ചാവർപടയിൽ ചേരുന്ന വനിതകൾക്ക് പറുദീസ വാഗ്‌ദാനം ചെയ്ത് പാകിസ്ഥാൻ ഭീകര സംഘടന ജെയ്ഷെ മുഹമ്മദിന്റെ തലവൻ മൗലാന മസൂദ് അസർ. ഓപ്പറേഷൻ സിന്ദൂറിൽ തകർന്ന് തരിപ്പണമായ ജെയ്‌ഷെ മുഹമ്മദ് അണികളെ ശക്തിപ്പെടുത്തുന്നതിനായി ഒരു വനിതാ ഭീകര സംഘടന രൂപീകരിച്ചിരുവെന്ന് ഈ മാസം ആദ്യം റിപ്പോർട്ടുകളുണ്ടായിരുന്നു. ജമാഅത്ത്-ഉൽ-മോമിനാത്ത് എന്ന് പേരിട്ട സംഘടനയുടെ ലക്ഷ്യം വ്യക്തമാക്കുന്ന മസൂദ് അസറിന്റെ 21 മിനിറ്റ് ദൈർഘ്യമുള്ള ശബ്ദസന്ദേശവും പുത്തുവന്നിട്ടുണ്ട്.
ഇന്ത്യൻ സൈന്യത്തിലെ സ്ത്രീകളെ പ്രതിരോധിക്കാൻ വേണ്ടിയാണ് തങ്ങളുടെ പുതിയ വനിതാ ചാവേർപ്പട. ഇന്ത്യയിൽ ഹിന്ദു വനിതകളെ സൈന്യത്തിൽ ഉൾപ്പെടുത്തുന്നു. വനിതാ മാധ്യമപ്രവർത്തകരെ നമുക്കെതിരെ അണിനിരത്തുന്നു. അതിനാൽ അവരോട് പൊരുതുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അസർ സ്ത്രീകളോട് പറയുന്നു. തന്റെ സ്ത്രീകളെ അവർക്കെതിരെ മത്സരിക്കാനും പോരാടാനും സജ്ജമാക്കുമെന്നും അസർ പ്രതിജ്ഞയെടുക്കുന്നു.
വനിതാ ചാവേർപ്പടയിൽ ചേർന്നാൽ പറുദീസ ലഭിക്കുമെന്ന് വാഗ്ദാനം നൽകിയാണ് മസൂദ് സ്ത്രീകളെ ക്ഷണിക്കുന്നത്. തന്റെ ഒപ്പം കൂടുന്ന ഏതൊരു സ്ത്രീയും മരണശേഷം നേരെ സ്വർഗത്തിലേക്ക് പോകും എന്നതാണ് വാഗ്ദാനം. കമാൻഡർമാരുടെ ഭാര്യമാർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾ, കൊല്ലപ്പെട്ട തീവ്രവാദികളുടെ ബന്ധുക്കൾ എന്നിവരെയാണ് ഈ സംഘടനയിലേക്ക് ആദ്യം റിക്രൂട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയോടുള്ള പ്രതികാരമാണ് പുതിയ സംഘടനയുടെ ലക്ഷ്യം. പാകിസ്ഥാനിലെ എല്ലാ ജില്ലകളിലും ജമാഅത്ത്-ഉൽ-മോമിനാത്തിന്റെ ശാഖകൾ സ്ഥാപിക്കുമെന്നും, ഓരോന്നിനും നേതൃത്വം നൽകുന്നത് റിക്രൂട്ട്മെന്റ് ചുമതലയുള്ള ഒരു ജില്ലാ മുൻതാസിമ ആണെന്നും അസർ പറഞ്ഞു.
പുരുഷ സൈനികർക്ക് നൽകുന്ന അതേ പരിശീലനം സ്ത്രീകൾക്ക് നൽകുമെന്നും മസൂദ് അസ്ഹർ പറഞ്ഞു. ഓൺലൈൻ ക്ലാസുകളിലൂടെയാണ് ആക്രമണം നടത്താൻ പരിശീലിപ്പിക്കുന്നത്. ഇതിൻറെ പരസ്യം നൽകാൻ തുടങ്ങിയിട്ടുണ്ട്. സോഷ്യൽ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെച്ച പോസ്റ്ററുകളിൽ ഒൺലൈൻ ഇൻസ്ട്രക്ടർ ഉമ്മെ മസൂദ് ആണെന്ന് പറയുന്നു. മസൂദ് അസ്ഹറിന്റെ സഹോദരി സമൈറയാണ് ഇതെന്നും റിപ്പോർട്ടുണ്ട്.
ജെയ്‌ഷെ റിക്രൂട്ട് ചെയ്യുന്നവർക്ക് ആശയവിനിമയത്തിന് കർശനമായ നിയമങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്. ബ്രിഗേഡിൽ ചേരുന്ന സ്ത്രീകൾ അവരുടെ ഭർത്താക്കന്മാരോ അടുത്ത കുടുംബാംഗങ്ങളോ ഒഴികെ ഒരു പുരുഷന്മാരോടും ഫോണിലൂടെയോ മെസഞ്ചർ വഴിയോ സംസാരിക്കരുതെന്നാണ് നിർദേശം.