Instagram/mar_dosil_pilot/

TOPICS COVERED

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം വെനസ്വേലയില്‍ വിമാനം കത്തിച്ചാമ്പലായി. ചെറുവിമാനമായ പൈപ്പര്‍ PA- 31T1 ആണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരും കൊല്ലപ്പെട്ടു. വെനസ്വേലയിലെ പാരാമിലിയോ എയര്‍പോര്‍ട്ടിലായിരുന്നു അപകടം. ബുധനാഴ്ച രാവിലെ പ്രാദേശിക സമയം 9.52 ഓടെയാണ് അപകടം ഉണ്ടായത്. ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ വിമാനം അഗ്നിഗോളമായി നിലംപതിക്കുകയായിരുന്നു. റണ്‍വേയില്‍ നിന്ന് പറയുന്നയര്‍ന്നതിന് പിന്നാലെ വിമാനം വെട്ടിത്തിരിയുന്നതും നിയന്ത്രണം നഷ്ടമായി പതിക്കുന്നതും വിഡിയോയില്‍ കാണാം.

സംഭവത്തില്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിവില്‍ എയ്​റോനോട്ടിക്സ് അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട വിവരവും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. മര്‍ദ വ്യതിയാനത്തെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ടേക്ക് ഓഫിനിടെ ടയര്‍ പൊട്ടിത്തെറിച്ചോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. 

എന്നാല്‍ പൈലറ്റിന്‍റെ അതിസാഹസികതയാണ് ദുരന്തം വരുത്തിവച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനം പറന്നുയരാന്‍ ആവശ്യമായ മര്‍ദം ലഭിക്കുന്നതിന് മുന്‍പ് തന്നെ പൈലറ്റ് സാഹസത്തിന് മുതിര്‍ന്നതാണ് ലിഫ്റ്റ് നഷ്ടമാകാന്‍ ഇടയാക്കിയതെന്നും അപകടത്തില്‍ കലാശിച്ചതെന്നും നാട്ടുകാര്‍ പറയുന്നു. അപകടത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. വിമാനത്താവളത്തിന്‍റെ റണ്‍വേയില്‍ നിന്ന് പുക കുമിഞ്ഞുയരുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. 

ENGLISH SUMMARY:

Venezuela plane crash: A small Piper PA-31T1 aircraft crashed shortly after takeoff in Venezuela, resulting in two fatalities. The National Institute of Civil Aeronautics has launched an investigation into the accident at Paramillo Airport.