തന്‍റെ കാറിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത ഇന്ത്യൻ വംശജനായ ബിസിനസുകാരൻ കാനഡയില്‍ ആക്രമണത്തിൽ കൊല്ലപ്പെട്ടു. സെൻട്രൽ എഡ്മണ്ടണിലാണ് സംഭവം. അന്‍പത്തിയഞ്ചുകാരനായ അർവി സിങ് സാഗൂവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ കൈൽ പാപ്പിൻ (40) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒക്ടോബർ 19 നായിരുന്നു ആക്രമണം. ഇപിഎസ് ഹോമിസൈഡ് യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.
അർവി സിങ് സാഗൂവും പെണ്‍ സുഹൃത്തും രാത്രി ഭക്ഷണം കഴിച്ചശേഷം തിരികെ വാഹനത്തിനടുത്തെത്തിയപ്പോളാണ് ഒരാള്‍ അവരുടെ കാറിൽ മൂത്രമൊഴിക്കുന്നത് കാണുന്നത്. എന്താണ് ചെയ്യുന്നതെന്ന് അയാളോട് ആര്‍വി ചോദിച്ചു. എനിക്ക് തോന്നുന്ന എന്തും ചെയ്യുമെന്നായിരുന്നു അപരിചിതന്‍റെ മറുപടി. പിന്നാലെ ഇയാള്‍ ആര്‍വിയെ ആക്രമിക്കുകയായിരുന്നു. ആര്‍വിയുടെ പെണ്‍സുഹൃത്ത് ഉടന്‍ അടിയന്തര സഹായത്തിനുള്ള നമ്പറായ 911 ല്‍ വിളിച്ചു. സഹായത്തിനായി പാരാമെഡിക്കുകൾ എത്തിയപ്പോഴേക്കും അർവി അബോധാവസ്ഥയിലായിരുന്നു. ഗുരുതരമായി പരുക്കേറ്റ അര്‍വിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഞ്ചു ദിവങ്ങള്‍ കഴിഞ്ഞ് മരിച്ചു. കൊല്ലപ്പെട്ട ആര്‍വിയും പ്രതിയും പരിചയമുള്ളവരല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, ആര്‍വിയുടെ രണ്ട് കുട്ടികളുടെ ഭാവിക്കായി അദ്ദേഹത്തിന്‍റെ സുഹൃത്ത് വിൻസെന്റ് റാം ഒരു ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. ഈ പ്രതിസന്ധി സമയത്ത് ആര്‍വിയുടെ കുട്ടികളുടെ സുരക്ഷയും ഭാവിയും ഉറപ്പാക്കുക എന്നതാണ് ഫണ്ട് ശേഖരണത്തിന്റെ ലക്ഷ്യം. സമാഹരിക്കുന്ന തുക ആര്‍വിയുടെ സംസ്കാരചടങ്ങുകള്‍ക്കും കുട്ടികളുടെ ദൈനംദിന ജീവിതച്ചെലവുകൾക്കും ഭാവി ആവശ്യങ്ങൾക്കും ഉപയോഗിക്കുമെന്നും സുഹൃത്ത് പറഞ്ഞു.