us-truck-accident

ദക്ഷിണ കാലിഫോർണിയയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ  സെമി ട്രക്ക് അപകടമുണ്ടാക്കിയത് അമിതമായി ലഹരി ഉപയോഗിച്ച ഇന്ത്യന്‍ അനധികൃത കുടിയേറ്റക്കാരന്‍. സാൻ ബെർണാർഡിനോ കൗണ്ടി ഫ്രീവേയിലേക്ക് ലഹരി ഉപയോഗിച്ച് വാഹനമോടിച്ച് തലങ്ങും വിലങ്ങും ഇടിച്ചുകയറിയുണ്ടായ തീപിടിത്തത്തില്‍ നാല് പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 21കാരന്‍  ജഷൻപ്രീത് സിങ്ങിനെ നരഹത്യയ്ക്ക് കേസെടുത്ത് അറസ്റ്റ് ചെയ്തതായി യുഎസ് വാർത്താ റിപ്പോർട്ടുകൾ പറയുന്നു. ഇയാള്‍ 2022ല്‍ അമേരിക്കയുടെ തെക്കന്‍ അതിര്‍ത്തി വഴി ഇന്ത്യയില്‍നിന്ന് അനധികൃതമായി കുടിയേറിയതാണെന്നും റിപ്പോര്‍ട്ടുണ്ട്. 

ലോസ് ഏഞ്ചൽസിന് കിഴക്ക് ഒന്‍റാറിയോയിലെ ഐ-15 ജംക്ഷന് സമീപം കഴിഞ്ഞദിവസം ഉച്ചയോടെയാണ് അപകടം. ലഹരിയിലായിരുന്ന സിങ്ങ് ഓടിച്ച ഫ്രൈറ്റ് ലൈനർ ട്രാക്ടർ-ട്രെയിലർ ഒരു എസ്‌യുവിയിലും മറ്റ് നിരവധി വാഹനങ്ങളിലും ഇടിക്കുകയായിരുന്നു. എട്ട് വാഹനങ്ങളില്‍ ഇടിച്ചുകയറിയതോടെ തീ ആളിപ്പടര്‍ന്ന് മറ്റ് വാഹനങ്ങളിലേക്കും വ്യാപിച്ചു. പിന്നീട് നടത്തിയ ടോക്‌സിക്കോളജി പരിശോധനയിൽ ഇയാൾ അമിതമായ ലഹരിയിലാണെന്ന് സ്ഥിരീകരിച്ചു. അപകടത്തിൽപ്പെട്ടവരിൽ ടയർ മാറ്റാൻ സഹായിച്ച് റോഡരികില്‍ നിന്നിരുന്ന മെക്കാനിക്കുമുണ്ട്.

അപകടത്തിന് ഇരയായ ഒരാൾ അപ്‌ലാൻഡിൽ നിന്നുള്ള 54 കാരനാണെന്ന് പോലീസ് പറഞ്ഞു. മറ്റ് രണ്ട് പേരുടെ തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞിരുന്നു. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ സ്ഥിരീകരിക്കാനായിട്ടില്ല. അപകടത്തെത്തുടര്‍ന്ന് ഐ-10 ഫ്രീവേ മണിക്കൂറുകളോളം അടച്ചുപൂട്ടി. തുടര്‍ന്ന് എമർജൻസി ഉദ്യോഗസ്ഥർ അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത ശേഷം രാത്രിയോടെ വീണ്ടും തുറന്നു. അപകടം വരുത്തിച്ച സിങ്ങിന്  കൊമേഴ്‌സ്യൽ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടോയെന്ന് അധികൃതർ പരിശോധിക്കുന്നുണ്ട്.  യുഎസില്‍ അനധികൃതമായി എത്തിയിട്ടും ട്രക്ക് ഡ്രൈവറായി ജോലി ചെയ്യാൻ കഴിഞ്ഞത് എങ്ങനെയെന്നും  ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്.

ENGLISH SUMMARY:

California truck accident involved a DUI driver and resulted in multiple fatalities. The incident is under investigation, focusing on the driver's immigration status and commercial driving license