്ദേഹത്തിന് ഇന്ത്യയിൽ ആരെയും അറിയില്ല എന്നും കുടുംബം ചൂണ്ടിക്കാട്ടിയിരുന്നു. പെൻസിൽവാനിയയിലെ ജയിലിനുള്ളിൽ വെച്ച് സുബു മൂന്ന് ബിരുദങ്ങൾ നേടി, അധ്യാപകനായി ജോലി ചെയ്യുകയും ചെയ്തിരുന്നു.

ENGLISH SUMMARY:

Subrahmanyam Vedam deportation halted after US court intervention. The ruling prevents the deportation of the Indian American man who was wrongly convicted and imprisoned for over four decades, offering a chance for him to remain with his family in the US.