Image Courtesy: Zohran Kwame Mamdani X handle
കമ്മ്യൂണിസ്റ്റായ സൊഹ്‌റാൻ മംദാനി മേയറായി തിരഞ്ഞെടുക്കപ്പെട്ടാൽ ന്യൂയോർക്കിലേക്കുള്ള ഫണ്ടുകൾ തടയുമെന്ന് ഭീഷണി മുഴക്കി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ന്യൂയോർക്കിന്‍റെ മേയർ സ്ഥാനത്തേക്ക് ഇന്ത്യൻ വംശജനും സോഷ്യലിസ്റ്റ് ആശയങ്ങൾ പിന്തുടരുന്ന ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ സൊഹ്‌റാൻ മംദാനി എത്തുമെന്ന് ഏതാണ്ട് ഉറപ്പായതോടെയാണ് തന്‍റെ എല്ലാ അധികാരങ്ങളും ഉപയോഗിച്ച് ട്രംപ് എതിര്‍പ്പുയര്‍ത്തുന്നത്.
ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിൽ, ന്യൂയോർക്ക് ഭരിക്കുന്നത് ഒരു കമ്മ്യൂണിസ്റ്റാണെങ്കിൽ, അവിടേക്ക് അയയ്ക്കുന്ന പണം വെറും പാഴ് ചെലവാണെന്നാണ് ട്രംപ് പറഞ്ഞത്. മംദാനിയാണ് മേയറെങ്കിൽ ന്യൂയോർക്കിന് ധാരാളം പണം നൽകുന്നത് പ്രസിഡന്റ് എന്ന നിലയിൽ തനിക്ക് ബുദ്ധിമുട്ടായിരിക്കും എന്നും ട്രംപ് പറയുന്നു. നിലവിൽ സ്റ്റേറ്റ് അംസബ്ലി അംഗമായ 34 കാരനായ സൊഹ്‌റാൻ മംദാനി നാളുകളായി ട്രംപിന്റെ കണ്ണിലെ കരടാണ്.
നിർണായകമായ ന്യൂയോർക്കിലെ മേയർ തിരഞ്ഞെടുപ്പിന്‍റെ ഫലം ഇന്നറിയാം. സ്വതന്ത്രനായി മത്സരിക്കുന്ന മുൻ ഗവർണർ ആൻഡ്രൂ കുമോ, റിപ്പബ്ലിക്കൻ പാർട്ടിയിലെ കർട്ടിസ് സ്ലിവ എന്നിവരാണ് മംദാനിയുടെ എതിരാളികൾ. മംദാനിക്കാന് കൂടുതൽ സാധ്യത പ്രവചിക്കപ്പെടുന്നത്. പ്രസിഡന്റ് ട്രംപിനെ നേരിടാനായി ഒരാളെ വേണമെന്നാണ് മംദാനിയെ പിന്തുണയ്ക്കുന്നവർ പറയുന്നത്.
പലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ചതും ഇസ്രയേലിനെ വംശഹത്യയെന്ന പേരിൽ വിമർശിച്ചതും ഉൾപ്പെടെയുള്ള നിലപടുകളാണ് മംദാനിക്കെതിരെ പ്രവർത്തിക്കാൻ ട്രംപിനെ പ്രകോപിപ്പിക്കുന്നത്. ഗാസയിലെ വംശഹത്യക്ക് സഹായം നൽകുന്നതിനെ എതിർക്കുകയും ന്യൂയോർക്കിൽ എത്തിയാൽ യുദ്ധക്കുറ്റവാളിയായ ബെഞ്ചമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നും മംദാനി പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റ് ട്രംപ് അമേരിക്കൻ ജനതയുടെ ഏറ്റവും വലിയ ദുഃസ്വപ്‌നമാണെന്നും മംദാനി ആരോപിച്ചിരുന്നു.
നേരത്തെ മംദാനിക്കെതിരെ ട്രംപ് നടത്തിയ അധിക്ഷേപ പരാമർശങ്ങൾ വിവാദത്തിലായിരുന്നു. 'നൂറ് ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ, കാണാൻ ഭയാനകം, പരുക്കൻ ശബ്ദം.. ബുദ്ധിമാനല്ല. മണ്ടന്മാരെല്ലാം അവനെ പിന്തുണയ്ക്കുന്നു' എന്നിങ്ങനെ ആയിരുന്നു ട്രംപിന്‍റെ പരാമർശങ്ങൾ. ഇന്ത്യൻ അമേരിക്കൻ ചലച്ചിത്ര നിർമ്മാതാവ് മീരാ നായരുടെയും ഇന്ത്യയിൽ ജനിച്ച ഉഗാണ്ടൻ അക്കാദമീഷ്യനായ മഹമൂദ് മംദാനിയുടെയും മകനാണ് സൊഹ്‌റാൻ മംദാനി. ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിലാണ് മംദാനി ജനിച്ചത്. 2018ലാണ് അദ്ദേഹത്തിന് അമേരിക്കൻ പൗരത്വം ലഭിക്കുന്നത്. ന്യൂയോർക്കിലെ സാധാരണക്കാരായ ജനങ്ങളുടെ വക്താവായാണ് സൊഹ്‌റാൻ രാഷ്ട്രീയത്തിലിറങ്ങുന്നത്.