ഫയല്‍ ചിത്രം
14 വര്‍ഷം മുന്‍പ് ഭൂകമ്പത്തില്‍ കാണാതായ ആറുവയസുകാരിയു നാറ്റ്സുസെയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തി മാതാപിതാക്കൾക്ക് തിരികെ നൽകി. ജപ്പാനിലെ തോഹോകുവിലായാണ് സംഭവം. ഏറെ വൈകാരികവും വേദനാജനകവുമായിരുന്നു മൃതദേഹാവശിഷ്ടങ്ങള്‍ കൈമാറിയ നിമിഷമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 'വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഒടുവിൽ അവളെ ഞങ്ങൾ വീട്ടിലേക്ക് കൊണ്ടുവന്നു' എന്നാണ് പൊട്ടിക്കരഞ്ഞുകൊണ്ട് അവളുടെ കുടുംബം പറഞ്ഞത്.
2011 മാർച്ച് 11 -നാണ് ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് 9.0 തീവ്രത രേഖപ്പെടുത്തിയ തോഹോകു ഭൂകമ്പവും സുനാമിയും ആഞ്ഞടിച്ചത്. അതിശക്തമായി ആഞ്ഞടിച്ച സുനാമിയില്‍ ധാരാളം ആളുകളെ കാണാതായി. അക്കൂട്ടത്തിലൊരാളായിരുന്നു ജാപ്പനീസ് പെൺകുട്ടിയായ ആറ് വയസുകാരി നാറ്റ്സുസെ യമാന്‍. ജപ്പാനിലെ പ്രധാനപ്പെട്ട ദ്വീപായ ഹോൺഷുവിലെ ഇവാട്ടെ പ്രിഫെക്ചറിലെ യമദ പട്ടണത്തിലായിരുന്നു ഇവരുടെ വീട്. മുത്തശ്ശിയോടൊപ്പമുണ്ടായിരുന്ന നാറ്റ്സുസെയേ വീട്ടിൽ നിന്ന് സുരക്ഷാസങ്കേതത്തിലേക്കുള്ള യാത്രാമധ്യേയാണ് കാണാതായത്.
ഭൂകമ്പം ഇവിടെ വലിയൊരു തീപിടിത്തത്തിനും കാരണമായിരുന്നു. അതിനാൽ തന്നെ പട്ടണത്തിന് പുറത്തായിരുന്ന മറ്റ് കുടുംബാംഗങ്ങൾക്ക് അവരുടെ അടുത്തെത്താൻ കഴിഞ്ഞില്ല. മുത്തശ്ശി രക്ഷപ്പെട്ടെങ്കിലും അന്നത്തെ പ്രകൃതിദുരന്തത്തിൽ കാണാതായ 2500 പേരിൽ ഒരാളായി നാറ്റ്‍സുസെ മാറിയെന്ന് അമ്മ ചിയുമി പറയുന്നു.
ദുരന്തത്തിനു ശേഷം മോർച്ചറികളും ദുരിതാശ്വാസകേന്ദ്രങ്ങളിലുമടക്കം സാധ്യമായ എല്ലായിടങ്ങളിലും കുടുംബം തിരഞ്ഞെങ്കിലും നാറ്റ്സുസെയെ കണ്ടെത്താനായില്ല. ആറുമാസത്തെ അലച്ചിലിന് ശേഷവും അവളുടെ ഒരു വിവരവും കിട്ടിയില്ല. പ്രതീക്ഷ നഷ്ടപ്പെട്ട് ഒടുവില്‍ കുടുംബം തന്‍റെ മകള്‍ മരിച്ചതായി പ്രാദേശിക ഭരണകൂടത്തിന് റിപ്പോർട്ട് നൽകി.
മകള്‍ നഷ്ടപ്പെട്ടെങ്കിലും അവളുടെ എല്ലാ ജന്മദിനങ്ങളും ആഘോഷിക്കുന്നത് കുടുംബം തുടര്‍ന്നു. എല്ലാ ജൂണിലും ഒരു ജന്മദിന കേക്ക് അവൾക്കായി അവർ സമർപ്പിച്ചു. ഒട്ടും പ്രതീക്ഷിക്കാതെ ഈ മാസം അവളുടെ മാതാപിതാക്കളായ 49 -കാരി ചിയുമിയെയും ഭർത്താവ് 52 -കാരൻ ടോമോനോറി യമാനെയും തേടി ഒരു ഫോൺകോൾ വന്നു. നാറ്റ്സുസിനെ കാണാതായ സ്ഥലത്ത് നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയുള്ള മിയാഗി പ്രിഫെക്ചറിലെ മിനാമി-സാൻറികു പട്ടണത്തിൽ നിന്നായിരുന്നു ആ കോൾ. അവരുടെ മകളുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയെന്നായിരുന്നു ആ ഫോണ്‍ കോള്‍. പൊലീസ് ഡിഎൻഎ ടെസ്റ്റ് നടത്തി അത് അവരുടെ മകളായ നാറ്റ്സുസെയുടെതാണെന്ന് സ്ഥിരീകരിച്ചു. ഒടുവിൽ ഒക്ടോബർ 16 -ന് അവളുടെ അമ്മയും അച്ഛനും സഹോദരനും ചേർന്ന് അവളെ ഏറ്റുവാങ്ങി.