ആണവായുധം വഹിക്കാന്‍ ശേഷിയുള്ള അന്തര്‍വാഹിനി ഡ്രോണ്‍ വികസിപ്പിച്ചെടുത്ത് റഷ്യ. പരീക്ഷണം വിജയകരമെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളോഡിമിര്‍ പുട്ടിന്‍ പ്രഖ്യാപിച്ചു. യുദ്ധത്തിന്‍റെ രൂപവും ഭാവവും മാറ്റാന്‍ 'പൊസെയ്ഡണ്‍' സൂപ്പര്‍ ടോര്‍പിഡോയ്ക്ക് കഴിയുമെന്നാണ് സൈനിക വിദഗ്ധരുടെ വിലയിരുത്തല്‍. 'ലോകത്ത് ഇത്തരത്തിലൊരു ആയുധം തന്നെ ആദ്യമാണ്. ഇത് വികസിപ്പിച്ചെടുക്കാന്‍ മാത്രമല്ല, അന്തര്‍വാഹിനിയില്‍നിന്ന് തൊടുക്കാനും കഴിഞ്ഞു'വെന്നും പുട്ടിന്‍ അവകാശപ്പെട്ടു. വേഗതയിലും കൃത്യതയിലും പൊസെയ്ഡണിനെ മറികടക്കാന്‍ പോന്ന ഒന്നും ഇന്നേവരെ ലോകത്ത് ഉണ്ടായിട്ടില്ലെന്നും റഷ്യന്‍ പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു.
Russia's Poseidon nuclear-capable system is seen in this still image taken from an animated video released on July 19, 2018. Russian Defence Ministry/Handout via REUTERS ATTENTION EDITORS - THIS IMAGE HAS BEEN SUPPLIED BY A THIRD PARTY. NO RESALES. NO ARCHIVES. MANDATORY CREDIT.
ഗ്രീക്ക് കടല്‍ ദേവനായ പൊസെയ്ഡണിന്‍റെ പേരാണ് ആളില്ലാ സൂപ്പര്‍ടോര്‍പിഡോയ്ക്ക് നല്‍കിയിട്ടുള്ളത്. ആണവോര്‍ജത്തിലാണ് പൊസെയ്ഡണ്‍ പ്രവര്‍ത്തിക്കുന്നതും. 'ഇതുപോലെ മറ്റൊന്നുമില്ല. പൊസെയ്ഡണിനെ പ്രതിരോധിക്കാന്‍ ഒന്നിനും കഴിയില്ല' എന്നും പുട്ടിന്‍ കൂട്ടിച്ചേര്‍ത്തു. 10,000 കിലോമീറ്ററാണ് പൊസെയ്ഡണിന്‍റെ പരിധി. മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാനും റഷ്യയുടെ ഈ സൂപ്പര്‍ ടോര്‍പിഡോയ്ക്ക് കഴിയും.
സമുദ്രാന്തര്‍വാഹിനിയെന്നാണ് പറയുന്നതെങ്കിലും അന്തര്‍വാഹനിയുടെയും ഡ്രോണിന്‍റെയും കൂടിച്ചേര്‍ന്നുള്ള രൂപമാണിതിനുള്ളത്. 20 മീറ്റര്‍ നീളവും 1.8 മീറ്റര്‍ വ്യാസവും 100 ടണ്‍ ഭാരവുമാണ് അമേരിക്കയും സഖ്യകക്ഷികളും കാന്യന്‍ എന്ന് വിളിക്കുന്ന പൊസെയ്ഡണിനുള്ളത്. രണ്ട് മെഗാടണ്‍ വരെ ആണവ പോര്‍മുന വഹിക്കാന്‍ പൊസെയ്ഡണിന് ശേഷിയുണ്ട്.
ആണവോർജത്തില്‍ പ്രവര്‍ത്തിക്കുന്ന ആണവ ശേഷിയുള്ള ബ്യൂറെവെസ്റ്റ്നിക് ക്രൂയിസ് മിസൈൽ കഴിഞ്ഞ ദിവസം റഷ്യ വിജയകരമായി പരീക്ഷിച്ചിരുന്നു. ആണവോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ മിസൈലിന് പരിധിയില്ലാതെ പറക്കാൻ കഴിയുമെന്നാണ് റഷ്യയുടെ അവകാശപ്പെടുന്നത്. യുക്രെയ്ന്‍ യുദ്ധത്തില്‍ യുഎസ് പ്രസിഡന്‍റ് കടുത്ത സമ്മര്‍ദവും ഭീഷണിയും തുടരുന്നതിനിടെയാണ് ആണവശേഷിയും ആയുധക്കരുത്തും കാട്ടിയുള്ള പുട്ടിന്‍റെ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.