യുക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിലെ ഒരു കിന്‍ഡര്‍ഗാര്‍ട്ടണില്‍ റഷ്യൻ ഡ്രോൺ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ ഒരാൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രെയിന്‍ പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന്‍റെ വിഡിയോ യുക്രെയിനിന്‍റെ വിദേശകാര്യ മന്ത്രാലയം പങ്കിട്ടിട്ടുണ്ട്. രക്ഷാപ്രവർത്തകരും പൊലീസും കരയുന്ന കുട്ടികളെ കെട്ടിടത്തിന് പുറത്തെത്തിക്കാന്‍ ഓടുന്നത് ദൃശ്യങ്ങളിലുണ്ട്.
കിന്‍ഡര്‍ഗാര്‍ട്ടണില്‍ നിന്നും 50 കുട്ടികളെ ഒഴിപ്പിച്ചതായി മന്ത്രാലയം അറിയിച്ചു. ‘എല്ലാ കുട്ടികളെയും ഒഴിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ അവരെല്ലാം ഷെൽട്ടറുകളിലാണ്. ഏഴ് പേർക്ക് പരിക്കേറ്റു, അവര്‍ ചികില്‍സയിലാണ്. സമാധാനപരമായ ഒരു പരിഹാരം ആഗ്രഹിക്കുന്ന എല്ലാവരുടെയും മുഖത്ത് റഷ്യ തുപ്പുന്നതാണ് നമ്മള്‍ കണ്ടത്’ സെലന്‍സ്കി എക്സില്‍ കുറിച്ചു. ‘ഒരു കിന്‍ഡര്‍ഗാര്‍ട്ടണില്‍ ഡ്രോൺ ആക്രമണം നടത്തുന്നതിന് ഒരു ന്യായീകരണവുമില്ല, ഒരിക്കലും അങ്ങനെ സംഭവിക്കാന്‍ പാടില്ല. റഷ്യ കൂടുതൽ ധിക്കാരം കാണിക്കുകയാണ്’ ആക്രമണത്തെ അപലപിച്ച് സെലന്‍സ്കി കുറിച്ചു.
ബുഡാപെസ്റ്റിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായുള്ള ഉച്ചകോടി മാറ്റിവച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണം ഉണ്ടായത്. വെടിനിർത്തൽ ആവശ്യം റഷ്യ നിരസിച്ചതിനെത്തുടർന്നായിരുന്നു ഉച്ചകോടി മാറ്റിവച്ചത്. ‘പാഴായ കൂടിക്കാഴ്ച’ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു സംഭവത്തില്‍ ട്രംപിന്‍റെ പ്രതികരണം. എന്നിരുന്നാലും, ഉച്ചകോടിക്കുള്ള ഒരുക്കങ്ങൾ ഇപ്പോഴും തുടരുകയാണെന്നാണ് റഷ്യന്‍ വക്താക്കള്‍ പറയുന്നത്.
യുക്രെയ്‌നിന്റെ തലസ്ഥാനത്തും പരിസര പ്രദേശങ്ങളിലും രാത്രിയിൽ നടന്ന തുടർച്ചയായ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഖാർകിവിലെ ഡ്രോൺ ആക്രമണം. കൈവിൽ, ഡ്രോൺ അപ്പാർട്ട്മെന്റില്‍ ഇടിച്ചുകയറി 60 വയസ്സുള്ള ഭർത്താവും ഭാര്യയും കൊല്ലപ്പെട്ടിരുന്നു. മാത്രമല്ല, റഷ്യൻ ആക്രമണത്തെത്തുടർന്ന് കൈവിനടുത്തുള്ള ഗ്രാമത്തില്‍ വീടിന് തീപിടിച്ച് 36 വയസ്സുള്ള സ്ത്രീയും, അവരുടെ ആറ് മാസം പ്രായമുള്ള കുഞ്ഞും, 12 വയസ്സുള്ള ഒരു പെൺകുട്ടിയും ഉൾപ്പെടെ നാല് പേർ മരിക്കുകയും ചെയ്തിരുന്നു.