സ്ത്രീകള്‍ക്കായി പ്രത്യേക സംഘടന രൂപീകരിച്ചതിന് പിന്നാലെ ഓൺലൈൻ പരിശീലന കോഴ്‌സുമായി പാക് ഭീകരസംഘടന ജെയ്ഷെ മുഹമ്മദ്. ഫണ്ട് ശേഖരണത്തിന്‍റെയും റിക്രൂട്ട്‌മെന്റിന്‍റെയും ഭാഗമായാണ് അൽ-മുമിനത്ത് എന്ന പേരിൽ ഓണ്‍ലൈന്‍ കോഴ്സ് ആരംഭിച്ചത്. ഈ കോഴ്‌സിന്റെ ഭാഗമായി ജെയ്ഷെ നേതാക്കളുടെ കുടുംബാംഗങ്ങളായ വനിതകള്‍ അവരുടെ 'കടമകളെക്കുറിച്ച്' സ്ത്രീകള്‍ക്ക് ഓണ്‍ലൈനായി ക്ലാസെടുക്കും. ജെയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്ഹറിന്റെയും ഇയാളുടെ കമാൻഡർമാരുടെയും ബന്ധുക്കളാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
മസൂദ് അസ്ഹറിന്റെ രണ്ട് സഹോദരിമാരായ സാദിയ അസ്ഹറും സമൈറ അസ്ഹറുമാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇവരുടെ ദിവസവും 40 മിനിറ്റ് നീണ്ടുനിൽക്കുന്ന പ്രഭാഷണങ്ങളുമുണ്ടാകും. ഈ ക്ലാസുകള്‍ സ്ത്രീകളെ 'ജമാഅത്തുൽ മുഅമിനാത്ത്’ ചേരാന്‍ പ്രോത്സാഹിപ്പിക്കും. കഴിഞ്ഞ മാസം ബഹാവൽപൂരിലെ മർകസ് ഉസ്മാൻ ഒ അലിയിൽ നടന്ന പൊതുപ്രഭാഷണത്തില്‍ ഈ 'കോഴ്‌സിൽ' ചേരുന്ന ഓരോ സ്ത്രീയിൽ നിന്നും ജെയ്ഷെ മുഹമ്മദ് 500 പാക്കിസ്ഥാൻ രൂപ (156 ഇന്ത്യൻ രൂപ) ഈടാക്കുകയും അവരെക്കൊണ്ട് ഓൺലൈൻ ഫോം പൂരിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഓൺലൈനായി നടത്തുന്ന റിക്രൂട്ട്‌മെന്റ് ഡ്രൈവ് നവംബർ 8 ന് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
സ്ത്രീകള്‍ക്കായി സംഘടന
ഒക്ടോബർ 8 നാണ് ജെയ്ഷെ മുഹമ്മദ് സ്ത്രീകള്‍ക്കായി പ്രത്യേക സംഘടന പ്രഖ്യാപിച്ചത്. 'ജമാഅത്തുൽ മുഅമിനാത്ത്’എന്നാണ് സംഘടനയുടെ പേര്. മസൂദ് അസ്ഹറിന്റെ സഹോദരി സദിയ അസ്ഹറാണ് വനിതാ വിഭാഗത്തിനു നേതൃത്വം നൽകുക. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മസൂദ് അസ്ഹറിന്‍റെ കുടുംബാംഗങ്ങളിൽ ഒരാളാണ് സാദിയയുടെ ഭർത്താവ് യൂസഫ് അസ്ഹർ. സദിയ അസ്ഹറിനെ കൂടാതെ പഹൽഗാം ആക്രമണകാരികളിൽ ഒരാളായ ഉമർ ഫാറൂഖിന്റെ ഭാര്യ അഫ്രീർ ഫാറൂഖും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
ജെയ്ഷെ അംഗങ്ങളുടെ ഭാര്യമാരെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവതികളെയും സംഘടനയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം. ഇന്ത്യയിലുൾപ്പെടെ വേരുറപ്പിക്കാന്‍ 'ജമാഅത്തുൽ മുഅമിനാത്തിന്' പദ്ധതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. നേരിട്ടുളള ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പകരം സമൂഹമാധ്യമങ്ങളിലൂടെയും മറ്റുമുളള ഇടപെടലുകളാണ് 'ജമാഅത്തുൽ മുഅമിനാത്ത്’ലക്ഷ്യം വയ്ക്കുന്നത്.
സായുധ ദൗത്യങ്ങളിലോ യുദ്ധ ദൗത്യങ്ങളിലോ പങ്കെടുക്കുന്നതിൽ നിന്ന് ജെയ്ഷെ മുഹമ്മദ് നേരത്തെ സ്ത്രീകളെ വിലക്കിയിരുന്നു. എന്നാല്‍ ഓപ്പറേഷന്‍ സിന്ദൂറിലൂടെ സംഘടനയ്ക്കുണ്ടായ കനത്ത തിരിച്ചടി പുതിയ സംഘടനയുടെ പിറവിക്ക് കാരണമായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബർ 19 ന് പാക് അധിനിവേശ കശ്മീരിൽ, സ്ത്രീകളെ സംഘടനയിലേക്ക് കൊണ്ടുവരാൻ 'ദുഖ്തരൻ-ഇ-ഇസ്‌ലാം' എന്ന പേരിൽ ഒരു പരിപാടി നടന്നതയും റിപ്പോര്‍ട്ടുണ്ട്.