സെപ്റ്റംബർ 10-ന് യൂട്ടാ വാലി യൂണിവേഴ്‌സിറ്റിയിൽ പ്രസംഗിക്കുന്നതിനിടെ വെടിയേറ്റ് കൊല്ലപ്പെട്ട ട്രംപ് അനുഭാവിയും വലതുപക്ഷക്കാരനുമായ ചാൾസ് കിർക്കിന്റെ അനുസ്മരണ ചടങ്ങ് കഴിഞ്ഞ ഞായറാഴ്ച അരിസോണയിലെ ഗ്ലെൻഡെയ്‌ലിൽ നടന്നു. ആയിരക്കണക്കിന് ആളുകളാണ് ടേണിങ് പോയിന്റ് യു.എസ്.എ. സംഘടിപ്പിച്ച ഈ പരിപാടിയിൽ പങ്കെടുത്തത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഉപരാഷ്ട്രപതി ജെ.ഡി. വാൻസ്, ഇലോൺ മസ്‌ക് എന്നിവരടക്കം നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

അനുസ്മരണത്തില്‍ ട്രംപ് കിര്‍ക്കിനെ അമേരിക്കന്‍ സ്വാതന്ത്രയത്തിനായുള്ള രക്തസാക്ഷി എന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍ പരിപാടിയിലെ ട്രംപിന്റെ ഒരു പ്രത്യക നൃത്തമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അനുസ്മരണ വേദിയിൽ കിർക്കിന്റെ ഭാര്യ എറിക്ക കിർക്കിനൊപ്പം വേദിയിൽ നിൽക്കുമ്പോൾ ട്രംപ് ഒരു പ്രത്യേക രീതിയിൽ നൃത്തം ചെയ്തു.

കിര്‍ക്കിനെക്കുറിച്ചുള്ള ഒരു പാട്ടിനിടെയായിരുന്നു നൃത്തം. എന്നാല്‍ ഇതിനോട് ചിരിച്ചുകൊണ്ടായിരുന്നു എറിക്കയുടെ പ്രതികരണം. അതിനുശേഷം വളരെ വേഗത്തിൽ തന്നെ ട്രംപ് ഗൗരവഭാവത്തിലേക്ക് മടങ്ങുകയും ചെയ്തു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ട്രംപിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തി. എന്നാല്‍ ദു:ഖിതയായ കിര്‍ക്കിന്റെ ഭാര്യയെ ചിരിപ്പിക്കാന്‍ വേണ്ടിയാണ് ഈ നൃത്തം ചെയ്തത് എന്നാണ് ട്രംപ് അനുകൂലികളുടെ അഭിപ്രായം.   

ടേണിങ് പോയിന്റ് യുഎസ്എ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ സ്റ്റേറ്റ് ഫാം സ്റ്റേഡിയം നിറയെ ചുവപ്പ്, വെള്ള, നീല നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ച പതിനായിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. ചടങ്ങിനെത്തിയ ഇലോൺ മസ്‌ക്,  'ഇവിടെ വന്നതിൽ അഭിമാനിക്കുന്നു. എല്ലാം ചാർളി കിർക്കിന് വേണ്ടി' എന്ന്  തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഒരു കുറിപ്പും പോസ്റ്റ് ചെയ്തിരുന്നു.

സെപ്റ്റംബർ 10 ന് യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ പ്രസംഗിക്കുന്നതിനിടെയാണ് 31 കാരനായ ചാർളി കിർക്ക് കഴുത്തിൽ വെടിയേറ്റ് മരിക്കുന്നത്. ഇതിനോടകം തന്നെ കൊലപാതകവുമായി ബന്ധപ്പെട്ട് 22 കാരനായ ടൈലർ റോബിൻസണെ അധികൃതർ അറസ്റ്റ് ചെയ്തു. അരിസോണയില്‍ നടന്ന അനുസ്മരണച്ചടങ്ങില്‍ തന്റെ ഭര്‍ത്തവിന്റെ കൊലയാളിക്ക് മാപ്പ് നല്‍കുന്നു എന്നും കിര്‍ക്കിന്റെ ഭാര്യ പ്രതികരിച്ചിരുന്നു.

ENGLISH SUMMARY:

Charlie Kirk memorial service was held in Arizona, attended by prominent figures like Donald Trump and Elon Musk. The service, organized by Turning Point USA, became notable for Trump's dance during the event, which sparked social media reactions.