TOPICS COVERED

യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസിനെ കെട്ടിപ്പിടിക്കുന്ന വിഡിയോ വൈറലായതിന് ശേഷം ആദ്യ പരസ്യ പ്രതികരണവുമായി അന്തരിച്ച യാഥാസ്ഥിതിക ആക്ടിവിസ്റ്റ് ചാർളി കിർക്കിന്‍റെ ഭാര്യ എറിക്ക കിർക്ക്. തന്‍റെ ഓരോ നീക്കവും ക്യാമറകൾ വിശകലനം ചെയ്യുന്നതിനെക്കുറിച്ചാണ് എറിക്ക സംസാരിച്ചത്. യുഎസ്എയിലെ ടേണിംഗ് പോയിന്‍റ്  ആസ്ഥാനത്ത് വെച്ച് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് എറിക്ക വിവാദങ്ങളോട് പ്രതികരിച്ചത്. 

അടുത്തിടെ ടേണിംഗ് പോയിന്‍റ് യുഎസ്എയുടെ സിഇഒ സ്ഥാനം ഏറ്റെടുത്ത എറിക്ക, ഭർത്താവിന്‍റെ മരണത്തിന് തൊട്ടുപിന്നാലെയുള്ള പൊതുവേദികളിലെ സാന്നിധ്യത്തിന്‍റെ പേരിൽ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. അതിനിടെ മിസിസിപ്പിയിലെ സംഘടനയുടെ  പരിപാടിയിൽ വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസിനെ വേദിയിലേക്ക് ക്ഷണിക്കുന്നതിനിടെ ആലിംഗനം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിവാദം ശക്തമായത്. ‘ചാർളിക്ക് പകരക്കാരനാകാൻ ആർക്കും കഴിയില്ല, പക്ഷേ വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസിൽ എന്‍റെ ഭർത്താവിന്‍റെ ചില സമാനതകൾ ഞാൻ കാണുന്നുണ്ട്’ എന്നായിരുന്നു വാൻസിനെ പരിചയപ്പെടുത്തിക്കൊണ്ട് എറിക്ക പറഞ്ഞത്. ഫോക്സ് ന്യൂസിന്‍റെ അഭിമുഖത്തിനിടെ ഭര്‍ത്താവിന്‍റെ വിഡിയോ കണ്ട എറിക്ക വികാരാധീനയായി. ‘ക്ഷമിക്കണം, എനിക്കൊരു നിമിഷം തരൂ’ എന്ന് കണ്ണീരോടെ അവർ പറഞ്ഞു. 

‘എന്‍റെ ഭർത്താവ് കൊല്ലപ്പെട്ടപ്പോൾ എല്ലായിടത്തും ക്യാമറകൾ ഉണ്ടായിരുന്നു. ദുഃഖം ആചരിക്കുമ്പോള്‍ എന്‍റെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ചുറ്റും ക്യാമറകളുണ്ടായിരുന്നു. എന്‍റെ ഓരോ പുഞ്ചിരിയും കണ്ണീരും, ഓരോ ചലനവും വിശകലനം ചെയ്തുകൊണ്ട്  ചുറ്റിലും ക്യാമറകളുണ്ടായിരുന്നു. ഈ കേസിന്‍റെ കോടതി നടപടികളിലും ക്യാമറകൾ ഉണ്ടാകണം, അതിന് ഞങ്ങൾ അർഹരാണ്’ - എറിക്ക പറഞ്ഞു. ‘എന്തിനാണ് സുതാര്യത ഇല്ലാത്തത്? ഒന്നും ഒളിക്കാനില്ല. കേസ് എന്തിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് എനിക്കറിയാം. യഥാർത്ഥ തിന്മ എന്താണെന്ന് എല്ലാവരും കാണട്ടെ. ഇത് ഒരു തലമുറയെയും വരും തലമുറകളെയും സ്വാധീനിക്കുന്ന ഒന്നാണ്’ എന്നും എറിക്ക പറഞ്ഞു. 

തന്‍റെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ടൈലർ റോബിൻസന്‍റെ കോടതി നടപടികളിൽ സുതാര്യത ഉറപ്പാക്കണമെന്ന് എറിക്ക ആവശ്യപ്പെട്ടു. സെപ്റ്റംബർ 21ന് നടന്ന ചാർളി കിർക്ക് അനുസ്മരണ ചടങ്ങിൽ ഭർത്താവിനെ കൊലപ്പെടുത്തിയ വ്യക്തിയോട് താൻ ക്ഷമിക്കാൻ തീരുമാനിച്ചതായി എറിക്ക കിര്‍ക്ക് പ്രഖ്യാപിച്ചിരുന്നു. 

ENGLISH SUMMARY:

Erika Kirk, the wife of the late conservative activist Charlie Kirk, has made her first public response after the video of her hugging US Vice President JD Vance went viral. Erika spoke about how her every move is being analyzed by cameras. Erika reacted to the controversies in an interview given to Fox News from the Turning Point USA headquarters in the USA.