lawerence-bishnoi-canada

Image Credit: X

കാനഡയിൽ വീണ്ടും അക്രമപരമ്പരയ്ക്ക് തുടക്കമിട്ട് ലോറൻസ് ബിഷ്ണോയും സംഘവും. വ്യവസായിയായ ദർശൻ സിങ് സഹസിയെയാണ് ഗുണ്ടാസംഘം കൊലപ്പെടുത്തിയത്. സുഹൃത്തായ പഞ്ചാബി ഗായകൻ്റെ ബ്രിട്ടീഷ് കൊളംബിയയിലെ വസതിയിൽ സൗഹൃദ സന്ദർശനം നടത്തി പുറത്തേക്കിറങ്ങവേയാണ് സംഭവം. പുറത്ത് നിർത്തിയിരുന്ന കാറിലേക്ക് സഹസി കയറിയതിന് പിന്നാലെയാണ് പുറത്ത് കാത്തുനിന്ന അക്രമി വെടിയുതിർത്തത്. ഉടൻ തന്നെ പൊലീസും മെഡിക്കൽ സംഘവും പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ജീവന് രക്ഷിക്കാൻ കഴിഞ്ഞില്ല.

സമൂഹമാധ്യമക്കുറിപ്പുകളിലൂടെയാണ് ബിഷ്ണോയ് സംഘാംഗമായ ഗോൾഡി ധില്ലൻ സഹസിൻ്റെ കൊലയുടെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ലഹരിമരുന്ന് മാഫിയത്തലവനായിരുന്നു കൊല്ലപ്പെട്ട സഹാസിയെന്നും പണമാവശ്യപ്പെട്ടപ്പോൾ നിരസിച്ചതിനാണ് കൊലപാതകമെന്നും ധില്ലന്‍ കുറിപ്പില്‍ പറയുന്നു. ബിഷ്ണോയ്  അനുയായിയായ ജഗ്ഗയെ രാജസ്ഥാന് പോലീസ് അറസ്റ്റ് ചെയ്ത് ദിവസങ്ങൾക്കുള്ളിലാണ് സഹസി കൊല്ലപ്പെട്ടത്. 

പ്രമുഖ ടെക്സ്റ്റൈൽ റീസൈക്ലിംഗ് കമ്പനിയായ കാനം ഇൻറർനാഷനലിൻ്റെ പ്രസിഡൻറായിരുന്നു സഹസി. 1991ൽ കാനഡയിലേക്ക് കുടിയേറിയ അദ്ദേഹം ചെറിയ ജോലികൾ ചെയ്തു. പിന്നാലെ കടുത്ത സാമ്പത്തിക പരാധീനതയിലുള്ള റീസൈക്ലിംഗ് ടെക്സ്റ്റൈൽ യൂണിറ്റ് അതിനെ ഏറ്റെടുത്ത് അടിമുടി മാറ്റുകയുമായിരുന്നു. ജീവകാരുണ്യ പ്രവർത്തകൻ കൂടിയായ സഹസിയുടെ മരണം പഞ്ചാബി സമൂഹത്തിനിടയിൽ വലിയ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്. സമാധാനപൂർവം ജീവിക്കുന്നവർക്ക് കൂടി അപകടം സൃഷ്ടിക്കുകയാണ് ഇത്തരം ഗുണ്ടാസംഘങ്ങളെന്നും നിയന്ത്രിച്ചില്ലെങ്കിലും കാനഡയിലുള്ള ഇന്ത്യക്കാരുടെ നില അപകടത്തിലാകുമെന്നും പലരും പ്രതികരിച്ചു. 

സഹസിയുടെ കൊലപാതകത്തിന് പിന്നാലെ പഞ്ചാബി ഗായകനായ ചന്നി നാട്ടാന്ൻ്റെ വീടിന് പുറത്ത് ബിഷ്ണോയ് സംഘം വെടിയുതിർത്തു. ചന്നിയോട് തങ്ങൾക്ക് എതിർപ്പൊന്നുമില്ലെന്നും എന്നാൽ സർദാർ ഖേരയുടെ സുഹൃത്തായതിനാൽ മുന്നറിയിപ്പ് നൽകിയതാണെന്നും ധില്ലൻ പറയുന്നു. ഖേരയെ പിന്തുണയ്ക്കുന്നവരുടെയെല്ലാം ജീവന് അപകടത്തിലാണെന്നും കുറിപ്പിൽ ധില്ലൻ വ്യക്തമാക്കുന്നു. 

ഭീകരസംഘടനയായി കാനഡ പ്രഖ്യാപിച്ച സംഘമാണ് ലോറൻസ് ബിഷ്ണോയുടേത്. ലോകത്തെങ്ങും 700ലേറെ ഷൂട്ടർമാർ ഗുണ്ടാസംഘത്തിനുണ്ടെന്നാണ് കരുതുന്നത്. റാപ്പർ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിന് പിന്നിലും സൽമാൻ ഖാനതിരായ വധഭീഷണിക്ക് പിന്നിലും ലോറൻസ് സംഘമാണ്. ഖലിസ്ഥാന് അനുകൂല സംഘം കൂടിയാണ് ലോറൻസ് ബിഷ്ണോയുടേതെന്നും റിപ്പോർട്ടുണ്ട്. 

ENGLISH SUMMARY:

Darshan Singh Sahasi murder has shocked the Indian community in Canada. The killing, claimed by the Lawrence Bishnoi gang, highlights escalating gang violence and threats to peaceful residents.