ന്യൂയോര്‍ക്കിലെ ലോങ് ഐലൻഡിൽ ഇന്ത്യൻ വംശജയായ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ദീര്‍ഘകാലമായി ഇരുവരും വേറിട്ട് താമസിക്കുകയായിരുന്നു. മുംബൈയില്‍ നിന്നുള്ള അലീന ആസിഫ് (43) ണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അലീനയുടെ ഭര്‍ത്താവ് ആസിഫ് ഖുറേഷി (53) അറസ്റ്റിലായിട്ടുണ്ട്. പാകിസ്ഥാൻ വംശജനാണെങ്കിലും ഇയാള്‍ യുഎസ് പൗരനാണ്. ദമ്പതിമാര്‍ക്ക് മൂന്ന് കുട്ടികളുമുണ്ട്.
ഒരാഴ്ച മുന്‍പാണ് ഹെറിക്‌സിലെ വീട്ടിൽ രാസവസ്തുക്കളില്‍ നിന്ന് പൊള്ളലേറ്റ നിലയില്‍ അലീന ആസിഫിന്‍റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുന്‍ ഭര്‍ത്താവാണ് പ്രതിയെന്ന് മനസിലായത്. വീട്ടിലെ സിസിടിവിയില്‍ ആസിഫ് വീട്ടിലേക്ക് ഒളിച്ചു കടക്കുന്നതും അലീനയുടെ വരവിനായി കാത്തിരിക്കുന്നതും കാണാം. കുട്ടിയെ സ്കൂളിലയച്ച് അലീന തിരിച്ചെത്തുന്നതുവരെ ആസിഫ് കാത്തിരുന്നിരുന്നു. ഇയാള്‍ മുഖംമൂടി, ഹൂഡി, കയ്യുറകൾ എന്നിവ ധരിച്ചിരുന്നു. അലിന തിരിച്ചെത്തി അല്‍പസമയത്തിനുശേഷം ഇയാള്‍ ബൈക്കില്‍ മടങ്ങുന്നതും വിഡിയോയിലുണ്ട്.
സഹോദരിയെ അമ്മ സ്കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടുവരാത്ത വിവരം വൈകിട്ടോടെ ഇവരുടെ മൂത്തമകള്‍ അടിയന്തര നമ്പരായ 911ല്‍ അറിയിച്ചു. തുടര്‍ന്നെത്തിയ പൊലീസ് സംഘമാണ് അലീന കൊല്ലപ്പെട്ട വിവരം സ്ഥിരീകരിക്കുന്നത്. അജ്ഞാതമായ ഒരു രാസവസ്തു ശ്വസിച്ചാണ് അലീനയുടെ മരണമെന്നാണ് മെഡിക്കൽ എക്‌സാമിനർ വ്യക്തമാക്കി. രാസവസ്തു ശ്വസിച്ചതിനെ തുടർന്ന് ശ്വാസംമുട്ടിയാണ് മരണം. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസ് ആസിഫിനെ തിരിച്ചറിഞ്ഞതും പിടികൂടുന്നതും.
അലീന ആസിഫുമായി വിവാഹബന്ധം വേര്‍പ്പെടുത്താന്‍ നോട്ടീസയച്ചിരുന്നു. എന്നാല്‍ ഇയാള്‍ അത് സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. അലീനയുടെ പരാതിയില്‍ ആസിഫ് മുന്‍പ് ഒരു ഗാർഹിക പീഡന കേസില്‍ അറസ്റ്റിലായിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. നാല് തവണയെങ്കിലും ആസിഫിന്‍റെ ആക്രമണങ്ങളില്‍ നിന്നു രക്ഷനേടാന്‍ അലീന പൊലീസിനെ വിളിച്ചിട്ടുണ്ട്. ആസിഫ് മകളെയും ആക്രമിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.